‘എല്ലാം എന്റെ മക്കൾ’: ഏഴ് ബംഗാൾ കടുവകളെ വീട്ടിൽ വളർത്തിയ 71കാരൻ പിടിയിൽ

Mail This Article
ലൈസൻസില്ലാതെ ഏഴ് ബംഗാൾ കടുവകളെ വളർത്തിയ 71കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ നെവാഡയിലുള്ള കാൾ മൈക്കിളിനെയാണ് പൊലീസ് പിടികൂടിയത്. കടുവകളെ വളർത്തുന്ന വിവരം നേരത്തെ അറിയാമെങ്കിലും കഴിഞ്ഞ രണ്ടുവർഷമായി അദ്ദേഹം നിയമം ലഘിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിനെ ചെറുക്കുകയും തോക്ക് കൈവശംവയ്ക്കുകയും ചെയ്തതിനാണ് അറസ്റ്റെന്ന് രേഖയിൽ പറയുന്നു.
കടുവകളെയും കൊണ്ട് മൈക്കിൾ വീടിനടുത്തുള്ള മരുഭൂമിയിൽ നടക്കാൻ പോകുമായിരുന്നു. കൂടാതെ അയൽവാസികളുമായി കടുവകളെ ഇടപഴകാനും അനുവദിക്കുമായിരുന്നു. ഈ കാഴ്ചകൾ മൈക്കിൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നതായി പൊലീസ് അറിയിച്ചു. പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ മൈക്കിൾ വാതിൽ തുറക്കാൻ തയാറായില്ല. ഒടുവിൽ സ്വാറ്റ് സംഘമെത്തിയാണ് കടുവകളെ പിടികൂടിയത്.
താൻ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോർഡർ രോഗിയാണെന്നും വൈകാരിക പിന്തുണ നൽകുന്ന കടുവകളെപ്പോലുള്ള മൃഗങ്ങളെ വളർത്താൻ വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ ഒരു ഡോക്ടർ തനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മൈക്കിൾ പറഞ്ഞു. കടുവകളുടെ സാന്നിധ്യം സമാധാനം നൽകുന്നുണ്ടെന്നും അവർ തന്റെ മക്കളാണെന്നും മൈക്കിൾ അവകാശപ്പെടുന്നു.