(Translated by https://www.hiragana.jp/)
ദേവയാനി (ശുക്രപുത്രി) - വിക്കിപീഡിയ
ദേവയാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവയാനി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവയാനി (വിവക്ഷകൾ)

അസുരഗുരുവായിരുന്ന ശുക്രാചാര്യർക്ക് ഊർജ്ജസ്വതിയിൽ ജനിച്ച പുത്രിയാണ് ദേവയാനി. ചന്ദ്രവംശരാജാവായിരുന്ന യയാതിയെ ദേവയാനി വിവാഹം കഴിക്കുകയും അതിൽ രണ്ടു സന്താനങ്ങൾ ജനിച്ചതായും പുരാണങ്ങൾ ഘോഷിക്കുന്നു. യയാതിയിൽ ജനിച്ച പുത്രന്മാരാണ് യദുവും, തുർവ്വസുവും.

പിതാവായ ശുക്രമഹർഷി

ജനനവും ബാല്യവും

തിരുത്തുക

സ്വായംഭൂവ മനുവിന്റെ പുത്രനായ പ്രിയംവ്രതന്റെ ഏക പുത്രിയായ ഊർജ്ജസ്വതിയെ അസുരമഹർഷിയായ ശുക്രമഹർഷിക്കു വിവാഹം ചെയ്തുകൊടുത്തു. ഊർജ്ജസ്വതിയിൽ ശുക്രാചാര്യർക്കു ജനിച്ച ഏക പുത്രിയാണ് ദേവയാനി. ദേവയാനിയുടെ ബാല്യകാലത്ത് അസുരവംശരാജാവ് വൃഷപർവ്വാവായിരുന്നു. അദ്ദേഹത്തിന്റെ ഏക പുത്രിയായിരുന്ന ശർമ്മിഷ്തയും ദേവയാനിയും ഉറ്റ സുഹൃത്തുകളുമായിരുന്നു. തന്റെ ബാല്യകാലം മുഴുവനും ശർമ്മിഷ്ഠക്കൊപ്പമായിരുന്നു ദേവയാനി കഴിച്ചുകൂട്ടിയിരുന്നത്.[1]

മൃതസഞ്ജിവനിമന്ത്രവും കചന്റെ ആൾമാറാട്ടം

തിരുത്തുക

ദേവാസുരയുദ്ധത്തിൽ മരിച്ചു വീഴുന്ന അസുരന്മാരെ കുലഗുരുവായിരുന്ന ശുക്രാചാര്യർ തനിക്കു മാത്രമറിയാമായിരുന്ന മൃതസഞ്ജീവനിമന്ത്രം ഉപയോഗിച്ച് ജീവിപ്പിക്കുകയും അവർ പതിന്മടങ്ങ് ആരോഗ്യവാന്മാരായി തിരിച്ചുവരികയും ചെയ്തു. ഇതിനു പരിഹാരമായി ദേവഗുരുവായ ബൃഹസ്പതി തന്റെ പുത്രനായ കചനെ മൃതസഞ്ജിവനിമന്ത്രം പഠിച്ചെടുക്കാനായി ശുക്രാശ്രമത്തിലേക്ക് അയക്കുകയും കചൻ വേഷം മാറി ശ്രുക്രന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിൽ കഴിച്ചുകൂട്ടി.

ശാപവും മറുശാപവും

തിരുത്തുക

മൃതസഞ്ജീവനിവിദ്യ അഭ്യസിക്കാൻ എത്തിച്ചേർന്ന കചനുമായി ദേവയാനി അനുരാഗബദ്ധയാകുകയും, പലപ്പോഴും കചനെ അസുരന്മാരിൽനിന്നും രക്ഷിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. പക്ഷേ മൃതസഞ്ജീവനി അഭ്യസിച്ചശേഷം കചൻ ദേവയാനിയെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ദേവലോകത്തേക്കു പോകാനൊരുങ്ങുകയും ചെയ്തപ്പോൾ 'കചന്റെ വിദ്യ ഫലിക്കാതിരിക്കട്ടെ' എന്ന് ദേവയാനി ശപിക്കുന്നു. കചനാകട്ടെ, ദേവയാനിയെ 'ദേവവർഗത്തിലാരും വേൾക്കാതിരിക്കട്ടെ' എന്ന് മറുശാപവും നല്കി പോകുന്നു.

വൃഷപർവ്വാവിന്റെ കൊട്ടാരം

തിരുത്തുക

അസുര രാജാവായ വൃഷപർവാവിന്റെ പുത്രി ശർമിഷ്ഠയുടെ പ്രിയതോഴിയായിരുന്നു ദേവയാനി. ഇവർ രണ്ടുപേരുംകൂടി തോഴിമാരുമൊന്നിച്ച് ഒരിക്കൽ കാട്ടരുവിയിൽ കുളിക്കുമ്പോൾ ഇന്ദ്രൻ ആ വഴിക്ക് വരികയും നയനാനന്ദകരമായ നീരാട്ട് കണ്ടുരസിക്കാനായി ഒരു കാറ്റിന്റെ രൂപത്തിൽ വന്ന് കരയ്ക്കു വച്ചിരുന്ന അവരുടെ വസ്ത്രങ്ങൾ പറപ്പിക്കുകയും ചെയ്തു. ഇതുകണ്ട കന്യകമാർ ഓടിയെത്തി കൈയിൽ കിട്ടിയ വസ്ത്രങ്ങൾ എടുത്തു ധരിച്ചു. ദേവയാനി ശർമ്മിഷ്ഠയുടെ വസ്ത്രമായിരുന്നു ധരിച്ചത്, പുറകേ ഓടിയെത്തിയ രാജപുത്രിയായ ശർമിഷ്ഠയ്ക്കു ആശ്രമവാസിയായ ദേവയാനി തന്റെ വസ്ത്രമെടുത്ത് ധരിച്ചത് ഇഷ്ടപ്പെടാതെ വരികയും തുടർന്നുണ്ടായ വാക്കേറ്റത്തിൽ ശുക്രാചാര്യരെ കണക്കിലധികം അധിക്ഷേപിക്കുകയും ദേവയാനിയെ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു. ആ സമയം അതുവഴി വന്ന ചന്ദ്രവംശ യുവരാജാവായ യയാതി ദേവയാനിയെ രക്ഷിക്കുന്നു. ദേവയാനിയാകട്ടെ പിതാവിനെയും തന്നെയും കണക്കറ്റ് ഭർത്സിച്ച ശർമിഷ്ഠയുടെ കൊട്ടാരത്തിലേക്ക് ഇനി മടങ്ങിച്ചെല്ലുകയില്ലെന്ന് ശാഠ്യം പിടിക്കുകയും, ഒടുവിൽ ശുക്രാചാര്യരുടെ ശാപം ഭയന്ന വൃഷപർവാവ് ദേവയാനിയുടെ എല്ലാ ആവശ്യങ്ങൾക്കു മുന്നിലും വഴങ്ങുകയും ശർമിഷ്ഠയെയും ആയിരം ദാസിമാരെയും ദേവയാനിയുടെ ദാസിമാരായി നല്കാമെന്നുള്ള വ്യവസ്ഥയിൽ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

യയാതി പരിണയം

തിരുത്തുക

നഗ്നയായി കിണറ്റിൽ കിടന്ന ദേവയാനിക്ക് യയാതി പുടവകൊടുത്ത് രക്ഷിക്ക കാരണം തുടർന്ന് വിവാഹം കഴിക്കുകയും ദേവയാനിയുടെ വാശിമൂലം ശർമിഷ്ഠയെ ദാസിയാക്കിയാണ് ദേവയാനി ഭർത്തൃഗൃഹത്തിലേക്ക് പോകുന്നത്. പോകുമ്പോൾ യാതൊരു കാരണവശാലും ശർമിഷ്ഠയെ സ്പർശിക്കാനിടയാകരുതെന്ന് യയാതിക്ക് ശുക്രാചാര്യൻ ആജ്ഞ നല്കിയാണ് വിടുന്നത്. [2]

യയാതിക്ക് ശർമ്മിഷ്ഠയിലെ പുത്രന്മാർ

തിരുത്തുക

വാക്ചതുരയായ ശർമിഷ്ഠ രാജാവിനെ വശീകരിച്ച് തന്റെ വാസസ്ഥലത്തെത്തിക്കുകയും യയാതിയിൽ ശർമിഷ്ഠയ്ക്ക് മൂന്ന് പുത്രന്മാർ ജനിക്കുകയും ചെയ്യുന്നു. ഒരിക്കൽ യയാതിയും ദേവയാനിയും കൂടി ഉദ്യാനത്തിൽ നടക്കുമ്പോൾ ശർമിഷ്ഠയുടെ പുത്രന്മാരെ ദർശിക്കാനിടയായ ദേവയാനി, രാജാവിനും അവർക്കും തമ്മിലുള്ള അനിഷേധ്യമായ രൂപസാദൃശ്യം ശ്രദ്ധിക്കാനിടവരികയും കുട്ടികളോട് പിതാവാരാണെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. യയാതി മഹാരാജാവാണെന്നായിരുന്നു അവരുടെ മറുപടി. കുപിതയായ ദേവയാനി, ശുക്രാചാര്യാശ്രമത്തിലേക്ക് തിരിച്ചുപോകുകയും ചെയ്യുന്നു.

ശുക്രന്റെ ശാപവും, അനന്തരഫലങ്ങളും

തിരുത്തുക

ശുക്രാചാര്യരോട് കഥകൾ എല്ലാം ദേവയാനി പറയുകയും, തന്റെ ദിവ്യദൃഷ്ടിയിൽ രാജാവിന്റെ കള്ളത്തരങ്ങൾ മനസ്സിലാക്കിയ ശുക്രാചാര്യൻ യയാതിയെ 'ജരാനരകൾ ബാധിക്കട്ടെ' എന്ന് ഉഗ്രമായി ശപിക്കുന്നു. രാജാവ് ശാപമോക്ഷം യാചിച്ചെങ്കിലും ജരാനരകൾ ആർക്കെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണെന്ന ശാപമോക്ഷം നല്കാനേ മുനി തയ്യാറായുള്ളൂ. ഒടുവിൽ ശർമിഷ്ഠയുടെ ഇളയ പുത്രൻ പുരുവാണ് അച്ഛന്റെ ജരാനരകൾ ഏറ്റെടുത്ത് തന്റെ യൌവനം പിതാവിന് നല്കിയത്. [3]


അതിരുകവിഞ്ഞ പിതൃവാത്സല്യം മൂലം ദുശ്ശാഠ്യക്കാരിയായി മാറിയ ബ്രാഹ്മണസുന്ദരിയാണ് ദേവയാനി. കചനെ പ്രേമിച്ചിട്ടും പ്രേമസാഫല്യം നേടാനാവാത്ത ദേവയാനി സ്വസാമർഥ്യത്താൽ ചന്ദ്രവംശത്തിന്റെ മഹാറാണിയാവുകയും, രാജപുത്രിയും സുഹൃത്തോഴിയുമായിരുന്ന ശർമിഷ്ഠയെ തന്റെ ദാസിയാക്കി പ്രതികാരം വീട്ടുകയും ചെയ്യുന്നു. ധിക്കാരിയും പിടിവാശിക്കാരിയുമായിരുന്ന ദേവയാനി ഭാരതീയ സ്ത്രീത്വത്തിന്റെ മറ്റൊരു മുഖം അനുവാചകന് കാട്ടിത്തരുന്നു.

ദേവയാനിയുടെ മറ്റുപേരുകൾ

തിരുത്തുക
  1. സംഭവ പർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  2. Rajagopalachari, Chakravarthy(2005). Mahabharata.Bharatiya Vidhya Bhavan. ISBN 81-7276-368-9
  3. സംഭവ പർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  4. മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=ദേവയാനി_(ശുക്രപുത്രി)&oldid=3137853" എന്ന താളിൽനിന്ന് ശേഖരിച്ചത്