ഉച്ചേലി
മന്ത്രമൂർത്തി ആയി കെട്ടിയാടുന്ന ഒരു തെയ്യമാണ് ഉച്ചേലി . ആഭിചാരം , മൃഗബലി തുടങ്ങിയ ചടങ്ങുകൾ ഉള്ളതിനാൽ രഹസ്യമായും അപൂർവമായും മാത്രമേ ഉച്ചേലി തെയ്യം കെട്ടിയാടാറുള്ളൂ.
നിരുക്തം
ഉച്ച സമയത്തെ ബലി ആണ് ഉച്ചേലി ആയത്. പേര് സൂചിപ്പിക്കുന്നത് പോലെ ഉച്ച നേരത്തായാണ് ഈ തെയ്യം കെട്ടിയാടുക.
ചടങ്ങുകൾ
വെറ്റില ,അടയ്ക്ക ,ഉണങ്ങലരി,ചുവന്ന മുളക് തുടങ്ങിയവയാണ് ഉച്ചേലി തെയ്യത്തിന്റെ നിവേദ്യങ്ങൾ. തെയ്യാട്ടം തുടങ്ങുന്നതിനു മുന്നേ മണ്ണിൽ ഒരു ചെറിയ കുഴി ഉണ്ടാക്കിയ ശേഷം അതിനുള്ളിൽ ഒരു കോഴിയെ ജീവനോടെ വച്ച് , അതിനു മുകളിൽ വാഴയുടെ തണ്ടുകളും മണ്ണും ഇട്ടു കുഴി മൂടുന്നു. അതിനു മുകളിൽ ചന്ദന മര തണ്ടുകൾ കൊണ്ട് ചെറിയ ഹോമകുണ്ഡം ഉണ്ടാക്കുന്നു.
ഹോമ കുണ്ഡത്തിനു സമീപം , തെയ്യം കെട്ടുന്ന തറവാട്ടിലെ കാരണവർ കോലധാരിയോടും , മേൽ നോട്ടക്കാരനായ പണിക്കാരോടും കൂടെ ഇരിക്കുന്നു. കാരണവർ തന്റെ ശത്രുവിനെ സങ്കല്പിച്ചു കൊണ്ട് ഒരു ചെറിയ ആൾ രൂപത്തിൽ ആണികളും നൂലും ബന്ധിക്കുന്നു. ശേഷം പ്രസ്തുത രൂപത്തെ വെട്ടി മുറിക്കുന്നു. ഇത് ഒരു ആഭിചാര ചടങ്ങാണ്.
ആഭിചാരം കഴിഞ്ഞ ശേഷം വേറൊരു പൂവൻ കോഴിയെ ബലി കൊടുക്കുന്നു. പിന്നീട് ഹോമകുണ്ഡം മുഴുവൻ കത്തിക്കുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞു , ഹോമ കുണ്ഡത്തിനു അടിയിൽ കുഴിച്ചിട്ട കോഴിയെ പുറത്ത് എടുക്കുന്നു. ഈ കോഴി ജീവനോടെ ഉണ്ടങ്കിൽ ചടങ്ങുകൾ എല്ലാം ശുഭ സൂചകം എന്ന് വിശ്വസിക്കപ്പെടുന്നു. ഈ കോഴിയെ ബലി കൊടുക്കാറില്ല. പിന്നീട് കുരുത്തോല ധരിച്ച കോലക്കാരൻ തെയ്യാട്ടം തുടങ്ങുന്നു.
വേഷം
കണ്ണെഴുത്തും കിരീടവും മാത്രമാണ് ഈ തെയ്യത്തിന്റെ മുഖത്തെഴുത്ത്. കുരുത്തോല കൊണ്ടുള്ള ആട അരയിൽ ധരിക്കുന്നു. കയ്യിൽ വാൾ അല്ലെങ്കിൽ പിച്ചാത്തി ഉണ്ടായിരിക്കും.
കോലധാരി
മലയർ ആണ് ഈ തെയ്യം കെട്ടു നടത്തുക.