കുരുക്ഷേത്രയുദ്ധം
കുരുക്ഷേത്രയുദ്ധം (മഹാഭാരതയുദ്ധം) | |||||||
---|---|---|---|---|---|---|---|
കുരുക്ഷേത്രയുദ്ധഭൂമി:ചിത്രകാരന്റെ ഭാവനയിൽ | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
പാണ്ഡവർ വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ[൧] | കൗരവർ ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം[൧] | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ധൃഷ്ടദ്യുമ്നൻ | ഭീഷ്മർ ദ്രോണർ കർണ്ണൻ ശല്യർ അശ്വത്ഥാമാവ് | ||||||
ശക്തി | |||||||
7 അക്ഷൗഹിണികൾ ആന= 153,090 രഥം= 153,090 കുതിര= 459,270 കാലാൾ= 765,450 (1,530,900 സൈന്യം) | 11 അക്ഷൗഹിണികൾ ആന= 240,570 രഥം= 240,570 കുതിര= 721,710 കാലാൾ=1,202,850 (2,405,700 സൈന്യം) | ||||||
നാശനഷ്ടങ്ങൾ | |||||||
എട്ടുപേർ ഒഴിച്ച് എല്ലാവരും (പഞ്ചപാണ്ഡവർ, ശ്രീകൃഷ്ണൻ, സാത്യകി, യുയുത്സു) | നാലുപേർ ഒഴിച്ച് എല്ലാവരും (അശ്വത്ഥാമാവ്, കൃപർ, കൃതവർമ്മാവ്, വൃഷകേതു) |
ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തിൽ വർണിച്ചിരിക്കുന്ന യുദ്ധമാണ് കുരുക്ഷേത്രയുദ്ധം. ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ് ധൃതരാഷ്ട്രരുടെ പുത്രന്മാരും (കൗരവർ), അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവിന്റെ പുത്രന്മാരും (പാണ്ഡവർ) മുഖ്യ എതിരാളികളായി യുദ്ധം ചെയ്തു. ഇപ്പോഴുള്ള ഹരിയാനയിലെ കുരുക്ഷേത്ര എന്ന സ്ഥലത്തുവെച്ചു നടന്നതിനാൽ കുരുക്ഷേത്രയുദ്ധം എന്നറിയപ്പെട്ടു.[3]. ഇതിഹാസത്തിൽ കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസങ്ങൾ നീണ്ടു നിന്നതായി പറയുന്നു. യുദ്ധത്തിൽ ഇരുപക്ഷത്തുമായി പതിനെട്ട് അക്ഷൗഹിണികൾ പങ്കെടുത്തു നാമാവശേഷമായി. പാണ്ഡവപക്ഷത്ത് ഏഴ് അക്ഷൗഹിണി പടസമൂഹങ്ങൾക്ക് സർവ്വസേനാധിപതിയായി പാഞ്ചാല രാജകുമാരനായ ധൃഷ്ടദ്യുമ്നനും, കൗരവരുടെ പതിനൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസേനാധിപതിയായി ഭീഷ്മരും യുദ്ധം നയിച്ചു. ഒരാൾ അഗ്നിയിൽ നിന്നും, മറ്റൊരാൾ ജലത്തിൽ നിന്നും ജനിച്ചവരായിരുന്നു എന്നാണ് സങ്കല്പം. ഭീഷ്മർ മഹാഭാരതയുദ്ധത്തിൽ ആദ്യ പത്തു ദിവസങ്ങൾ സർവ്വസേനാധിപതിയായും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായ ദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെ സർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയും കൗരവർക്കുവേണ്ടി യുദ്ധം നയിച്ചു.
ചരിത്രരേഖകൾ
[തിരുത്തുക]വ്യാസരചിതമായ മഹാഭാരതത്തിലെ പ്രധാന പ്രതിപാദ്യവിഷയമായ കുരുക്ഷേത്ര യുദ്ധം നടന്ന കാലഘട്ടത്തെക്കുറിച്ച് പല ചരിത്രകാരന്മാരും വിവിധ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. പ്രസിദ്ധ ചരിത്രകാരനായ ബ്രിട്ടീഷ് വംശജൻ ആർതർ ലെവലിൻ ബാഷത്തിന്റെ (1914-1985) അഭിപ്രായമനുസരിച്ച് കുരുക്ഷേത്രയുദ്ധം നടന്നത് അയോയുഗത്തിൽ ബി.സി. 10-ആം നൂറ്റാണ്ടിലാണ്.[4]. മറ്റൊരു ചരിത്രകാരനും ഹാർവാഡ് സർവ്വകലാശാലയിലെ പ്രസിദ്ധ സംസ്കൃത പണ്ഡിതനുമായ ഡച്ച് വംശജൻ മൈക്കിൾ വിറ്റ്സെലിന്റെ അഭിപ്രായത്തിൽ യുദ്ധം നടന്നത് വേദകാലഘട്ടത്തിൽ അയോയുഗത്തിൽ ബി.സി. 1200 - ബി.സി. 800നും ഇടയ്ക്കാണ്.[5]. മഹാഭാരതയുദ്ധത്തിനുശേഷം 36 വർഷങ്ങൾ കഴിഞ്ഞ് കലിയുഗം ആരംഭിച്ചുവെന്നാണു് മഹാഭാരതത്തിലെ ഐതിഹ്യം [6]. ക്രി.വർഷം 476-ൽ ജനിച്ച പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്ന ആര്യഭട്ടന്റെ നിഗമനത്തിൽ കലിയുഗം ആരംഭിച്ചിട്ട് ക്രി.വർഷം 2000-ൽ 5102 വർഷങ്ങൾ കഴിഞ്ഞു. അദ്ദേഹം പറയുന്നതിങ്ങനെ; "കലിവർഷം 3601-ൽ 23 വയസ്സ് പ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. അതനുസരിച്ച് ബി.സി. 3139-ലാണ് കുരുക്ഷേത്രയുദ്ധം നടന്നത്.[7] ജർമൻ തത്ത്വശാസ്ത്രജൻ ഫെഡ്റിക് മാക്സ് മുള്ളറിന്റെ (1823-1900) അഭിപ്രായത്തിൽ ഋഗ്വേദസംഹിതകളുടെ രചന നടന്നതും വേദ കാലഘട്ടത്തിൽ ബി.സി. 1700 - ബി.സി. 1100 കളിലാണെന്ന് അവകാശപ്പെടുന്നു [8][9].
മഹാഭാരതം (കാവ്യം)
[തിരുത്തുക]കുരുക്ഷേത്രയുദ്ധം പ്രതിപാദിച്ചിരിക്കുന്നത് ഇന്ത്യയിലെ ഇതിഹാസങ്ങളിൽ ഒന്നായ വ്യാസരചിതമായ മഹാഭാരതത്തിലെ ആറു മുതൽ പത്തുവരെയുള്ള പർവ്വങ്ങളിലായാണ് [10]. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 3800 വർഷം മുൻപാണ് വ്യാസൻ ജീവിച്ചിരുന്നത്. തന്റെ പുത്രന്മാരുടേയും പൗത്രന്മാരുടേയും അവരുടെ പുത്രന്മാരുടേയും ബന്ധുജനങ്ങലുടേയും കഥയിൽ തന്നെയും ഉൾപ്പെടുത്തി. അദ്ദേഹം പറഞ്ഞു കൊടുക്കുന്നതനുസരിച്ച് ശ്രീ ഗണപതി അതു എഴുതി സൂക്ഷിച്ചു എന്നാണ് മഹാഭാരതത്തിന്റെ ഐതിഹ്യം. ആകാരണത്താൽ വ്യാസൻ ഒരേസമയം രചയിതാവും, കഥാപാത്രവും, കഥയിലെ സാക്ഷിയുമായി മാറി. വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരമുനിക്ക് ഒരു മുക്കുവസ്ത്രീയായ സത്യവതിയിൽ ഉണ്ടായ പുത്രനാണ് വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്നും അറിയപ്പെട്ടു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിനു ശ്രീശുകൻ എന്ന ഒരു പുത്രനുണ്ടായിരുന്നതായി പുരാണങ്ങൾ ഘോഷിക്കുന്നു. ദ്വൈപായനൻ തന്റെ യൗവനകാലത്തുതന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ് അവ ഇന്നും അറിയപ്പെടുന്നത് എന്നു കരുതുന്നു. ഇതുമൂലം ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചുപോന്നു.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്. അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നും തുടങ്ങുന്നു. രണ്ട് കുലങ്ങൾ -- കൗരവരും, പാണ്ഡവരും -- തമ്മിലുള്ള കലഹവും അതിനെത്തുടർന്നുള്ള മഹായുദ്ധവുമാണ് മഹാഭാരത ഇതിവൃത്തം. വളരെക്കാലം ഇവർ തമ്മിൽ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തുവെന്ന് ഭാരതത്തിൽ എഴുതിയിരിക്കുന്നതായിരുന്നു ജയം എന്ന മഹാഭാരതത്തിന്റെ ആദ്യരൂപം. പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം.[11] മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് വ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം.
സൂതപൗരാണികൻ
[തിരുത്തുക]കലിയുഗാരംഭത്തിൽ ഗോമദീനദിക്കരയിൽ നൈമിശാരണ്യം എന്ന സ്ഥലത്തുവെച്ച് പന്ത്രണ്ട് വർഷംകൊണ്ടവസാനിക്കുന്ന ഒരു മഹായജ്ഞം ശൗനകാദിമുനികൾ ആരംഭിച്ചു. ബ്രഹ്മപുത്രനായ ഭൃഗുമുനിയുടെ പുത്രനായ ച്യവനമഹർഷിയുടെ പുത്രനായ പ്രമതിക്ക് ഘൃതാചി എന്ന അപ്സരസ്ത്രീയിൽ രുരു, ശുനകൻ എന്നീരണ്ടു പുത്രന്മാർ ജനിച്ചു. അവരിൽ ശുനകന്റെ പുത്രനാണ് ശൗനകമഹർഷി. യാഗത്തിൽ പങ്കെടുക്കാൻ ലോമഹർഷസുതന്റെ പുത്രനായ ഉഗ്രശ്രവസ്സ് എന്ന സൂതപൗരാണികനും[12] എത്തി. വ്യാസശിഷ്യനായിരുന്ന അദ്ദേഹം ഒരിക്കൽ കേട്ടത് അതേപടി മറ്റുള്ളവരെ പറഞ്ഞുകേൾപ്പിക്കാനുള്ള കഴിവുണ്ടായിരുന്നതിനാൽ ഉഗ്രശ്രവസ്സ് എന്നറിയപ്പെട്ടു. പരീക്ഷിത് മഹാരാജാവ് തക്ഷദംശത്തെ തുടർന്നു മരിക്കുകയും ആ വൈരാഗ്യത്തിൽ അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ സർപ്പസത്രയാഗം നടത്തുകയും ചെയ്തു.[13][14] ആ സന്ദർഭത്തിൽ അദ്ദേഹത്തെക്കണ്ട് ആശിർവദിക്കാനെത്തിയ വ്യാസമഹർഷിയോട് പുണ്യകഥനം നടത്താൻ ജനമേജയൻ അഭ്യർത്ഥിക്കുകയും, അദ്ദേഹം തന്റെ ശിഷ്യനായ വൈശാമ്പയനോട് ഭാരതകഥ വിശദീകരിക്കുവാൻ ആവശ്യപ്പെടുകയും, വൈശാമ്പയൻ ജനമേജയസദസ്സിൽ കഥനം നടത്തുകയും ചെയ്തു. ആ സമയത്ത് അവിടെ സന്നിഹിതനായിരുന്ന ഉഗ്രശ്രവസ്സിനു കഥകേൾക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. അദ്ദേഹമാണ് ശൈനകാദിമുനികൾക്ക് ഭാരതകഥ പറഞ്ഞുകൊടുക്കുന്നത്. അതിനാലാവാം സൂതപൗരാണികൻ പറഞ്ഞുകൊടുക്കുന്നരീതിയിലാണ് മഹാഭാരതം മൂലം എഴുതിയിരിക്കുന്നത്.
യുദ്ധത്തിന്റെ കാരണങ്ങൾ
[തിരുത്തുക]ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതത്തിൽ പ്രധാനകഥാതന്തുവായി പ്രതിപാദിച്ചിരിക്കുന്ന യുദ്ധമായ കുരുക്ഷേത്രയുദ്ധം പ്രധാനമായും മൂന്നുകാരണങ്ങളാലാണ് തുടക്കം കുറിച്ചത്.
കള്ളച്ചൂത്
[തിരുത്തുക]കൗരവർ പാണ്ഡുപുത്രന്മാരോട് രണ്ടുതവണ ചൂതുകളിച്ചു. ഗാന്ധാരിയുടെ സഹോദരനായ ശകുനിയാണ് കൗരവർക്കുവേണ്ടി കളിച്ചത്. കള്ളക്കളിയിൽ അഗ്രഗണ്യനായ ശകുനി രണ്ടുതവണയും കൗരവർക്കു വിജയം സമ്മാനിച്ചു.[15] ഭീഷ്മരുടെ നിർദ്ദേശത്താൽ ഇന്ദ്രപ്രസ്ഥത്തിന്റെ രാജാവായി യുധിഷ്ഠിരനെ വാഴിച്ചതിലും, മയാസുര നിർമ്മിതമായ പാണ്ഡവരുടെ സുഖസമൃദ്ധമായ കൊട്ടാര ജീവിതവും അതിലെ പ്രത്യേകതകളും കൗരവർക്കു അവരോടുള്ള കടുത്ത അസൂയക്കു കാരണമായി. രണ്ടാമതും ചൂതുകളിക്ക് വിളിക്കാനുണ്ടായ സാഹചര്യം ഇതായിരുന്നു. ശകുനിയുടെ കള്ളത്തരത്തിൽ വീണ്ടും ചൂതുകളിയിൽ തോറ്റതിനാൽ പന്ത്രണ്ട് വർഷത്തെ വനവാസവും, അതിനുശേഷം ഒരു വർഷം ഏതെങ്കിലും ഒരു രാജ്യത്ത് പാണ്ഡവർ ഒന്നിച്ചു താമസിച്ച് മറ്റാരാലും തിരിച്ചറിയാതെ അജ്ഞാതവാസവും നടത്താൻ തത്ത്വത്തിൽ തീരുമാനിച്ചു. ഇതു കഴിഞ്ഞു തിരിച്ചു വരുമ്പോൾ ചൂതിൽ തോറ്റ് നഷ്ടപ്പെട്ട രാജ്യവും പദവിയും തിരിച്ചുകിട്ടും. അഥവാ ഒരു വർഷത്തെ അജ്ഞാതവാസത്തിൽ പിടിക്കപ്പെട്ടാൽ വീണ്ടും പന്ത്രണ്ട് വർഷം കാനനവാസം കഴിച്ച് ഒരു വർഷം അജ്ഞാതവാസം നടത്തണം. പക്ഷേ വനവാസവും, അജ്ഞാതവാസവും പൂർത്തിയാക്കി പാണ്ഡവർ തിരിച്ചെത്തിയിട്ടും അവർക്ക് അവകാശപ്പെട്ട രാജ്യം തിരിച്ചു നൽകാൻ കൗരവർ തയ്യാറായില്ല. കുരുക്ഷേത്രയുദ്ധത്തിനുള്ള പ്രധാനകാരണം ഇതായിരുന്നു.
ദ്രൗപദീ വസ്ത്രാക്ഷേപം
[തിരുത്തുക]ചൂതിൽ തോറ്റ് പണയമായി മാറിയ ദ്രൗപദിയെ കൗരവരിലെ രണ്ടാമനായ ദുശ്ശാസനൻ ഹസ്തിനപുരി രാജസഭയിൽ ഏവരേയും സാക്ഷി നിർത്തി വസ്ത്രാക്ഷേപം നടത്തി. രജസ്വലയായിരുന്ന ദ്രൗപദി വരാൻ മടികാണിച്ചപ്പോൾ ഹീനമായി അധിക്ഷേപിച്ച് പിതാമഹന്മാരും മറ്റു ബന്ധുജനങ്ങളും സന്നിഹിതരായിരുന്ന കുരുസഭാമണ്ഡപത്തിലേക്ക് മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടുവന്നു. മാതാവിനു തുല്യയായ ജ്യേഷ്ഠത്തിയായവളെ പണയവസ്തുവായി മാത്രം കരുതി കേവലബഹുമാനം പോലും കൊടുക്കാതെ അതിഹീനമായി അപമാനിച്ചു. കൃഷ്ണൻ പാഞ്ചാലിയുടെ സഹായത്തിനു വന്നതിനാൽ അവൾ അതിൽനിന്നും രക്ഷനേടി. പിതൃതുല്യരായവരുടെ മുമ്പിൽ മാനം നഷ്ടപ്പെട്ട ദ്രൗപദി, ദുശ്ശാസനൻ പിടിച്ചു വലിച്ച തന്റെ മുടി പിന്നീട് കെട്ടിയില്ല. ദുശാസനനെ കൊന്ന് അവന്റെ രക്തം തലയിൽതേച്ച് മാത്രമെ അഴിച്ചിട്ട മുടി കെട്ടൂ എന്ന് അവൾ ശപഥം ചെയ്തു. യുദ്ധമുണ്ടാവാതെ ദുശ്ശാസനനെ കൊല്ലാനും അവന്റെ രക്തം മുടിയിൽ പുരട്ടാനുമാവില്ല. ഇത് യുദ്ധത്തിനു കാരണമായ മറ്റൊരു പ്രധാന സംഭവമായിരുന്നു.
ഭീമനോടുള്ള ദ്രോഹം
[തിരുത്തുക]മറ്റു കൗരവ-പാണ്ഡവരെ അപേക്ഷിച്ച് ഭീമനുണ്ടായിരുന്ന അമാനുഷികശക്തി വിശേഷത്താൽ, ബാല്യകാലത്തു മുതൽ ദുര്യോധനാദികൾ അസൂയാലുക്കളായിരുന്നു. ദുര്യോധനാദികൾ നൂറുപേരും ഭീമന്റെ സമപ്രായക്കാരായിരുന്നു. ഇവർ നിരവധി തവണ ഭീമനെ കൊല്ലാനായി പദ്ധതികൾ അവിഷ്കരിച്ചു അതുനടപ്പിലാക്കാൻ ശ്രമിച്ചിരുന്നു[16]. ആയുസ്സിന്റെ ശക്തിയിൽ പലപ്പോഴും അതിൽ നിന്നും രക്ഷപെട്ട ഭീമനു, തന്നെ കൊലപ്പെടുത്താൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദുര്യോധനാദികളോട് വൈരാഗ്യം അതിശക്തമായുണ്ടായിരുന്നു. ജ്യേഷ്ഠനായ യുധിഷ്ഠിരനെ ബഹുമാനിച്ച് ഭീമൻ പുറത്തു കാണിച്ചിരുന്നില്ലയെന്നു എന്നുമാത്രം. ഇത് യുദ്ധത്തിനുള്ള മറ്റൊരു കാരണമായിരുന്നു. (യുദ്ധത്തിൽ ഗാന്ധാരിയുടെ നൂറു പുത്രന്മാരും കൊല്ലപ്പെടുന്നത് ഭീമനാലാണ്).
സന്ധിസംഭാഷണങ്ങൾ
[തിരുത്തുക]വ്യാസോപദേശം
[തിരുത്തുക]കൗരവരോട് ചൂതുകളിൽ തോറ്റ് പന്ത്രണ്ട് വർഷത്തെ വനവാസവും, ഒരു വർഷത്തെ അജ്ഞാതവാസവും പൂർത്തിയാക്കി പാണ്ഡവർ ഹസ്തിനപുരിയ്ക്കടുത്ത് ഉപപ്ലാവ്യത്തിൽ വന്നു താമസിച്ചു. ഇതു മനസ്സിലാക്കിയ സത്യവതി പുത്രനായ വേദവ്യാസമഹർഷി ഹസ്തിനപുരിയിൽ ചെന്ന് ധൃതരാഷ്ട്രരെയും, ദുര്യോധനനെയും വിളിച്ചുവരുത്തി പാണ്ഡവർക്ക് അവകാശപ്പെട്ട അർദ്ധരാജ്യം നൽകാൻ ആവശ്യപ്പെട്ടു. ദുര്യോധനന്റെ പിടിവാശിയിൽ മഹാരാജാവായ ധൃതരാഷ്ട്രർക്ക് തനിച്ചൊന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ഭീഷ്മർ പലതവണ ധൃതരാഷ്ട്രരെ ഉപദേശിച്ചിരുന്നു, എങ്കിലും അർദ്ധരാജ്യം നൽകാൻ കൗരവർ തയ്യാറായില്ല.
സഞ്ജയദൂത്
[തിരുത്തുക]കൗരവർ ഇതിനോടകം സഞ്ജയനെ ദൂതനായി ഉപപ്ലാവ്യത്തിലേക്ക് അയച്ച് യുധിഷ്ഠിരനെ കണ്ട് തങ്ങളുടെ സന്ദേശം അറിയിപ്പിച്ചു. ദുര്യോധനനാണ് ദൂതനായി സഞ്ജയനെ അയച്ചതെങ്കിലും, ധൃതരാഷ്ട്രർ അയച്ചതാണെന്നു പറയാൻ ആവശ്യപ്പെട്ടിരുന്നു. പാണ്ഡവർക്ക് അർദ്ധരാജ്യം നൽകാനാവില്ല എന്നുള്ള വിവരം സഞ്ജയൻ യുധിഷ്ഠിരനെ അറിയിച്ചു. അപ്രിയകാര്യം ചെയ്ത സങ്കടത്തിൽ തിരിച്ച് ഹസ്തിനപുരിയിൽ എത്തിയ സഞ്ജയൻ മഹാരാജാവിനെ നേരിട്ട് കണ്ട് യുദ്ധം മൂലമുണ്ടാവുന്ന കൗരവരുടെ തകർച്ചയെ മുൻകൂട്ടി ബോധിപ്പിച്ചു.[17].
വിദുരനീതി
[തിരുത്തുക]സഞ്ജയ ഉപദേശത്തെ തുടർന്ന് ദുഃഖിതനായ ധൃതരാഷ്ട്രർ അന്നു രാത്രിതന്നെ വിദുരരെ വിളിപ്പിച്ചു. പ്രസിദ്ധമായ വിദുരനീതി മഹാഭാരതത്തിൽ വർണ്ണിക്കുന്നത് ഈ സന്ദർഭത്തിലാണ്. വിദുരർ ജ്യേഷ്ഠനായ ധൃതരാഷ്ട്രരെ ആപത്തിൽ നിന്നു രക്ഷിക്കാനായി കൗരവരുടെ അസാന്നിധ്യത്തിൽ ധർമ്മാധർമ്മങ്ങൾ ഉപദേശിച്ചു. പലകഥകളും ഉദാഹരണമായി പറഞ്ഞ് കൂടുതൽ വിശ്വാസ്യത കിട്ടത്തക്കരീതിയിൽ ഉപദേശിച്ചിട്ടും, പുത്രവാത്സല്യം നിമിത്തം ധൃതരാഷ്ട്രർക്ക് അതൊന്നും സ്വീകരിക്കാൻ കഴിയുമായിരുന്നില്ല[18].
സനൽകുമാരോപദേശം
[തിരുത്തുക]പാണ്ഡവർക്കുവേണ്ടി മഹാതപസ്വിയായ സനൽകുമാരമഹർഷിയും ദുര്യോധനനെ ഉപദേശിച്ചു. മഹായുദ്ധം തടയാൻ ഇങ്ങനെ പലരും അഭ്യർത്ഥന നടത്തിയിട്ടും കൗരവർക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല.
കൃഷ്ണദൂത്
[തിരുത്തുക]യുധിഷ്ഠിരന്റെ അപേക്ഷയിൽ കൃഷ്ണൻ പാണ്ഡവർക്കുവേണ്ടി ദൂതനായി കൗരവസഭയിൽ എത്തി. ഇതു മുൻകൂട്ടി അറിഞ്ഞ ശകുനിയും, ദുര്യോധനനും ചേർന്ന് ശന്തനു മഹാരാജാവിന്റെ സിംഹാസനം കൃഷ്ണനുവേണ്ടി സഭയിൽ സജ്ജമാക്കി. (സിംഹാസനത്തിന്റെ ശാപം: അയോഗ്യനായ ആരതിലിരുന്നാലും അവന്റെ തല പൊട്ടിച്ചിതറുമെന്ന് ശന്തനു മഹാരാജാവിന്റെ ശാപം ആ സിംഹാസനത്തിനുണ്ടായിരുന്നു. ശന്തനുവിനുശേഷം ശാപത്തെ പേടിച്ച് അതിൽ ആരും ഇരുന്നിട്ടില്ല) കൃഷ്ണൻ സിംഹാസനത്തിലിരുന്നെങ്കിലും അദ്ദേഹത്തിനു കുഴപ്പമൊന്നും സംഭവിച്ചില്ല. അർദ്ധരാജ്യം നൽകില്ലയെന്നു തീർത്തു പറഞ്ഞ കൗരവസഭയിൽ കൃഷ്ണൻ പാണ്ഡവർക്കായി അഞ്ചു ചെറിയ രാജ്യങ്ങളൊ, അല്ലെങ്കിൽ അഞ്ചു ദേശങ്ങളൊ, അതുമല്ലെങ്കിൽ അഞ്ചു ഗൃഹങ്ങളൊ, അവസാനം ഇവർക്ക് അഞ്ചുപേർക്കുമായി താമസിക്കാൻ ഒരു ഗൃഹം എങ്കിലും കൊടുക്കണം എന്ന് അപേക്ഷിച്ചു. പക്ഷേ ധൃതരാഷ്ട്രരോ, ദുര്യോധനനൊ ഒന്നിനും തയ്യാറാവാത്തതിനാൽ കൃഷ്ണദൂത് പരാജയമായിരുന്നു.
യുദ്ധ സന്നാഹം
[തിരുത്തുക]ഭഗവത്ദൂത് പരാജയമായതിനെത്തുടർന്ന് യുദ്ധം തീരുമാനിക്കപ്പെട്ടു. ധർമ്മപുത്രരും, ദുര്യോധനനും തങ്ങളുടെ സുഹൃത്ത്-ബന്ധുരാജ്യങ്ങളിലേക്ക് ദൂതന്മാരെ അയച്ച് സഹായം അഭ്യർത്ഥിച്ചു. രാജ്യം ഭരിക്കുന്ന രാജാവിന്റെ പുത്രനായ ദുര്യോധനനു കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ സേനയെ അയച്ചു കൊടുത്തു. ദ്വാരകാസൈന്യം: ദ്വാരകയിലേക്ക് പാണ്ഡവർക്ക് ദൂതനായി പോയത് അർജ്ജുനനും, കൗരവർക്ക് വേണ്ടി ദുര്യോധനനും ആയിരുന്നു. ആദ്യമെത്തിയ ദുര്യോധനൻ ഉറങ്ങിക്കിടന്ന കൃഷ്ണന്റെ തലയ്ക്കലും, രണ്ടാമതെത്തിയ അർജ്ജുനൻ കാൽക്കലും കൃഷ്ണൻ ഉണരുന്നതും കാത്തിരുന്നു. കൃഷ്ണന്റെ സേനാവ്യൂഹം നാരയണിസേന എന്നാണറിയപ്പെട്ടിരുന്നത്. കൃഷ്ണൻ ഇരുവർക്കുമായി ഒരു ഭാഗത്ത് കൃഷ്ണൻ നിരായുധനായും, മറുവശത്ത് തന്റെ നാരായണിസൈന്യം പകുത്തു നൽകി. അർജ്ജുനൻ നിരായുധനായ കൃഷ്ണനേയും, ദുര്യോധനൻ സൈന്യത്തേയും സ്വീകരിച്ചു. നാരായണി സൈന്യത്തെ കൂടാതെ മറ്റുള്ള ദ്വാരകാവാസികൾക്ക് ഏതു ഭാഗത്തു ചേരാനും അനുവാദം നൽകി. വിരാടസൈന്യം: വിരാടനും പുത്രനായ ഉത്തരനും അവരുടെ മുഴുവൻ സൈന്യവും പാണ്ഡവപക്ഷം ചേർന്നു. പാഞ്ചാലസൈന്യം: പാണ്ഡവസൈന്യത്തിന്റെ പ്രധാന ഭാഗം ദ്രുപദരുടെ പുത്രനായ ധൃഷ്ടദ്യുമ്നന്റെ കീഴിൽ അണിനിരന്ന പാഞ്ചാല സൈന്യമായിരുന്നു. ഈ രാജ്യങ്ങളെ കൂടാതെ പാണ്ഡവപക്ഷത്തു ചേരാനായി കാശിരാജാവും, മാത്സ്യരാജാവും തങ്ങളുടെ സൈന്യത്തെ അയച്ചു കൊടുത്തു. ഈ രണ്ടുരാജ്യങ്ങളും കൗരവ-പാണ്ഡവരുടെ ബന്ധുരാജ്യങ്ങളായിരുന്നു. കാശി രാജകുമാരിമാരാണ് അംബികയും, അംബാലികയും. മാത്സ്യരാജാവ് സത്യവതിയുടെ സഹോദര പുത്രനാണ്. ശിശുപാലന്റെ മരണശേഷം ചേദിരാജ്യം പാണ്ഡവരോട് സ്നേഹബന്ധം പുലർത്തിയിരുന്നതിനാൽ അവരുടെ സൈന്യവും ഉപപ്ലാവ്യത്തിൽ എത്തി പാണ്ഡവസൈന്യത്തിൽ ചേർന്നു. കേകേയവും, മഥുരയും, വിദർഭയും തങ്ങളുടെ സൈന്യത്തെ രണ്ടു കൂട്ടർക്കുമായാണ് കൊടുത്തത് [19](നോക്കുക: കുറിപ്പ്).
സേനാ സമൂഹം
[തിരുത്തുക]പാണ്ഡവസേന | കൗരവസേന | |
---|---|---|
സർവ്വസേനാധിപൻ | ധൃഷ്ടദ്യുമ്നൻ | ഭീഷ്മർ |
ഉപസൈന്യാധിപർ | ഏഴുപേർ വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ |
പതിനൊന്നുപേർ ദ്രോണർ, അശ്വത്ഥാമാവ്, കൃപർ, ശല്യർ, ത്രിഗർത്തൻ, കൃതവർമ്മാവ്, ഭഗദത്തൻ, ജയദ്രഥൻ, സൗമദത്തി, ശകുനി, ദുശ്ശാസനൻ |
പങ്കെടുത്ത രാജ്യങ്ങൾ | വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ | ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം |
സൈന്യബലം | 7 അക്ഷൗഹിണികൾ 153,090 ആനകൾ 153,090 രഥങ്ങൾ 459,270 കുതിരകൾ 765,450 കാലാൾ പടകൾ |
11 അക്ഷൗഹിണികൾ 240,570 ആനകൾ 240,570 രഥങ്ങൾ 721,710 കുതിരകൾ 1,202,850 കാലാൾ പടകൾ |
കൗരവ സൈന്യം
[തിരുത്തുക]കൗരവപക്ഷത്തിന്റെ നേതൃസ്ഥാനം ഭീഷ്മർ വഹിച്ചു. അദ്ദേഹം സൈന്യത്തെ പതിനൊന്നു വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും ഉപസൈന്യാധിപന്മാരെ നിയോഗിച്ചു. യുദ്ധത്തിന്റെ തലേനാൾ ഭീഷ്മരുമായുണ്ടായ വാഗ്വാദത്തെത്തുടർന്ന് കർണ്ണൻ ഭീഷ്മർക്കൊപ്പം യുദ്ധംചെയ്യില്ല എന്നു നിർബന്ധം പിടിച്ചു. (ആദ്യ പത്തുനാളുകൾ കർണ്ണൻ യുദ്ധം ചെയ്തില്ല). ഭീഷ്മർ കർണ്ണനെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഉപയോഗിച്ച മാർഗ്ഗമായിരുന്നു ഇത്. (കർണ്ണനും, ഭീഷ്മരും ഒന്നിച്ച് പാണ്ഡവരോട് എതിർത്താൽ അവർക്കു തോൽവി സംഭവിച്ചേക്കാമെന്നു അദ്ദേഹം ഭയപ്പെട്ടിരുന്നു). വിദേഹരാജകുമാരനായ രുഗ്മി (കൃഷ്ണന്റെ പത്നിയായ രുക്മിണിയുടെ സഹോദരൻ) പാണ്ഡവപക്ഷത്തു ചേർന്ന് യുദ്ധം ചെയ്യാൻ ആഗ്രഹിച്ചുവന്നെങ്കിലും അർജ്ജുനൻ അവനെ പിന്തിരിപ്പിച്ച് അയച്ചു. അതിനെത്തുടർന്ന് രുഗ്മി ദുര്യോധനപക്ഷത്തു ചേർന്നു യുദ്ധം ചെയ്തു. മാദ്രേശനായ ശല്യർ പണ്ടുമുതൽക്കുതന്നെ ധൃതരാഷ്ട്രരോട് സ്നേഹബഹുമാനം പുലർത്തിയിരുന്നു. അദ്ദേഹത്തോടുള്ള സ്നേഹാദരവാണ് സഹോദരിയായ മാദ്രിയെ ധൃതരാഷ്ട്ര സഹോദരൻ പാണ്ഡുവിനു വിവാഹം ചെയ്തു കൊടുത്തത്. അവസാനഘട്ടത്തിലുണ്ടായ യുദ്ധത്തിൽ കൗരവരിൽ നിന്നും മാറി നിൽക്കാൻ ശല്യർക്കായില്ല. ശല്യരും മാദ്രസൈന്യവും കൗരവപക്ഷത്തുചേർന്നു യുദ്ധംചെയ്തു. കുന്തിദേവിയുടെ അപേക്ഷയെ തുടർന്ന് അർജ്ജുനനൊഴികെ മറ്റു പാണ്ഡുപുത്രന്മാരെ കൊല്ലില്ല എന്ന് കർണ്ണൻ സമ്മതിച്ചു.
യുദ്ധത്തിനു തലേദിവസം വ്യാസൻ ധൃതരാഷ്ട്രരുടെ കൊട്ടാരത്തിൽ വരുകയും അദ്ദേഹത്തിനു യുദ്ധം കാണാനായി സചിവനായ സഞ്ജയനു ദിവ്യചക്ഷുസ്സ് നൽകി അനുഗ്രഹിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം ഹസ്തിനപുരിയിലെ കൊട്ടാരത്തിലിരുന്നു കാണുവാനും അത് അപ്പോൾ തന്നെ മഹാരാജാവിനെ ധരിപ്പിക്കുവാനും ഇതു സഹായകമായി. കുരുക്ഷേത്രയുദ്ധം മുൻകൂട്ടി മനസ്സിലാക്കിയ ദേവേന്ദ്രൻ ബ്രാഹ്മണവേഷത്തിൽ വന്ന് കർണ്ണനോട് അവന്റെ കവചകുണ്ഡലങ്ങൾ ദാനം ചോദിച്ചു വാങ്ങുന്നു. വന്നത് ദേവേന്ദ്രനാണെന്നറിഞ്ഞു കൊണ്ടുതന്നെ കർണ്ണൻ തന്റെ ജന്മസിദ്ധമായിരുന്ന കവചകുണ്ഡലങ്ങൾ ഇന്ദ്രനു ദാനംചെയ്തു. കവചകുണ്ഡലങ്ങൾ ഉള്ളിടത്തോളം കാലം കർണ്ണനെ ആർക്കും വധിക്കാൻ സാധ്യമായിരുന്നില്ല. അർജ്ജുനനു വിജയം കൈവരിക്കാൻ ഇതു സഹായകമായി. കർണ്ണന്റെ ദാനമാഹാത്മ്യത്തിൽ സന്തുഷ്ടനായി ദേവേന്ദ്രൻ അവനു വിശിഷ്ടമായ വേൽ കൊടുത്ത് അനുഗ്രഹിച്ചു. കർണ്ണൻ ഈ വേൽ അർജ്ജുനനു നേരെ യുദ്ധത്തിൽ പ്രയോഗിക്കുവാൻവേണ്ടി കരുതിവെച്ചു.
കർണ്ണ ശപഥം
[തിരുത്തുക]യുദ്ധസന്നാഹങ്ങൾക്കായി തയ്യാറെടുക്കുന്ന ഒരു നാൾ കർണ്ണൻ യമുനാനദിയിൽ സ്നാനം ചെയ്യുന്നവസരത്തിൽ കുന്തിദേവി അവനെ കാണാൻ വരുന്നു. ഒരു യാചകയായിട്ടാണ് താൻ വന്നിരിക്കുന്നതെന്നും, തന്റെ ഒരു ആഗ്രഹം കർണ്ണൻ നിറവേറ്റിത്തരണമെന്നും അവർ അപേക്ഷിക്കുന്നു. അഞ്ചുപുത്രന്മാരുടെ അമ്മയായ കുന്തിദേവിക്ക് ശത്രുപക്ഷത്തുള്ള താൻ എന്തു ആഗ്രഹമാണ് നിറവേറ്റേണ്ടതെന്ന് കർണ്ണൻ സംശയിക്കുന്നുവെങ്കിലും ആരെന്തപേക്ഷിച്ചാലും നിറവേറ്റുമെന്നു മറുപടി പറയുന്നു.
തന്റെ പുത്രന്മാരോടു ചേർന്നുനിന്ന് യുദ്ധം ചെയ്യണമെന്നും, കർണ്ണൻ തന്റെ ആദ്യ പുത്രനാണെന്നും സൂര്യഭഗവാനാണ് പിതാവെന്നും കുന്തി അവനെ അറിയിക്കുന്നു. വിശ്വസിക്കുവാൻ പ്രയാസമായതും, അപ്രിയവുമായ സത്യമായിരുന്നെങ്കിലും താനറിയുവാനായി ഏറെ ആഗ്രഹിച്ച, ഏറെ നാളായി തന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യത്തിനുത്തരമായിരുന്നു കർണ്ണനത്. സത്യം സത്യമായി പറയുവാൻ കർണ്ണൻ കുന്തീദേവിയോട് അഭ്യർത്ഥിച്ചപ്പോൾ, തന്റെ ബാല്യത്തിൽ ദുർവ്വാസാവിൽ നിന്നും കിട്ടിയ വരലബ്ധിയിൽ സൂര്യ ഭഗവാനെ ധ്യാനിച്ചതും, ആദ്യസന്താനമുണ്ടായപ്പോൾ അപമാനം ഭയന്ന് നദിയിലൊഴുക്കിയതും കുന്തി കർണ്ണനോട് പറഞ്ഞു. തന്റെ ജന്മദാതാക്കളെക്കുറിച്ചുള്ള സംശയങ്ങൾ നീങ്ങിയ കർണ്ണൻ കുന്തീദേവിയെ അഭിമാനപൂർവ്വം വന്ദിച്ചയക്കുന്നു.
പാണ്ഡവ സൈന്യം
[തിരുത്തുക]പാണ്ഡവർ ഏഴു അക്ഷൗഹിണി പടസമൂഹങ്ങളെ ഉപപ്ലാവ്യത്തിൽ സജ്ജമാക്കി. സർവ്വസൈന്യാധിപനായി ധൃഷ്ടദ്യുമ്നൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്റെ സേനയെ ഏഴു ഭാഗങ്ങളായി തിരിച്ച് അതിന്റെ നേതൃത്വം വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ എന്നിവരിൽ അർപ്പിച്ചു. കൂടാതെ ഏഴു സൈന്യത്തിന്റേയും ഉപനായകസ്ഥാനം അർജ്ജുനനും നൽകി. അർജ്ജുനനു ഉലൂപിയിലുണ്ടായ പുത്രനാണ് ഇരാവാൻ. അതിസമർത്ഥനായ അവൻ യുദ്ധത്തിൽ പാണ്ഡവരെ സഹായിക്കാൻ എത്തിച്ചേർന്നെങ്കിലും യുദ്ധം ചെയ്യാൻ കൃഷ്ണൻ അതിനനുവദിച്ചില്ല. (അവൻ യുദ്ധംചെയ്തിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് കൗരവരെ തോൽപ്പിക്കാൻ സാധിക്കുമായിരുന്നു.) യുദ്ധം കണ്ടു നിൽക്കാൻ മാത്രം അവനെ അനുവദിച്ചു. ഭീമനു ഹിഡുംബിയിൽ ജനിച്ച ഘടോൽകചൻ തന്റെ സേനാവ്യൂഹവുമായി എത്തി പാണ്ഡവപക്ഷത്തു ചേർന്നു.
യുദ്ധത്തിലെ സേനാവ്യൂഹങ്ങൾ
[തിരുത്തുക]- ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
- മകരവ്യൂഹം (മുതലയുടെ ആകൃതി)
- കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
- ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ള ശൂലത്തിന്റെ ആകൃതി)
- ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി) [20]
- കമലവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)
- ഗരുഡവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
- അർണ്ണവ്യൂഹം (സമുദ്രാകൃതി)
- മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
- വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)
- ശക്തവ്യൂഹം (സമചതുരാകൃതി)
- അസുരവ്യൂഹം (രാക്ഷസാകൃതി)
- ദേവവ്യൂഹം (അമാനുഷാകൃതി)
- സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
- ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
- അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
- മാലവ്യൂഹം (പുഷ്പചക്രാകൃതി)
- മത്സ്യവ്യൂഹം (മത്സ്യാകൃതി)
യുദ്ധം അനുശാസിച്ച നിയമങ്ങൾ
[തിരുത്തുക]- യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.
- ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.
- ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.
- രണ്ടുപേർ തമ്മിൽ ദ്വന്ദ്വയുദ്ധമാവാം, സുദീർഘമായ യുദ്ധത്തിൽ അവർ ഒരേ ആയുധങ്ങൾ വഹിച്ചൊ, ഒരേ വാഹനത്തിലൊ (ആന, തേർ, കുതിര) ആവണം.
- ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.
- യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.
- നിരായുധനെ ആക്രമിക്കരുത്.
- അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.
- യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.
- പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.
- സ്ത്രീകളെ ആക്രമിക്കരുത്.
- ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏർപ്പെടുന്നത്. (ഉദാ: അരയ്ക്കു താഴോട്ട് ഗദകൊണ്ടടിക്കരുത്).
- ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്.[21]
യുദ്ധത്തിൽപങ്കെടുത്ത അഞ്ചുതലമുറകൾ
[തിരുത്തുക]കുരുക്ഷേത്രയുദ്ധത്തിൽ കൗരവ-പാണ്ഡവ സുഹൃത്-ബന്ധുജനങ്ങളിലായി അഞ്ചു തലമുറയിൽപ്പെട്ടവർ പങ്കെടുത്തു കൊല്ലപ്പെട്ടു. കുരുക്ഷേത്ര യുദ്ധം നടക്കുന്നവസരത്തിൽ പങ്കെടുത്തവർ പലരും പ്രായാധിക്യം ഏറിയവരായിരുന്നുവെന്നു മഹാഭാരതത്തിലൂടെ ഗ്രന്ഥകാരൻ പറയുന്നു. യുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രായമുള്ള വ്യക്തി ശന്തനുവിന്റെ അനുജനും ഭീഷ്മരുടെ ഇളയച്ഛനുമായ ബാൽഹികനായിരുന്നു. വാൽഹികം എന്ന രാജ്യത്തിലെ രാജാവായിരുന്ന അദ്ദേഹം അഞ്ചു തലമുറകളിൽ ആദ്യ തലമുറയെ പ്രതിനിധീകരിച്ചു കൗരവപക്ഷം ചേർന്നു പാണ്ഡവർക്കെതിരായി യുദ്ധം ചെയ്തു. ശന്തനുവിന്റെ ഇളയ സഹോദരനായ അദ്ദേഹം തന്റെ പുത്രന്മാരും പൗത്രന്മാരുമായി ബൃഹത്തായ സേനാസമൂഹത്തോടൊപ്പമായിരുന്നു കൗരവപക്ഷം ചേർന്നത്. ഭീഷ്മപിതാമഹന്റെ ഇളയച്ഛനായിരുന്ന ബാൽഹികൻ പതിനാലാംനാൾ രാത്രിയുദ്ധത്തിൽ ഭീമനാൽ കൊല്ലപ്പെട്ടു. രണ്ടാം തലമുറയെ പ്രതിനിധീകരിച്ചത് ഭീഷ്മപിതാമഹനായിരുന്നു. അദ്ദേഹം യുദ്ധത്തിന്റെ പത്താംനാൾ ശരശയ്യയിൽ വീഴുകയും, അതിനുശേഷം ഉത്തരായനം തുടങ്ങി സ്വച്ഛന്ദമൃത്യു വരിക്കുകയും ചെയ്തു. മൂന്നാം തലമുറയിൽ നിരവധിപ്പേർ യുദ്ധത്തിൽ പങ്കെടുത്തു വീരസ്വർഗ്ഗം പ്രാപിച്ചു. അതിൽ പ്രധാനികൾ ശല്യർ, ദ്രുപദർ, വിരാടൻ, ശകുനി, സാത്യകി, കൃപർ, കൃതവർമ്മാവ് ഭഗദത്തൻ തുടങ്ങിയവരായിരുന്നു. നാലാം തലമുറയിലായി പാണ്ഡവർ അഞ്ചുപേരും കൗരവർ നൂറുപേരും ഉൾപ്പെട്ടു. അവരെ കൂടാതെ നിരവധിപ്പേർ അവരുടെ സുഹൃത്-ബന്ധുബലത്താൽ യുദ്ധത്തിൽ പങ്കെടുക്കുകയും കൊല്ലപ്പെടുകയും ചെയ്തു. അഞ്ചാം തലമുറ, യുവത്വത്തെ പ്രതിനിധീകരിച്ചു. പാണ്ഡവരുടേയും, കൗരവരുടേയും പുത്രന്മാരും അവരുടെ ബന്ധുജനങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. അവരിൽ പ്രധാനികളായി അഭിമന്യു, ലക്ഷണൻ, പ്രതിവിന്ധ്യൻ, ശ്രുതസേനൻ, ഉത്തരൻ എന്നിവരായിരുന്നു.
യുദ്ധം
[തിരുത്തുക]ദുര്യോധനന്റെ അഭ്യർത്ഥനയിൽ സഹദേവൻ കുറിച്ചുകൊടുത്ത മുഹൂർത്തത്തിലാണ് കുരുക്ഷേത്രയുദ്ധം തുടങ്ങിയത്. ദുര്യോധനൻ തനിക്കു ഉത്തമമായിവരുന്ന സമയം പാണ്ഡുപുത്രനായ സഹദേവന്റെ സഹായത്താൽ ഗ്രഹനില നോക്കി കണ്ട് ആ ദിവസം യുദ്ധം തുടങ്ങാൻ തിരഞ്ഞെടുത്തു (പക്ഷേ ദുര്യോധനൻ യുദ്ധത്തിൽ പരാജയപ്പെട്ടുവെന്നുള്ളത് മറ്റൊരു വൈചിത്ര്യം). കാർത്തികമാസത്തിൽ (മലയാള മാസം: വൃശ്ചികം) വെളുത്ത ത്രയോദശി നാളിലാണ് കുരുക്ഷേത്രയുദ്ധം തുടങ്ങിയത്. ഉത്തരഭാരതത്തിലെ ഹരിയാനയിൽ സരസ്വതി നദിയുടെയും ദൃഷദ്വതിയുടെയും ഇടയ്ക്കുള്ള ഭൂപ്രദേശമായ കുരുക്ഷേത്രത്തിലാണ് യുദ്ധം നടന്നത്. {{തെളിവ്}}
ഒന്നാം ദിവസം (ഭീഷ്മപർവ്വം)
[തിരുത്തുക]വ്യാസൻ മഹാഭാരതത്തിൽ ഒന്നുമുതൽ പത്തുവരെയുള്ള യുദ്ധദിവസങ്ങൾ വർണ്ണിക്കുന്നത് ഭീഷ്മപർവ്വത്തിലാണ്. കൗരവസേനയുടെ സർവ്വസേനാധിപനായി ഭീഷ്മരായിരുന്നു ഈ ദിവസങ്ങളിൽ പടനയിച്ചത്, അതിനാൽ ഭീഷ്മപർവ്വം എന്നു ഗ്രന്ഥകർത്താവ് പേരു കൊടുത്തു. ഭീഷ്മപർവ്വത്തിൽ 118 അദ്ധ്യായങ്ങളും 7884 പദ്യങ്ങളും അടങ്ങിയിരിക്കുന്നു.
ഗീതോപദേശം
[തിരുത്തുക]പാണ്ഡവരും കൗരവരും യുദ്ധസന്നദ്ധരായി പടക്കളത്തിൽ അണിനിരന്നു. അഗ്നിയിൽനിന്നും ജനിച്ച ധൃഷ്ടദ്യുമ്നൻ പാണ്ഡവസേനയേയും, ജലത്തിൽനിന്നും ജനിച്ച ഭീഷ്മർ കൗരവസേനയേയും നയിച്ചു. യുദ്ധം തുടങ്ങുന്നതിനു മുൻപായി കുരുക്ഷേത്രഭൂമിയിൽ അണിനിരന്ന കൗരവസേനയെ കാണാൻ അർജ്ജുനൻ ആഗ്രഹം പ്രകടിപ്പിച്ചു. സാരഥിയായ കൃഷ്ണൻ രഥം ഇരുസേനകളുടേയും മദ്ധ്യഭാഗത്ത് കൊണ്ടു ചെന്നു നിർത്തി. എതിർഭാഗത്ത് തന്റെ ജ്യേഷ്ഠന്മാരും, അനുജന്മാരും, മാതുലന്മാരും, ഭാഗിനേയന്മാരും, പിതാക്കന്മാരും, മുത്തച്ഛന്മാരും, ഗുരുനാഥന്മാരും, സതീർത്ഥ്യരും, ഭാര്യാസഹോദരന്മാരും, പുത്രരും മറ്റു ബന്ധുമിത്രാദികളേയും ആയിരുന്നു അർജ്ജുനൻ മുന്നിരയിൽ കണ്ടത്. അല്പം മണ്ണിനുവേണ്ടി ഇവരെയെല്ലാം ഇല്ലാതാക്കി നശ്വരമായ രാജപദവി അനുഭവിക്കാൻ ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല; അതു പാപമാണ്. മരിക്കുമ്പോൾ ആരും ഇതൊന്നും കൊണ്ടു പോകുന്നില്ല തുടങ്ങിയ ചിന്തകൾ മനസ്സിൽ വരുകയും, താൻ യുദ്ധംചെയ്യുന്നില്ല എനിക്കു രാജ്യവും പദവിയും വേണ്ട, വനവാസം മതി എന്നു പറഞ്ഞു തേർതട്ടിൽ അർജ്ജുനൻ വിഷാദനായിരുന്നു. ഈ സന്ദർഭമാണ് ഭഗവദ്ഗീതയ്ക്ക് വഴിയൊരുക്കിയത് എന്നാണ് വിശ്വാസം.
വിഷാദനായി തേർതട്ടിലിരുന്ന അർജ്ജുനനെ അവന്റെ സ്വധർമ്മാനുഷ്ഠാനം ചെയ്യാൻ കൃഷ്ണൻ ഉപദേശിക്കുന്നു. അർജ്ജുനനു ഭഗവാൻ കൃഷ്ണൻ വേദവേദാന്തങ്ങളുടെയും, ഉപനിഷത്തുകളുടെയും, രഹസ്യങ്ങൾ അടങ്ങിയ ആത്മതത്ത്വജ്ഞാനത്തേയും, ഭക്തിയോഗം, കർമ്മയോഗം, ജ്ഞാനയോഗം തുടങ്ങിയ മോക്ഷമാർഗ്ഗങ്ങളേയും ഉപദേശിച്ചു. എന്നിട്ടും അർജ്ജുനനും വിശ്വാസം വരായ്കയാൽ തന്റെ ശ്രേഷ്ഠവും ഭയജനകവുമായ വിശ്വരൂപത്തേയും കാണിച്ചു കൊടുത്തുവെന്നു മഹാഭാരതത്തിൽ ഭീഷ്മപർവ്വത്തിൽ ഗ്രന്ഥകാരൻ പരാമർശിക്കുന്നു. ഭഗവദ്ഗീതയിലൂടെ അർജ്ജുനനുപദേശിച്ച സന്ദേശം ഇതിനു മുൻപ് വിഷ്ണു വിവസ്വാനും, വിവസ്വാൻ മനുവിനും, മനു ഇക്ഷാകുവിനും ഉപദേശിച്ചിരുന്നതായി മഹാഭാരതത്തിൽ വ്യാസൻ പറയുന്നുണ്ട്.
സർവോപനിഷദോ ഗാവോ, ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാർഥോ വത്സഃ സുധീർഭോക്താ, ദുഗ്ദ്ധം ഗീതാമൃതം മഹത്.
അർത്ഥം: ഉപനിഷത്തുകളാകുന്ന പശുക്കളിൽ നിന്ന്, അർജുനനാകുന്ന കിടാവിനെ നിമിത്തമാക്കി കറവക്കാരനായ ഗോപാലനന്ദനൻ കറന്നെടുത്ത പാലാണ് ഗീതാമൃതം. (ഉപനിഷത്തുകളിലെ പല മന്ത്രങ്ങളും അല്പം വ്യത്യാസത്തോടെ ഗീതയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്) പലചരിത്രകാരന്മാരും ഭഗവദ്ഗീതയെ ഹൈന്ദവ ഉപനിഷത്തുകളുടെ സംഗ്രഹമായി കരുതുന്നു.[22] പതിനെട്ട് അദ്ധ്യായങ്ങളുള്ള ഭഗവദ്ഗീത ഭീഷ്മപർവ്വത്തിൽ 700 ശ്ലോകങ്ങളിലൂടെ മഹാഭാരതത്തിൽ വർണ്ണിക്കുന്നു[23]. സഞ്ജയൻ ധൃതരാഷ്ട്രർക്കു കൃഷ്ണാർജ്ജുനസംവാദം പറഞ്ഞുകൊടുക്കുന്നരീതിയിലാണ് ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നത്[24].
ഒന്നാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ഭീഷ്മർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) | -- | ഉത്തരൻ (ശല്യർ) ശ്വേതൻ (ഭീഷ്മർ) |
ഭീഷ്മരെ ആദ്യമായി നേരിട്ടത് ബാലനായ അഭിമന്യുവായിരുന്നു. ഏറ്റവും പ്രായം കൂടിയവനും, കുറഞ്ഞവനും തമ്മിലാണ് ആദ്യ പോരാട്ടം തുടങ്ങിയത്. കൃതവർമ്മാവും, ശല്യരും ഭീഷ്മരെ സഹായിക്കാൻ എത്തി. അഭിമന്യു ക്ഷീണിക്കുന്നതു മനസ്സിലാക്കി മാതുലന്മാരായ ഉത്തരനും, ശ്വേതനും (വിരാടപുത്രന്മാർ) സഹായത്തിനെത്തി. യുദ്ധത്തിനൊടുവിൽ ശല്യർ ഉത്തരനേയും, ഭീഷ്മർ ശ്വേതനേയും വധിച്ചു. ഒന്നാം ദിവസത്തെ യുദ്ധത്തിൽ പാണ്ഡവസേനക്ക് കനത്തനാശം സംഭവിച്ചു. സങ്കടപ്പെട്ട് കുടീരത്തിൽ തിരിച്ചെത്തിയ യുധിഷ്ഠിരനോട് അവസാനവിജയം പാണ്ഡവർക്കാണെന്ന് പറഞ്ഞ് കൃഷ്ണൻ സമാധാനിപ്പിച്ചു.
രണ്ടാം ദിവസം (ഭീഷ്മപർവ്വം)
[തിരുത്തുക]രണ്ടാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ഭീഷ്മർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) | കലിംഗസേന (ഭീമൻ) | -- |
ഭീഷ്മർ രണ്ടാം ദിവസം അർജ്ജുനനുമായി ഏറ്റുമുട്ടി. അർജ്ജുനന്റെ പാശുപതാസ്ത്രത്തിന്റെ ശക്തിയിൽ കൗരവസേനക്ക് നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. കുരുക്ഷേത്രത്തിന്റെ മറ്റൊരു വശത്ത് ദ്രോണരും ധൃഷ്ടദ്യുമ്നനും തമ്മിൽ ഉഗ്രപോരാട്ടം ആരംഭിച്ചു. പലപ്രാവശ്യം ദ്രോണർ പാഞ്ചാലപുത്രന്റെ വില്ലു മുറിച്ചു. അവശനായ ധൃഷ്ടദ്യുമ്നനെ ഭീമൻ തന്റെ രഥത്തിലേറ്റി രക്ഷപെടുത്തി. ഇതുമനസ്സിലാക്കി അവിടെ എത്തിച്ചേർന്ന് ദുര്യോധനൻ കലിംഗസേനയെ ഭീമനു നേരെ പ്രയോഗിച്ചു. ഭീമൻ ഒന്നൊഴിയാതെ എല്ലാ കലിംഗ പടയാളികളെയും രണ്ടാം ദിവസത്തെ യുദ്ധത്തിൽ കൊന്നൊടുക്കി. കൗരവപടയുടെ തിരിച്ചോട്ടം തടയുവാൻ ഭീഷ്മർ അവിടെ എത്തിയെങ്കിലും സാത്യകിയുടെ ബാണമേറ്റ് അദ്ദേഹത്തിന്റെ തേരാളി കൊല്ലപ്പെട്ടു. സാരഥിയില്ലാതെ ഭീഷ്മർ യുദ്ധക്കളത്തിൽ നിന്നും മാറിക്കളഞ്ഞു. ഭീമ പുത്രൻ ഘടോത്ക്കചനും നകുല-സഹദേവന്മാരും ഏറ്റവും പുറകിലായി ധർമ്മപുത്രരും അവിടെ എത്തുകയും കൗരവരുടെ പല സൈന്യവ്യൂഹങ്ങളേയും ഇല്ലാതാക്കുകയും ചെയ്തു.
മൂന്നാം ദിവസം (ഭീഷ്മപർവ്വം)
[തിരുത്തുക]മൂന്നാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ഭീഷ്മർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) | ഗാന്ധാരസേന (അഭിമന്യു+സാത്യകി) | -- |
ഉപയോഗിച്ച വ്യൂഹങ്ങൾ | ഗരുഡവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി) |
അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി) |
രണ്ടാം ദിവസത്തെ ദയനീയ പരാജയം മനസ്സിലാക്കി ഭീഷ്മർ തന്റെ സേനയെ ഗരുഡവ്യൂഹമായി നിർത്തി യുദ്ധം ആരംഭിച്ചു. അതിനെ എതിർക്കാൻ ധൃഷ്ടദ്യുമ്നൻ പാണ്ഡവസേനയെ ചന്ദ്രക്കലയുടെ ആകൃതിയിൽ വ്യൂഹം ചമച്ചു നേതൃത്വം നൽകി. അർദ്ധചന്ദ്രവ്യൂഹത്തിന്റെ ഒരു മുഖത്ത് ഭീമനും മറ്റേതിൽ അർജ്ജുനനും നിലയുറപ്പിച്ചു. യുദ്ധക്കളത്തിന്റെ മറ്റൊരു വശത്ത് സാത്യകിയും അഭിമന്യുവും ചേർന്ന് ഗാന്ധാരസേനയെ മുഴുവനായും ഇല്ലാതാക്കി. ഭീഷ്മരും, ദ്രോണരും, ദുര്യോധനനും ചേർന്നു ധർമ്മപുത്രരെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ നകുല-സഹദേവന്മാരും, ഭീമനും, ഘടോത്ക്കചനും എത്തി യുധിഷ്ഠിരനെ സഹായിച്ചു. ഘടോത്ക്കചന്റെ ആയുധപ്രഹരമേറ്റ് ബോധരഹിതനായ ദുര്യോധനനെ ദ്രോണർ രക്ഷപെടുത്തി. അതിനെത്തുടർന്ന് അർജ്ജുനൻ ഭീഷ്മരുമായി ഏറ്റുമുട്ടുകയും ഭീഷ്മർ വിജയലക്ഷ്യത്താൽ യുദ്ധനീതിമറന്നു അവനെ ആക്രമിക്കുകയും ചെയ്തു. അർജ്ജുനനെ കൊല്ലുമെന്ന അവസരം വന്നപ്പോൾ കൃഷ്ണൻ ഭീഷ്മരുടെ നേർക്ക് സുദർശനചക്രമെടുത്തു. കൃഷ്ണന്റെ കൈയ്യാൽ മരിക്കാൻ ആഗ്രഹിച്ച ഭീഷ്മർ നിരായുധനായി തലകുനിച്ചപ്പോൾ അർജ്ജുനൻ കൃഷ്ണനെ ആയുധമെടുക്കില്ല എന്നുള്ള കൃഷ്ണ വചനം ഓർമ്മപ്പെടുത്തി. ഇതുകേട്ട് കൃഷ്ണൻ ശാന്തനായി സുദർശനം തിരിച്ചെടുത്തു.
നാലാം ദിവസം (ഭീഷ്മപർവ്വം)
[തിരുത്തുക]നാലാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ഭീഷ്മർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) | പതിമൂന്നു ധൃതരാഷ്ട്രപുത്രർ (ഭീമൻ) മാദ്രേശന്മാർ (ധൃഷ്ടദ്യുമ്നൻ) സ്വാലൻ (ധൃഷ്ടദ്യുമ്നൻ) |
-- |
നാലാം ദിവസം ഭീമസേനനും, അഭിമന്യുവും ഇരുവശങ്ങളിലൂടെ കൗരവസേനയെ തകർത്തു മുന്നേറി. ഭീമനെ എതിരിടാൻ ദുര്യോധനൻ, അവന്റെ പതിമൂന്നനുജന്മാരേയും, ആയിരക്കണക്കിനു മത്തഗജങ്ങളേയും അവന്റെ നേർക്കയച്ചു. ക്രൂദ്ധനായ ഭീമൻ ഗദയുമായി തേരിൽ നിന്നും പുറത്തിറങ്ങി മുഴുവൻ ആനകളേയും, ദുര്യോധനന്റെ പതിമൂന്നനുജന്മാരെയും കൊന്നു. അനുജന്മാർ മരിച്ചതു കണ്ട് ദുര്യോധനൻ ഭീമനു നേർക്ക് പാഞ്ഞടുത്തെങ്കിലും കൂടുതൽ എതിർത്തു നിൽക്കാനാവാതെ യുദ്ധഭൂമിയിൽ നിന്നും അവൻ മാറിക്കളഞ്ഞു. ഇതിനിടയിൽ ഭീമനെ സഹായിക്കാനെത്തിയ പുത്രനായ ഘടോത്ക്കചനും നിരവധിപേരെ കൊന്നു. അന്നേ ദിവസം കുരുക്ഷേത്രയിലെ മറ്റൊരുവശത്ത് സ്വാലനും ധൃഷ്ടദ്യുമ്നനും തമ്മിൽ ഏറ്റുമുട്ടുകയും, സ്വാലനെ വധിക്കുകയും ചെയ്തു. അതിനുശേഷം ധൃഷ്ടദ്യുമ്നനോട് യുദ്ധം ചെയ്ത മാദ്രേശന്റെ അനുജന്മാരെയും അവൻ കൊന്നുകളഞ്ഞു. തുടർച്ചയായി മൂന്നുദിവസങ്ങളും പരാജയപ്പെട്ട് ദുഃഖിതനായ ദുര്യോധനൻ രാത്രി ഭീഷ്മരുടെ കുടീരത്തിൽ വന്നു ഭയപ്പെട്ടു സങ്കടം പറഞ്ഞു. ഭീഷ്മരും ദ്രോണരും ചേർന്ന് ദുര്യോധനനെ സമാധാനപ്പെടുത്തി തിരിച്ചയച്ചു.
അഞ്ചാം ദിവസം (ഭീഷ്മപർവ്വം)
[തിരുത്തുക]അഞ്ചാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ഭീഷ്മർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) | -- | സാത്യകിയുടെ 10 പുത്രന്മാർ (ഭൂരിശ്രവസ്സ്) |
ഉപയോഗിച്ച വ്യൂഹങ്ങൾ | ശക്തവ്യൂഹം (സമചതുരത്തിന്റെ ആകൃതി) |
മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി) |
തുടർച്ചയായ മൂന്നുദിവസങ്ങളിലെ തോൽവിക്കു മറുപടി പറയാനായി കൗരവർ ഭീഷ്മരുടെ നേതൃത്വത്തിൽ ശക്തവ്യൂഹം ചമച്ചു. പാണ്ഡവർ ഭീമന്റെ നേതൃത്വത്തിൽ മണ്ഡലവ്യൂഹവും ചമച്ചു അണിനിരന്നു. ഭീമന്റെ രഥത്തിനു പുറകിലായി ധൃഷ്ടദ്യുമ്നനും, സാത്യകിയുടേയും, ശിഖണ്ഡിയുടേയും രഥങ്ങൾ അണിനിരന്നു. അവയ്ക്കും പുറകിലായി നകുല-സഹദേവന്മാരുടേയും ധർമ്മപുത്രരുടേയും രഥങ്ങൾ നിരന്നു. അതിനു പിറകിലായി മറ്റു മുൻനിര യോദ്ധാക്കളും അണിനിരന്നു. ഭീഷ്മർ നിരവധി പാണ്ഡവസേനകളെ ഛിന്നഭിന്നമാക്കി മുന്നേറി. പാണ്ഡവസൈന്യം പലവസരങ്ങളിലും പിന്തിരിഞ്ഞോടി. പക്ഷേ മദ്ധ്യാഹ്നത്തിനുശേഷം നടന്ന യുദ്ധത്തിൽ അർജ്ജുനനും ഭീമനും ചേർന്ന് അനവധി കൗരവസൈന്യങ്ങളെ കൊന്നു.
ആറാം ദിവസം (ഭീഷ്മപർവ്വം)
[തിരുത്തുക]ആറാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ഭീഷ്മർ | ധൃഷ്ടദ്യുമ്നൻ |
ഉപയോഗിച്ച വ്യൂഹങ്ങൾ | ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി) | മകരവ്യൂഹം (മുതലയുടെ ആകൃതി) |
https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82?wprov=sfla1 അതിനെതിരായി ഭീഷ്മർ ക്രൗഞ്ചവ്യൂഹവും ചമച്ച് സൈന്യങ്ങളെ അണിനിരത്തി. അഞ്ചുദിവസങ്ങൾക്കു ശേഷം അന്ന് ആദ്യമായി ദ്രോണരെ തോൽപ്പിക്കാൻ പാണ്ഡവസേനക്കായി. പാണ്ഡവർ ദ്രോണരുടെ രഥം തകർത്തു, അദ്ദേഹം പ്രാണരക്ഷാർത്ഥം അവിടെനിന്നും ഓടി രക്ഷപെട്ടു. ഭീമനെ പിടിച്ചുകെട്ടാൻ ദുര്യോധനൻ വലിയ സൈന്യവ്യൂഹമാണ് നിയോഗിച്ചത്. അഭിമന്യു സഹായത്തിനു വന്ന് ഭീമനെ അതിൽ നിന്നും രക്ഷിക്കുവാൻ സാധിച്ചു. അതിനിടയിൽ ഭീമന്റെ ഗദാപ്രഹരമേറ്റ് ദുര്യോധനൻ തേർത്തട്ടിൽ ബോധരഹിതനായി വീണു. കൃപർ വന്നു രക്ഷിച്ചിരുന്നില്ലെങ്കിൽ ദുര്യോധനനെ ആറാംനാൾ വധിക്കുമായിരുന്നു. തന്റെ പത്തു പുത്രന്മാരെ വധിച്ച ഭൂരിശ്രവസ്സിനെ നേരിട്ടുകണ്ട സാത്യകി അവനെ കൊല്ലാൻ കഠിനശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഏഴാം ദിവസം (ഭീഷ്മപർവ്വം)
[തിരുത്തുക]ഏഴാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ഭീഷ്മർ | ധൃഷ്ടദ്യുമ്നൻ |
ഉപയോഗിച്ച വ്യൂഹങ്ങൾ | ത്രിശൂലവ്യൂഹം (മൂന്നു മുനയുള്ള ശുലത്തിന്റെ ആകൃതി) |
വജ്ര വ്യൂഹം (മിന്നൽ പിണരിന്റെ ആകൃതി) |
ഏഴാം ദിവസം യുധിഷ്ഠിരന്റെ നേതൃത്വത്തിൽ വജ്രവ്യൂഹം ചമച്ച പാണ്ഡവരെ എതിരിടാൻ കൗരവർ ത്രിശൂലവ്യൂഹം ചമച്ചു. മിന്നൽപിണർ പോലെ അടർക്കളത്തിൽ പലസ്ഥലങ്ങളിലും ഒറ്റയ്ക്കൊറ്റയ്ക്ക് യുദ്ധങ്ങൾ നടന്നു. വിരാടനും ദ്രോണരും ഏറ്റുമുട്ടി. വിരാടന്റെ സഹായത്തിനെത്തിയ പുത്രനായ ശംഖനെ ദ്രോണർ വധിച്ചു. വൃദ്ധനായ ഭൂരിശ്രവസ്സിനെ നേരിട്ട ധൃഷ്ടദ്യുമ്നൻ അദ്ദേഹത്തിന്റെ വക്ഷസ്സിൽ 96 അമ്പുകൾ തറച്ചുവെങ്കിലും അതിപരാക്രമിയായ അദ്ദേഹം കീഴടങ്ങാതെ ധൃഷ്ടദ്യുമ്നനെ പരാജയപ്പെടുത്തി അവിടെ നിന്നും ഓടിച്ചു. പാണ്ഡവസേനയുടെ അതിപ്രഹരമായ യുദ്ധത്തിൽ വൃദ്ധനായ കൃപാചാര്യർ ബോധരഹിതനായി തേർത്തട്ടിൽ വീണു.
എട്ടാം ദിവസം (ഭീഷ്മപർവ്വം)
[തിരുത്തുക]എട്ടാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ഭീഷ്മർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) | ഉലൂകൻ (ഇരാവാൻ) എട്ട് ധൃതരാഷ്ട്രപുത്രർ (ഭീമൻ) ശകുനിയുടെ അനുജന്മാർ (ഇരാവാൻ) |
ഇരാവാൻ [25] |
കൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്ന് യുദ്ധത്തിൽ ഏർപ്പെടാതിരുന്ന ഇരാവാൻ ആദ്യമായി യുദ്ധം ചെയ്ത ദിവസമായിരുന്നു എട്ടാം ദിവസം. ഭീമൻ തന്റെ വനവാസകാലത്തു വധിച്ച കൃമ്മിരന്റെ പുത്രനായ അലംബുസന്റെ മായാപ്രയോഗത്തിൽ പാണ്ഡവസേന പലപ്പോഴും പകച്ചു നിന്നു. അവന്റെ മായാശക്തിയിലുള്ള ആകാശയുദ്ധത്തിൽ അർജ്ജുനനും ഭീമനും സാരമായി പരിക്കേറ്റു. നാഗകന്യാപുത്രനായ ഇരാവാൻ ഇതുകണ്ട് അർജ്ജുനനെ സഹായിച്ച് അലംബുസനെതിരായി അതിശക്തമായി നേരിട്ടു. അലംബുസനെ സഹായിക്കാനെത്തിയ ശകുനിയുടെ പുത്രനായ ഉലൂകനെയും ഇരാവാൻ വധിച്ചു. ഭീമൻ ദുര്യോധനന്റെ എട്ട് അനുജന്മാരെ എട്ടാംദിവസം കൊന്നു അതിനെ തുടർന്ന് ഭീമനോട് ഏറ്റുമുട്ടിയ ശകുനിയേയും, ജയദ്രഥനേയും ഘടോത്ക്കചൻ തന്റെ ഇരുമ്പുഗദയുമായി നേരിട്ടു. എട്ടാംദിവസം കഴിഞ്ഞപ്പോൾ ഇരുപക്ഷത്തുമായി എട്ട് അക്ഷൗഹിണിപടകൾ ഇല്ലാതായി. പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി ഉലൂപിയിൽ അർജ്ജുനനു ജനിച്ച ഇരവാനും കൃഷ്ണശാപത്താൽ മരിച്ചുവീണു.
ഒൻപതാം ദിവസം (ഭീഷ്മപർവ്വം)
[തിരുത്തുക]ഒൻപതാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ഭീഷ്മർ | ധൃഷ്ടദ്യുമ്നൻ |
ഇരവാൻറെ മരണത്തിനു കാരണമായ അലംബുസനെ വധിക്കണമെന്നുള്ള ദൃഢനിശ്ചയത്തോടെയാണ് പാണ്ഡവർ യുദ്ധം തുടങ്ങിയത്. അഭിമന്യുവും, ഘടോത്ക്കചനും അലംബുസനെതിരായി യുദ്ധം ചെയ്ത് അതിധീരമായി അവനെ നേരിട്ടുവെങ്കിലും മരണത്തിൽ നിന്നും അലംബുസൻ രക്ഷപെട്ടോടി. അർജ്ജുനനെ നേരിട്ട ഭീഷ്മർ അവനെ നിഷ്പ്രയാസം നിരായുധനാക്കി, ഭീഷ്മരുടെ അതിശക്തമായ ബാണങ്ങളേറ്റ് അവശനായി അർജ്ജുനൻ തേർതട്ടിൽ വീണുപോയി. അർജ്ജുനൻ ഭീഷ്മരാൽ വധിക്കപ്പെടുമെന്നവസരത്തിൽ കൃഷ്ണൻ സുദർശനചക്രവുമായി ഭീഷ്മർക്കു നേരെ എഴുന്നേറ്റു. ഭഗവാൻ ചക്രധാരിയായി നിൽക്കുന്നതുകണ്ട് ഭയഭക്തി ബഹുമാനത്തോടെ ഭഗവാൻറെ കൈയ്യാൽ മരിക്കാൻ ആഗ്രഹിച്ച് രണ്ടുകൈയ്യും കൂപ്പി ഭീഷ്മർ തേരിൽ നിന്നും ഇറങ്ങി ശിരസ്സു നമിച്ചു നിന്നു. ഇതുകണ്ട് അർജ്ജുനൻ കുരുക്ഷേത്രയുദ്ധത്തിൽ ഭഗവാൻ ആയുധം എടുക്കില്ല എന്നുള്ളത് വീണ്ടും ഓർമ്മിപ്പിച്ചു. ഇതോടെ സൂര്യാസ്തമയവും കഴിഞ്ഞു യുദ്ധം അവസാനിപ്പിച്ച് ഇരുകൂട്ടരും മടങ്ങി. ഒൻപതു ദിവസങ്ങൾ കഴിഞ്ഞിട്ടും വിജയം കൈവരിക്കാൻ സാധിക്കാതെ വിഷമിക്കുന്ന പാണ്ഡവരെ കൃഷ്ണൻ അന്നു രാത്രി ഭീഷ്മരുടെ കുടീരത്തിൽ കൊണ്ടുപോയി. അവരുടെ മനോഗതം മനസ്സിലാക്കിയ ഭീഷ്മർ ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധംചെയ്യാൻ ഉപദേശിച്ചു.
പത്താം ദിവസം (ഭീഷ്മപർവ്വം)
[തിരുത്തുക]പത്താം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ഭീഷ്മർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) | ഭീഷ്മർ ശരശയ്യയിൽ (ശിഖണ്ഡി+അർജ്ജുനൻ) | -- |
പത്താം ദിവസം പാണ്ഡവർ ധൃഷ്ടദ്യുമ്നന്റെ സ്ഥാനത്ത് ശിഖണ്ഡിയെ നിർത്തി യുദ്ധം ആരംഭിച്ചു. അതിധീരമായി ഏവരും യുദ്ധത്തിൽ ഏർപ്പെട്ടു. ദുര്യോധനൻ ഭീഷ്മർക്കു തുണയായി ദുശ്ശാസനനെ നിയോഗിച്ചിരുന്നു. അർജ്ജുനൻ ഭീഷ്മരോട് എതിരിട്ടപ്പോൾ ശിഖണ്ഡിയെ മുന്നിൽ നിർത്തി ബാണങ്ങൾ എയ്തു. ശിഖണ്ഡിയെ കണ്ടമാത്രയിൽ ഭീഷ്മർ അവനെതിരെ യുദ്ധം ചെയ്യാതെ അർജ്ജുനനു നേർക്ക് തിരിഞ്ഞു. അർജ്ജുനനും ശിഖണ്ഡിയും ഒരു പോലെതന്നെ ഭീഷ്മർക്കുനേരെ ബാണങ്ങൾ പൊഴിച്ചുകൊണ്ടിരുന്നു. ശിഖണ്ഡിയുടെ മുമ്പിൽ ഭീഷ്മരുടെ വീര്യം സ്തംഭിച്ചുപോയി. ഈ അവസരം പാഴാക്കാതെ അർജ്ജുനൻ ഭീഷ്മരുടെ ശരീരം മുഴുവനും അസ്ത്രങ്ങളാൽ എയ്തുനിറച്ചു. (അഷ്ടവസുക്കളിൽ ഇളയവനായ പ്രഭാസനെ (ഭീഷ്മർ) തിരിച്ചു ദേവലോകത്തേക്ക് കൂട്ടികൊണ്ടുപോകാൻ വസുക്കളേവരും അവിടെ സന്നിഹിതരായിരുന്നു). ശരശയ്യയിൽ വീണ ഭീഷ്മർ അടുത്തുനിന്ന ദുശ്ശാസനനോട് ഇനിയെങ്കിലും യുദ്ധം മതിയാക്കാൻ ഉപദേശിച്ചു.
ശരശയ്യ
[തിരുത്തുക]ഭീഷ്മരുടെ പതനത്തോടെ കൗരവപട പിന്തിരിഞ്ഞോടി. അന്നു യുദ്ധം മതിയാക്കി ഏവരും മടങ്ങി. പക്ഷേ പാണ്ഡവരും, കൗരവരും മാത്രം ഭീഷ്മർക്കു ചുറ്റും സങ്കടപ്പെട്ടു നിന്നു. ശക്തിയില്ലാതെ താഴേക്ക് തൂങ്ങിക്കിടന്ന ശിരസ്സു നേരെയാക്കാൻ ഭീഷ്മരുടെ ആഗ്രഹപ്രകാരം അർജ്ജുനൻ രണ്ട് അസ്ത്രങ്ങൾ എയ്തു താങ്ങുകൊടുത്തു. ഭീഷ്മർ വീണതോടെ കൗരവരുടെ വീര്യമെല്ലാം ഇല്ലാതായി. പാണ്ഡവർക്ക് സന്തോഷവും സങ്കടവും ഒരുപോലെ തോന്നി. താൻ ഉത്തരായനം തുടങ്ങുന്നവരെ മരിക്കാതെ ഇവിടെ കിടക്കും നിങ്ങൾക്ക് എല്ലാവരും കുടീരങ്ങളിലേക്ക് തിരിച്ചു പോകാമെന്നുള്ള ഭീഷ്മരുടെ നിർബന്ധത്താൽ ഏവരും രാത്രിതന്നെ മടങ്ങി. പിറ്റേന്ന് രാവിലെ കൗരവ-പാണ്ഡവ പുത്രന്മാർ പിതാമഹനെ കാണാൻ എത്തി. അദ്ദേഹത്തിനു ദാഹമുണ്ടെന്നറിയിച്ചപ്പോൾ അർജ്ജുനൻ ഭൂമിയിൽ നിന്നും ഗംഗാജലത്തിന്റെ സ്രോതസ്സ് അവിടെ ഉണ്ടാക്കിക്കൊടുത്തു. അതിനുശേഷം കർണ്ണൻ ഭീഷ്മരെ കാണാൻ എത്തി. കുരുക്ഷേത്രയുദ്ധഭൂമിയിൽ ആദ്യമായി കർണ്ണൻ വരുന്നത് അന്നായിരുന്നു. ഭീഷ്മർ യുദ്ധത്തിൽ വീണതിനുശേഷമാണ് കർണ്ണൻ യുദ്ധം ചെയ്യാൻ തുടങ്ങിയത്.
പതിനൊന്നാം ദിവസം (ദ്രോണപർവ്വം)
[തിരുത്തുക]പതിനൊന്നാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ദ്രോണർ | ധൃഷ്ടദ്യുമ്നൻ |
ഭീഷ്മരുടെ പതനത്തെത്തുടർന്ന് ദുര്യോധനൻ ആചാര്യനായ ദ്രോണരെ സർവ്വസേനാധിപതിയായി വാഴിക്കുന്നു. തുടർന്നുള്ള അഞ്ചു ദിവസങ്ങൾ ദ്രോണാചാര്യർ കൗരവസേനയ്ക്കു നേതൃത്വം നൽകി. മഹാഭാരതത്തിൽ പതിനൊന്നു മുതൽ പതിനഞ്ചുവരെയുള്ള യുദ്ധദിവസങ്ങൾ വർണ്ണിക്കുന്നത് ദ്രോണപർവ്വത്തിലാണ്. സർവ്വസേനാധിപനായി ദ്രോണരായതിനാൽ ഗ്രന്ഥകർത്താവ് ആ പേരു കൊടുത്തു.[26] ദ്രോണപർവ്വത്തിൽ 170 അദ്ധ്യായങ്ങളും 10950 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. പല പ്രമുഖരും മരിച്ചു വീഴുന്ന കഥാസന്ദർഭങ്ങളോടെ വളരെ വിശദമായിതന്നെ ഗ്രന്ഥകർത്താവ് ഈ ദിവസങ്ങൾ മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്നു.
കർണ്ണൻ ആദ്യമായി യുദ്ധക്കളത്തിൽ എത്തുന്നത് ഈ ദിവസമാണ്. ആദ്യ പത്തുദിവസങ്ങൾ അദ്ദേഹം യുദ്ധത്തിൽ ഏർപ്പെട്ടില്ല. ധർമ്മപുത്രരെ ജീവനോടെ ബന്ധിക്കുവാൻ ദ്രോണർ പദ്ധതിയിട്ടു. ജീവനോടെ യുധിഷ്ഠിരനെ പിടിച്ചാൽ അതിലൂടെ പാണ്ഡവരെ ഭീഷണിപ്പെടുത്തി മറ്റുകാര്യങ്ങൾ സാധിക്കാമെന്നു മനസ്സിലാക്കിയാണ് ഇതിനു മുതിർന്നത്. ദ്രോണരും, കർണ്ണനും, ദുര്യോധനാദികളും ഒത്തുചേർന്ന് യുധിഷ്ഠിരനെതിരായി യുദ്ധം ആരംഭിച്ചു. ദ്രോണർ യുധിഷ്ഠിരന്റെ വില്ലുമുറിച്ച് അതിനു വഴിയൊരുക്കി. യുധിഷ്ഠിരൻ പിടിക്കപ്പെടുമെന്നഘട്ടത്തിൽ കൃഷ്ണാർജ്ജുനന്മാർ അവിടെ എത്തുകയും യുധിഷ്ഠിരനെ രക്ഷപെടുത്തുകയും ചെയ്തു. പാഞ്ചാല രാജകുമാരനായ ധൃഷ്ടദ്യുമ്നൻ പലതവണ ദ്രോണാചാര്യരെ ആക്രമിച്ചു, പക്ഷേ പല സന്ദർഭത്തിലും പാഞ്ചാലകുമാരനു പിന്തിരിഞ്ഞോടേണ്ടിവന്നു. (ഗ്രന്ഥകർത്താവിന്റെ അഭിപ്രായത്തിൽ യുദ്ധസമയത്ത് ദ്രോണർക്ക് 85 വയസ്സുണ്ടായിരുന്നു).
പന്ത്രണ്ടാം ദിവസം (ദ്രോണപർവ്വം)
[തിരുത്തുക]പന്ത്രണ്ടാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ദ്രോണർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) |
ഭഗദത്തൻ, വൃക്ഷസേനൻ (അർജുനൻ) കർണ്ണപുത്രർ, ഭഗദത്തപുത്രൻ (നകുലൻ) |
ദർശൻ (ഭഗദത്തൻ) |
ഉപയോഗിച്ച വ്യൂഹങ്ങൾ | ദേവവ്യൂഹം (അമാനുഷാകൃതി) |
ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി) |
പന്ത്രണ്ടാം ദിവസവും ദ്രോണർ യുധിഷ്ഠിരനെ ജീവനോടെ ബന്ധിക്കുന്നതിനായി മഹാവ്യൂഹം (ദേവവ്യൂഹം) ചമച്ചു. ധൃഷ്ടദ്യുമ്നൻ ശൃംഗാരകവ്യൂഹവും ചമച്ച് അതിശക്തമായി എതിർത്തു. ഭീമാർജ്ജുനന്മാരുടെ ആക്രമണത്തിൽ കൗരവപ്പട പിന്തിരിഞ്ഞോടി. കൗരവപ്പടയെ തിരിച്ചു യുദ്ധഭൂമിയിൽ നിർത്താനായി ദുര്യോധനൻ പ്രാഗ്ജ്യോതിഷത്തിലെ രാജാവായിരുന്ന ഭഗദത്തനെ നിയോഗിച്ചു. കൃഷ്ണനാൽ കൊല്ലപ്പെട്ട നരകാസുരന്റെ പുത്രനായിരുന്നു ഭഗദത്തൻ. വാർദ്ധക്യം ഉണ്ടായിരുന്നെങ്കിലും ആനപ്പുറത്തേറിവന്ന ഭഗദത്തൻ പാണ്ഡവസേനയെ നയിച്ച ഭീമനോട് ഏറ്റുമുട്ടി.[27] ഭഗദത്തൻ വൈഷ്ണാവസ്ത്രം പ്രയോഗിച്ച് പാണ്ഡവസേനയെ അതിഭീകരമായി കൊന്നൊടുക്കി. മറ്റാർക്കും തടുക്കാനാവാഞ്ഞ വൈഷ്ണവാസ്ത്രത്തെ കൃഷ്ണൻ നിർവീര്യമാക്കി. ഭഗദത്തന്റെ കൊലയാനയെ അഷ്ടദിക് ഗജങ്ങളിൽ ഒന്നായ സുപ്രതികനോടാണ് ഗ്രന്ഥകർത്താവ് ഉപമിച്ചിരിക്കുന്നത്.[28] ഭഗദത്തന്റെ ആന ഭീമനെ എടുത്ത് മേല്പോട്ട് എറിഞ്ഞു; ഭീമൻ താഴേക്ക് പതിക്കുമ്പോൾ കൊമ്പിൽ കോർത്ത് കൊല്ലാനായി കൊമ്പുകൾ മുകളിലോട്ടാക്കി നിർത്തി. ആ സമയത്ത് അർജ്ജുനൻ അവിടെ എത്തുകയും, ഒരു അമ്പിനാൽ ആനയുടെ ശിരസ്സും, മേല്പോട്ടാക്കി നിർത്തിയിരുന്ന വാലും, ഭഗദത്തന്റെ ശിരസ്സു മുറിച്ച് ഭീമനെ രക്ഷപെടുത്തി. ഭഗദത്തന്റെ മരണം കൗരവസേനയ്ക്ക് വലിയ ആഘാതം ഏൽപ്പിച്ചു.
ഭഗദത്തന്റെ മരണത്തെ തുടർന്ന്, അവന്റെ പുത്രനെ നകുലനും കർണ്ണപുത്രനായ വൃക്ഷസേനനെ അർജ്ജുനനും വധിച്ചു. ഇതുകണ്ട് പാണ്ഡവസേനയോട് ഏറ്റുമുട്ടിയ മറ്റു കർണ്ണപുത്രന്മാരും നകുലനാൽ കൊല്ലപ്പെട്ടു. മക്കളുടെ ദുരന്തവിവരം അറിഞ്ഞ കർണ്ണൻ കൂടുതൽ സമയം യുദ്ധക്കളത്തിൽ നിൽക്കാനാവാതെ മടങ്ങി. കൗരവസേനയ്ക്കു അതിഭീകരമായ പരാജയമായിരുന്നു പന്ത്രണ്ടാം ദിവസം. ദുഃഖിതനായ ദുര്യോധനൻ അന്ന് യുദ്ധം കഴിഞ്ഞ് ദ്രോണാചാര്യരേയും കർണ്ണനേയും ശകുനിയേയും, ജയദ്രഥനേയും തന്റെ കുടീരത്തിലേക്ക് വിളിച്ചു വരുത്തി. അടുത്തനാൾ എങ്ങനെ പാണ്ഡവസേനയെ തകർക്കാമെന്നുള്ള ചർച്ചകൾ ചെയ്തു. ദ്രോണാചാര്യർ ചക്രവ്യൂഹം ഒരുക്കുവാനും അതിലൂടെ അടുത്ത ദിവസം പാണ്ഡവസേനയെ വിദഗ്ദ്ധമായി എതിരിടാനും പദ്ധതികൾ ആസൂത്രണംചെയ്തു ഏവരും അന്നേക്ക് പിരിഞ്ഞു.
പതിമൂന്നാം ദിവസം (ദ്രോണപർവ്വം)
[തിരുത്തുക]പതിമൂന്നാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ദ്രോണർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) |
ലക്ഷണൻ, അശ്മകൻ, ശല്യസഹോദരൻ, ശല്യപുത്രൻ, മാത്രികവദൻ, ബൃഹൽബലൻ, ശകുനിയുടെ സഹോദരർ, സുശർമ്മൻ (അർജ്ജുനൻ) |
അഭിമന്യു (ഭരതൻ, ജയദ്രഥൻ) സഹദേവ്-മഗധ (ദ്രോണർ) |
ഉപയോഗിച്ച വ്യൂഹങ്ങൾ | ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി)[29] |
അർണ്ണവ്യൂഹം (സമുദ്രാകൃതി) |
പതിമൂന്നാം നാൾ ത്രിഗർത്ത രാജാവായ സുശർമ്മൻ ദക്ഷിണ സമരമുഖത്തും ദ്രോണർ ചക്രവ്യൂഹം ചമച്ച് ഉത്തരഭാഗത്തും നിലയുറപ്പിച്ചു. ചക്രവ്യൂഹത്തിൽ ദ്രോണരെ കൂടാതെ അശ്വത്ഥാമാവ്, കർണ്ണൻ, ജയദ്രഥൻ, ദുശ്ശാസനൻ, ദുര്യോധനപുത്രനായ ലക്ഷണൻ, ശല്യർ തുടങ്ങിയവർ നിലയുറപ്പിച്ചു. ത്രിഗർത്തനെ സഹായിക്കാൻ കംബോജ രാജാവ് സുദക്ഷിണനും, കൃമ്മീര പുത്രനായ അലംബുസനും തങ്ങളുടെ സേനാവ്യൂഹത്തോടെ എതിരിടാൻ തുടങ്ങി. അതിശക്തമായ കൗരവസേനയുടെ ഉത്തരഭാഗത്തുനിന്നുള്ള ആക്രമണത്തിൽ പാണ്ഡവപ്പട തിരിഞ്ഞോടി തുടങ്ങി. ഇതുമനസ്സിലാക്കി അർജ്ജുനൻ ത്രിഗർത്തനോട് ഏറ്റുമുട്ടി കൗരവസേനയെ ശക്തമായി എതിർത്തു. അർജ്ജുനൻ ഉത്തരഭാഗത്തു നിന്നു യുദ്ധം തുടങ്ങിയപ്പോൾ ചക്രവ്യൂഹം ചമച്ചുനിന്ന ദ്രോണർ ധർമ്മപുത്രരോടു ഏറ്റുമുട്ടി.
ചക്രവ്യൂഹം
[തിരുത്തുക]ദുര്യോധന നിർദ്ദേശപ്രകാരം ദ്രോണർ അർജ്ജുനനെ അടർക്കളത്തിൽ നിന്നകറ്റി നിർത്തി ചക്രവ്യൂഹം ചമച്ചു യുധിഷ്ഠിരനെ ബന്ധനസ്ഥനാക്കുവാനുള്ള മികച്ചയുദ്ധതന്ത്രമാണ് ഇതുകൊണ്ടു ഉദ്ദേശിച്ചത്. ഒരു പക്ഷേ യുദ്ധം അവസാനിപ്പിക്കുവാനും പാണ്ഡവരെ വീണ്ടും മറ്റൊരു വനവാസത്തിനയക്കുവാനും പതിമൂന്നാം നാളിലെ ഈ യുദ്ധംകൊണ്ടു സാധിക്കുമായിരുന്നു. അതാണ് കൗരവപക്ഷം തലേനാൾ തീരുമാനിച്ചുറപ്പിച്ചത്. വ്യാസൻ മഹാഭാരതത്തിൽ ചക്രവ്യൂഹം എന്നും, എഴുത്തച്ഛൻ തന്റെ കൃതിയിൽ പത്മവ്യൂഹം എന്നും പറയുന്നു. മുൻകൂട്ടിയുള്ള പടയൊരുക്കങ്ങളും സേനാവിന്യാസങ്ങളും ഈ വ്യൂഹത്തിൽ പ്രത്യക്ഷത്തിലുണ്ടാവില്ല എന്നുള്ളതാണ് ഈ യുദ്ധവ്യൂഹത്തിനുള്ള പ്രധാന പ്രത്യേകത. കൂമ്പടയുവാൻ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം എന്നതിനാലാവാം ചക്രവ്യൂഹം പത്മവ്യൂഹമായി എഴുത്തച്ഛൻ എഴുതിയത്. പ്രധാന ഗ്രന്ഥകർത്താവായ വ്യാസനു മുൻതൂക്കം നൽകുമ്പോൾ ചക്രവ്യൂഹം എന്നതാവും ചേരുക. ശത്രു ഉള്ളിലേക്ക് കടക്കുംതോറും വ്യൂഹത്തിലെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയിലാണ് ഇതിലെ പടനീക്കം. അകത്തും പുറത്തും നിൽക്കുന്ന പോരാളികൾ ഒരു ഭ്രമണപഥത്തിലെന്നവണ്ണം കറങ്ങികൊണ്ടിരിക്കുന്നു. മഹാരഥികൾ അവരവരുടെ യുദ്ധസ്ഥാനങ്ങൾ തുടർച്ചയായി ഇരുദിശകളിലും മാറിക്കൊണ്ടിരിക്കുന്ന ഈ സേനാവിന്യാസം തകർക്കുക വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നു വ്യാസമഹാഭാരതത്തിൽ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നു.
പതിനായിരക്കണക്കിനു പാണ്ഡവസേനകളെ ദ്രോണാചാര്യർ ചക്രവ്യൂഹം ചമച്ച് കൊന്നുതുടങ്ങി. ഇതുകണ്ടു ഭയവിഹ്വലനായ ധർമ്മപുത്രർ അഭിമന്യുവിനെ ചക്രവ്യൂഹം തകർക്കാൻ നിയോഗിച്ചു. അവനെ സഹായിക്കാൻ ഘടോൽകചനും എത്തി. അഭിമന്യു ധീരനായി ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറി. ഭീമനും, യുധിഷ്ഠിരനും, നകുല-സഹദേവന്മാരും അഭിമന്യുവിനെ സഹായിക്കാൻ എത്തി. ചക്രവ്യൂഹത്തിന്റെ പുറത്തുനിൽക്കുന്ന യോദ്ധാക്കളെ ചെറുത്ത് നിർത്തുകയും അവരെ തോൽപ്പിച്ച് ഉള്ളിൽ കടക്കാൻ ശ്രമിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ ജയദ്രഥൻ അവരെ എല്ലാവരെയും തടഞ്ഞു നിർത്തി അതിധീരമായി യുദ്ധം ചെയ്തു. (അർജ്ജുനനെ ഒഴിച്ച് പാണ്ഡവരെ നാലുപേരെയും യുദ്ധത്തിൽ ഒരു പ്രാവശ്യം തടഞ്ഞു നിർത്താനുള്ള വരം ശിവനിൽ നിന്നും ജയദ്രഥൻ സമ്പാദിച്ചിരുന്നു). ഘടോൽകചന്റെ ശക്തമായ ആക്രമണവും ജയദ്രഥന്റെ ചെറുത്തു നിൽപ്പിനു മുൻപിൽ ഒരു പ്രയോജനവും ചെയ്തില്ല. ചക്രവ്യൂഹത്തിനുള്ളിലകപ്പെട്ട അഭിമന്യുവിനു പുറത്തുകടക്കാൻ കഴിയാതെ വന്നു. അവനെ തനിച്ച് കൗരവസേന ചുറ്റുംനിന്നു ആക്രമിക്കാൻ ഇതുമൂലം സാധിച്ചു.
ഒടുവിൽ അഭിമന്യു തനിച്ച് ഉള്ളിൽ നിന്നു കൗരവർക്കെതിരെ യുദ്ധം ചെയ്തു. അഭിമന്യുവിനോട് ഏറ്റുമുട്ടിയ ദുര്യോധനപുത്രനായ ലക്ഷണനെ അഭിമന്യു ഒരസ്ത്രത്താൽ തലമുറിച്ചു കൊന്നു. ഇതിനെത്തുടർന്ന് അവനോട് ഏറ്റുമുട്ടിയ ശകുനിയുടെ സഹോദന്മാരെയും, ബൃഹൽബലനേയും അഭിമന്യു വധിച്ചു. ഈ സമയം കർണ്ണൻ ഒളിയമ്പെയ്ത് അഭിമന്യുവിന്റെ വില്ലിന്റെ ഞാൺ മുറിച്ചു [30]. ദ്രോണർ അവന്റെ കുതിരകളേയും കൊന്നുകളഞ്ഞു [31]. തേരാളിയായ സുമിത്രനെ ശല്യർ ഗദകൊണ്ട് അടിച്ചുകൊന്നു [32]. തേരും തേരാളി ഇല്ലാതായപ്പോൾ നിലത്തുനിന്നു യുദ്ധം തുടർന്ന അഭിമന്യുവിന്റെ വാളും പരിചയും കർണ്ണനും ദ്രോണരും ചേർന്ന് ഒളിയമ്പെയ്ത് തെറിപ്പിച്ചുകളഞ്ഞു. നിരായുധനായ അഭിമന്യുവിനോടു ചെയ്യുന്ന ചതിപ്രയോഗം യുദ്ധനീതിയല്ലെന്ന് ദ്രോണരെ കർണ്ണൻ പലപ്പോഴും ഓർമ്മപ്പെടുത്തിയെങ്കിലും അതുകൂട്ടാക്കാതെ ദ്രോണർ അഭിമന്യുവിനെ ചതിയാൽ കൊല്ലാൻ നിർദ്ദേശിച്ചു [33]. നിരായുധനായ അഭിമന്യു തകർക്കപ്പെട്ട തേരിന്റെ ചക്രവുമായി ചുറ്റും നിന്നു ആക്രമിക്കുന്ന കൗരവസേനയോട് അതിധീരമായി പോരാടി. പക്ഷേ കൗരവ പ്രമുഖന്മാരെല്ലാവരും ചേർന്ന് ബാലനായ അഭിമന്യുവിനെ ചതിപ്രയോഗത്തിൽ കൊന്നു കളഞ്ഞു. അവസാന നിമിഷത്തിലും അവൻ തന്നെ ആക്രമിച്ച ദുശ്ശാസനന്റെ പുത്രനായ ഭരതനെ ഗദകൊണ്ട് തലയ്ക്കടിച്ചു സാരമായ പരിക്കേൽപ്പിച്ചു. അവസാന സമയത്തും അവന്റെ പോരാട്ടത്തിൽ ഭയവിഹ്വലരായി ദുശ്ശാസനനും, ശല്യരും പിന്തിരിഞ്ഞോടി. അവസാന ശ്വാസംവരെയും തന്റെ പിതാവിനുവേണ്ടി ജീവിച്ച് ധീരപുത്രനായി അഭിമന്യു വീരസ്വർഗ്ഗം പൂകിയതായി ഗ്രന്ഥകാരൻ മഹാഭാരതത്തിൽ ദ്രോണപർവ്വത്തിൽ എഴുതിയിരിക്കുന്നു.
അർജ്ജുനശപഥം
[തിരുത്തുക]അഭിമന്യുവിന്റെ മരണം പാണ്ഡവരെ വളരെയേറെ ദുഃഖത്തിലാഴ്ത്തി. യുധിഷ്ഠിരന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ചക്രവ്യൂഹം അഭിമന്യു ഭേദിച്ച് അകത്തുകടന്നതും മരണപ്പെട്ടതും. ആ കാരണത്താൽ യുധിഷ്ഠിരൻ വളരെയധികം സങ്കടപ്പെട്ടു. അദ്ദേഹത്തിനു മുൻപിൽ വ്യാസൻ ആഗതനായി ഷോഡശരാജാക്കന്മാരുടെ കഥകൾ വിസ്തരിക്കുകയും തുടർന്ന് പല ഉപദേശങ്ങളും നൽകി അദ്ദേഹം സമാധാനിപ്പിച്ചു. മകന്റെ മരണ വാർത്തയറിഞ്ഞ അർജ്ജുനൻ മോഹാലസ്യപ്പെട്ടുവീണു. കൃഷ്ണൻ അർജ്ജുനനെ സമാധാനപ്പെടുത്തി. പക്ഷേ ദുഃഖാർത്തനായ അർജ്ജുനൻ തന്റെ പുത്രനെ കൊന്ന ജയദ്രഥന്റെ ശിരസ്സ് നാളെ സൂര്യാസ്തമയത്തിനു മുൻപു എയ്തുവീഴ്തുമെന്നും, അല്ലെങ്കിൽ ഗാണ്ഢീവത്തോടെ അഗ്നിയിൽ ചാടിമരിക്കുമെന്നും ശപഥം എടുത്തു. പുത്രദുഃഖത്താൽ സങ്കടപ്പെടുന്ന അർജ്ജുനനെ സമാധാനിപ്പിക്കാൻ കൃഷ്ണൻ അന്നു രാത്രിതന്നെ ദേവലോകത്ത് കൂട്ടിക്കൊണ്ടുപോയി വീരസ്വർഗ്ഗം പ്രാപിച്ച പുത്രനെ കാണിച്ചു കൊടുത്തു. അർജ്ജുനന്റെ ഉഗ്രശപഥം ഇതിനോടകം ചാരന്മാർ മുഖാന്തരം കൗരവർ അറിഞ്ഞുകഴിഞ്ഞിരുന്നു. എങ്ങനെയും ജയദ്രഥനെ രക്ഷിക്കണമെന്നു ഏവരും ചേർന്നു തീരുമാനം എടുത്തു.
പതിനാലാം ദിവസം (ദ്രോണപർവ്വം)
[തിരുത്തുക]പതിനാലാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ദ്രോണർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) |
ജയദ്രഥൻ (അർജ്ജുനൻ) ഭരതൻ (ഘടോൽകചൻ) വൃക്ഷസേനൻ (ഭീമൻ) അലംബുസൻ (ഘടോൽകചൻ) ബാൽഹികൻ (ഭീമൻ) സോമദത്തൻ (സാത്യകി) ഭൂരിശ്രവസ്സ് (സാത്യകി) |
ഘടോൽകചൻ (കർണ്ണൻ) |
ഉപയോഗിച്ച വ്യൂഹങ്ങൾ | കമലവ്യൂഹം (വിരിഞ്ഞ താമരപൂവിന്റെ ആകൃതി) സൂചിവ്യൂഹം (സൂചിയുടെ ആകൃതി) ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി) |
മാലവ്യൂഹം (പുഷ്പചക്രാകൃതി) |
പതിനാലാം ദിവസം രാവിലെ കൃഷ്ണൻ അർജ്ജുനനേയും കൂട്ടി ഉത്തരയേയും, സുഭദ്രയേയും, പാഞ്ചാലിയേയും കണ്ട് അഭിമന്യുവിന്റെ മരണവിവരം അറിയിക്കാൻ അവർ താമസിച്ചിരുന്ന സ്യമന്തകതീർത്ഥക്കരയിലേക്ക് തിരിച്ചു. ദുഃഖവാർത്തയറിഞ്ഞ് ഉത്തരയും, സുഭദ്രയും ബോധരഹിതരായി. എല്ലാവരേയും സമാശ്വസിപ്പിച്ചു കൃഷ്ണാർജ്ജുനന്മാർ തിരിച്ച് കുരുക്ഷേത്രയുദ്ധഭൂമിയിൽ എത്തിച്ചേർന്നു. അർജ്ജുനശപഥത്തിൽ സംഭ്രീതനായ ജയദ്രഥനെ സംരക്ഷിക്കേണ്ടത് ദുര്യോധനാദികളുടെ ചുമതലയായിരുന്നു. ഒരേയൊരു സഹോദരിയായ ദുശ്ശളയുടെ ഭർത്താവ് സിന്ധുരാജാവായ ജയദ്രഥനെ രക്ഷിക്കുവാനായി കൗരവർ കമലവ്യൂഹവും അതിനുള്ളിൽ സൂചിവ്യൂഹവും ചമച്ച് (ഇരട്ടവ്യൂഹങ്ങൾ) ജയദ്രഥനെ അതിനുള്ളിൽ നിർത്തി. ജയദ്രഥനു ചുറ്റും ശല്യരും, കർണ്ണനും, അശ്വത്ഥാമാവും, കൃപാചാര്യരും കാവൽ നിന്നു. അതിനു മുൻപിലായി ഭൂരിശ്രവസ്സും, വൃക്ഷസേനനും സൂചിവ്യൂഹത്തിന്റെ പ്രവേശനഭാഗത്ത് കൃതവർമ്മാവും ജയദ്രഥനെ രക്ഷിക്കാൻ നിലയുറപ്പിച്ചു. അതിനു പുറത്ത് കമലവ്യൂഹം ചമച്ച് ദുര്യോധനനും, ദുശ്ശാസനനും ആരെയും ഉള്ളിൽ കടക്കാതിരിക്കാൻ അതിശക്തമായി കാവൽ നിന്നു. ഏറ്റവും പുറത്ത് ദ്രോണാചാര്യരും നിലയുറപ്പിച്ചു. ജയദ്രഥനെ ഇന്ന് സൂര്യാസ്തമയം വരെ രക്ഷിക്കുമ്പോൾ അർജ്ജുനൻ സ്വയം മരിച്ചു കൊള്ളുമെന്നുള്ള അർജ്ജുനശപഥം അവരെ കൂടുതൽ രക്ഷോമുഖന്മാരായി പ്രവർത്തിക്കുവാൻ കാരണമാക്കി.
ജയദ്രഥവധം
[തിരുത്തുക]ധർമ്മപുത്രർക്കു കൂട്ടായി സാത്യകിയെ നിർത്തിയാണ് നാലു അനുജന്മാരും യുദ്ധത്തിനു പുറപ്പെട്ടത്. അർജ്ജുനന്റെ ഇന്നത്തെ ലക്ഷ്യം ജയദ്രഥവധം മാത്രമായിരുന്നു. യുദ്ധഭൂമിയിൽ മുഴുവനും തിരഞ്ഞിട്ടും ജയദ്രഥനെ കണ്ടെത്താൻ പാർത്ഥനായില്ല. അവസാനം ജയദ്രഥൻ പത്മവ്യൂഹത്തിനുള്ളിലാണെന്നു മനസ്സിലാക്കി, ഭീമനും അർജ്ജുനനും ചേർന്ന് പത്മവ്യൂഹം തകർത്തു അകത്തുകടക്കാൻ ശ്രമിച്ചു. ധർമ്മപുത്രരുടെ നിർദ്ദേശത്തെത്തുടന്ന് സാത്യകിയും യുദ്ധക്കളത്തിൽ അർജ്ജുനനെ സഹായിക്കാൻ ഇതിനോടകം എത്തിച്ചേർന്നു. ദ്രോണരും, ദുര്യോധനനും, ദുശ്ശാസനനും ചേർന്ന് ഇവരെ അതിശക്തമായി എതിർത്തു. ദ്രോണരൊഴികെ ഏവരും പരാജിതനായി അവിടെ നിന്നും മാറിക്കളഞ്ഞു. അവസാനം പത്മവ്യൂഹം തകർത്ത് ദ്രോണരേയും അവിടെ നിന്നകറ്റാൻ പാർത്ഥനായി. അതിനെത്തുടർന്ന് പാർത്ഥനോട് സൂചിവ്യൂഹം ചമച്ചു എതിർത്തുനിന്ന കൃതവർമ്മാവ് ഗത്യന്തരമില്ലാതെ ഓടിക്കളഞ്ഞു. പിന്നീട് ഇവരെ എതിർത്ത ഭൂരിശ്രവസ്സിനേയും വൃക്ഷസേനനേയും സാത്യകിയും ഭീമനും ചേർന്നു കൊന്നു. പുറത്തു നടക്കുന്ന ശബ്ദബഹുലമായ യുദ്ധകാഹളത്തിൽ ഭയാകുലനായ ജയദ്രഥനെ കർണ്ണൻ സമാശ്വസിപ്പിച്ചുകൊണ്ടിരുന്നു.
എങ്ങനെയും ജയദ്രഥനെ രക്ഷിക്കണമെന്നു തീരുമാനിച്ച് യുദ്ധത്തിൽ നിന്നും ഓടിമാറിയവർ വീണ്ടും ധൈര്യം വീണ്ടെടുത്ത് തിരിച്ച് അവിടെതന്നെ എത്തിച്ചേർന്നു. ഈ സമയം കൃഷ്ണൻ തന്റെ സുദർശന ചക്രത്താൽ സൂര്യബിംബത്തെ മറയ്ക്കുകയും സൂര്യാസ്തമയമായി എന്നു തെറ്റിധരിച്ച് ഏവരും യുദ്ധം മതിയാക്കി. കൗരവർ അർജ്ജുനന്റെ ആത്മാഹുതി കാണുവാൻ കൂട്ടത്തോടെ ഒത്തുകൂടി. അവസാനം ജയദ്രഥനും പുറത്തുവന്നു എന്നു മനസ്സിലാക്കിയപ്പോൾ കൃഷ്ണൻ സൂര്യന്റെ മറമാറ്റി സുദർശനത്തെ തിരിച്ചെടുത്തു. സമയം ഒട്ടുപാഴാക്കാതെ അർജ്ജുനനോട് അമ്പ് എയ്ത് ജയദ്രഥനെ നിഗ്രഹിക്കാൻ നിർദ്ദേശിച്ചു. ജയദ്രഥന്റെ നിർജ്ജീവമായ തല ആരു നിലത്തിടുന്നൊവൊ അവന്റെ ശിരസ്സു പൊട്ടിപോകാനുള്ള വരം ജയദ്രഥന്റെ അച്ഛൻ ഭഗവാൻ ശിവനിൽ നിന്നും സമ്പാദിച്ചിരുന്നു. അതിനാൽ ഒന്നിനു പുറകെ ഒന്നായി അമ്പെയ്ത് ജയദ്രഥന്റെ ശിരസ്സ് സിന്ധുരാജ്യംവരെ എത്തിച്ചു. സന്ധ്യാവന്ദനത്തിനായി പുറത്തേക്കിറങ്ങിയ വൃദ്ധക്ഷത്രന്റെ മടിത്തട്ടിലേക്കാണ് തലവന്നു വീണത്. പെട്ടെന്നു മടിയിൽ തലവീണപ്പോൾ പേടിച്ച് തട്ടിത്താഴെയിടുകയും കൂട്ടത്തിൽ ആ വൃദ്ധപിതാവിന്റെ ശിരസ്സും തകർന്നുപോയി. ജയദ്രഥവധത്തിനുശേഷം വീണ്ടും യുദ്ധംതുടർന്നു അർജ്ജുനനും കൃപരുമായി യുദ്ധംചെയ്തെങ്കിലും കൃപർ അവശനായി മടങ്ങി.
രാത്രിയുദ്ധം
[തിരുത്തുക]പകൽ നടന്ന യുദ്ധത്തിൽ ഉണ്ടായ കൗരവപ്പടയുടെ പരാജയം ദുര്യോധനനെ വളരെയധികം ദുഃഖത്തിലാഴ്ത്തി. ദുര്യോധനൻ ദ്രോണരുടെ കുടീരത്തിൽ വന്ന് അന്നു പകലു സംഭവിച്ച പരാജയകാരണങ്ങൾ ചർച്ച ചെയ്തു, കൂട്ടത്തിൽ ദ്രോണരോട് കയർത്തു സംസാരിക്കുകയും ചെയ്തു. കോപാകുലനായ ദ്രോണർ രാത്രിയുദ്ധം ചെയ്യാൻ തയ്യാറായി യുദ്ധക്കളത്തിലെത്തി ശംഖുനാദവും പടഹധ്വനിയും മുഴക്കി. ദ്രോണാചാര്യരുടെ ശംഖുവിളികേട്ട് പാണ്ഡവസേനയും യുദ്ധത്തിനായി എത്തിച്ചേർന്നു. കുരുക്ഷേത്രയുദ്ധത്തിലെ ആദ്യ രാത്രിയുദ്ധമായിരുന്നു ഇത്. രാത്രീഞ്ചരനായ ഘടോൽകചനു വളരെ ശക്തമായി ആക്രമണം നടത്തുവാൻ രാത്രിയുദ്ധം സഹായിച്ചു. അവന്റെ മുൻപിൽ വന്നുപെട്ട എല്ലാത്തിനേയും കാലപുരിക്കയച്ചുകൊണ്ട് അതിധീരമായി കൗരവപ്പടയോട് ഏറ്റുമുട്ടി. ഇരവാന്റെ മരണത്തിനു കാരണക്കാരനായ അലംബുസനെ (കൃമ്മീരപുത്രൻ) ഈ രാത്രിയിലാണ് ഘടോൽകചൻ കൊല്ലുന്നത്. ദ്രോണരും, കൃതവർമ്മാവും, ശല്യരും, കൃപരും, ദുര്യോധനാദികളും എന്നുവേണ്ട കൗരവസേനയിലെ ഏവരും രാത്രിയിലെ നിഴലിൽ എവിടെയൊക്കൊയൊ പ്രണരക്ഷാർത്ഥം ഓടിഒളിച്ചു. കർണ്ണനു തന്റെ സാരഥിയേയും, രഥവും, കുതിരകളേയും നഷ്ടമായി. ഘടോൽകചനാൽ കർണ്ണൻ വധിക്കപ്പെടുമെന്നുള്ള ഘട്ടത്തിൽ ദേവേന്ദ്രൻ കൊടുത്ത ദിവ്യവേൽ അവനു നേരെ പ്രയോഗിച്ചു. (അർജ്ജുനനു വേണ്ടി സൂക്ഷിച്ചു വെച്ചിരുന്ന വേലാണ് ഘടോൽകചന്റെ ജീവനെടുത്തത്). ശന്തനുവിന്റെ അനുജനായ ബാൽഹികനും കൗരവസേനയിൽ പങ്കെടുത്തിരുന്നു. വാഹലികം (ഇപ്പോൾ കാശ്മീർ) എന്ന രാജ്യത്തിലെ രാജാവായിരുന്നു അദ്ദേഹം. അദ്ദേഹവും അദ്ദേഹത്തിന്റെ പുത്രൻ സോമദത്തനും, സോമദത്തന്റെ പുത്രൻ ഭൂരിശ്രവസ്സും, ഭൂരിശ്രവസ്സിന്റെ പുത്രന്മാരും കൗരവസേനയിൽ ഉൾപ്പെട്ടിരുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ബാൽഹികൻ (ഭീഷ്മരുടെ ഇളയച്ഛൻ). ബാൽഹികനെ രാത്രിയുദ്ധത്തിൽ ഭീമൻ കൊന്നു. (ഭീമന്റെ പിതാവ്, പാണ്ഡുവിന്റെ പിതാവ്, വിചിത്രവീരന്റെ പിതാവ്, ശന്തനുവിന്റെ ഇളയച്ഛനാണ് ബാൽഹികൻ). സോമദത്തനേയും, ഭൂരിശ്രവസ്സിനേയും, അവന്റെ പുത്രന്മാരെയും സാത്യകിയും കൊന്നു. ഈ യുദ്ധത്തിൽ രണ്ടുസേനകളിലും നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. രാത്രിയുദ്ധം അവസാനിപ്പിച്ച് തിരിച്ചു മടങ്ങിയെത്തിയ പാണ്ഡവർ കൃഷ്ണന്റെ നിർദ്ദേശത്താൽ മണ്ണുകുഴച്ച് ഒരാനയെ ഉണ്ടാക്കി അതിനു അശ്വത്ഥാമാവ് എന്നുപേരിട്ടു. അതിനുശേഷം വാളുകൊണ്ട് അതിന്റെ തലവെട്ടിമാറ്റി.
പതിനഞ്ചാം ദിവസം (ദ്രോണപർവ്വം)
[തിരുത്തുക]പതിനഞ്ചാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ദ്രോണർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) | ദ്രോണർ (ധൃഷ്ടദ്യുമ്നൻ) | -- |
പാണ്ഡവരേയും സൈന്യത്തേയും മുഴുവനായി നശിപ്പിക്കാനുള്ള തയ്യാറെടുപ്പോടെയാണ് ദ്രോണർ പതിനഞ്ചാം ദിവസം യുദ്ധഭൂമിയിൽ എത്തിയത്. ധർമ്മാധർമ്മങ്ങളെ മറന്ന് പൈശാചികമായ നരവേട്ടയാണ് ആചാര്യൻ ചെയ്തുകൊണ്ടിരുന്നത്. ആർക്കുവേണ്ടിയാണെന്നൊ, എന്തിനുവേണ്ടിയാണെന്നൊ മറന്നുള്ള ദ്രോണാചാര്യരുടെ യുദ്ധംകണ്ട് വിശ്വാമിത്രൻ, അത്രി, വസിഷ്ഠൻ, അംഗിരസ്സ് എന്നിമഹർഷിമാർ അവിടേക്ക് എഴുന്നള്ളി ദ്രോണരെ ക്രൂരപ്രവൃത്തികളിൽ നിന്നും പിന്തിരിയാൻ ഉപദേശിച്ചു. പക്ഷേ തനിക്കു സ്വാതന്ത്ര്യം ഇല്ല എന്നു മറുപടി പറഞ്ഞ് ബ്രാഹ്മണനായ അദ്ദേഹം ഹിംസാത്മകമായ ക്ഷത്രിയധർമ്മം തുടർന്നു. ശത്രുസേനയെ ഒരസ്ത്രത്താൽതന്നെ ഉന്മൂലനാശം വരുത്തുവാനായി ആഗ്നേയാസ്ത്രം പ്രയോഗിക്കാൻ ഭാവിക്കുന്നതുകണ്ട് ഭഗവാൻ കൃഷ്ണൻ സുദർശനം കയ്യിലെടുത്തു. ഈ സമയം യുധിഷ്ഠിരൻ ഇങ്ങനെ വിളിച്ചു പറഞ്ഞു.
ഗുരോ! അശ്വത്ഥാമാവ് കഴുത്തറുത്ത് കൊല്ലപ്പെട്ടിരിക്കുന്നു.
ഇതു കേട്ട് ദ്രോണർ രഥത്തിൽ സതംഭിച്ചിരുന്നുപോയി. ധർമ്മപുത്രർ ഒരിക്കലും കളവുപറയില്ല എന്നു നന്നായി അറിയാമായിരുന്ന ദ്രോണർ സങ്കടത്തോടെ താന്തശരീരനായി നിൽക്കുമ്പോൾ പ്രതികാരബുദ്ധിയോടെ ധൃഷ്ടദ്യുമ്നൻ വാളുമായി പാഞ്ഞടുത്തു. പക്ഷേ ദ്രോണർ അവനെ അമ്പെയ്തു ദൂരെ പായിച്ചു. ധൃഷ്ടദ്യുമ്നൻ ഇരുപത്തിഒന്നു തവണ ദ്രോണരെ വെട്ടുവാനായി പാഞ്ഞടുത്തെങ്കിലും ദ്രോണാർ അപ്പോഴൊക്കെ അവനെ തിരിച്ചു ഓടിച്ചു. ഈ സമയം ഭീമൻ വിളിച്ചു പറഞ്ഞു. ഗുരുനാഥാ! അശ്വത്ഥാമാവ് മരിച്ചു കിടക്കുമ്പോൾ അങ്ങ് വീണ്ടും നരവേട്ടയാടി ആനന്ദിക്കുവാണോ? ഇതുകേട്ട് ദുഃഖാർത്ഥനായ ആചാര്യൻ തന്റെ അമ്പും വില്ലും ആവനാഴിയും എല്ലാം വലിച്ചെറിഞ്ഞ് ചിന്താധീനനായി തേർതട്ടിലിരുന്നു. ആ സമയം ഒട്ടും കളയാതെ ധൃഷ്ടദ്യുമ്നൻ മിന്നൽപ്പിണർ വേഗത്തിൽ ഓടിയടുത്തു, തന്റെ വാളിനാൽ ദ്രോണരുടെ തലയറുത്തു താഴെയിട്ടു.[32] എല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞു. യുദ്ധനിയമം അനുശാസിക്കാത്ത പ്രവൃത്തികണ്ട് സാത്യകി ധൃഷ്ടദ്യുമ്നനോട് പരുഷമായി എതിർത്തു സംസാരിച്ചെങ്കിലും ഭീമൻ ഇടപെട്ടു സാത്യകിയെ സമാധാനപ്പെടുത്തി.
പിതാവ് മരിച്ചതറിഞ്ഞ് അശ്വത്ഥാമാവ് അവിടെ ഓടിയെത്തി. വന്നപാടേ ഒന്നുമാലോചിക്കാതെ സംഹാരരുദ്രനായി നാരായണാസ്ത്രം പ്രയോഗിച്ചു. ജ്വലിച്ചുവരുന്ന അസ്ത്രത്തെ ഒട്ടും ഭയപ്പെടാതെ വന്ദിച്ചു നമസ്കരിക്കാൻ കൃഷ്ണനും അർജ്ജുനനും വിളിച്ചു പറഞ്ഞു. പക്ഷേ ഭീമൻ മാത്രം അതുകേൾക്കാതെ നിരസിച്ചു നിന്നു. ഉപദേശിച്ചു നിൽക്കാൻ സമയമില്ല എന്നു മനസ്സിലാക്കി അർജ്ജുനൻ ഓടിയെത്തി ഭീമനെ ബലമായി കെട്ടിപ്പിടിച്ചു നിലത്തു നമസ്കരിപ്പിച്ചു. നാരായണാസ്ത്രം ഫലം കാണാതെ വന്നപ്പോൾ അശ്വത്ഥാമാവ് ആഗ്നേയാസ്ത്രം പ്രയോഗിച്ചു. അർജ്ജുനൻ വരുണാസ്ത്രം അയച്ച് അതിനെ തടുത്തു. കൂടുതൽ അവിടെ നിൽക്കാൻ ആഗ്രഹിക്കാതെ അശ്വത്ഥാമാവ് ഒരു ഭ്രാന്തനെപ്പോലെ പടക്കളത്തിൽ നിന്നും ഓടിമറഞ്ഞു. സൂര്യൻ അസ്തമിച്ചതോടെ യുദ്ധം മതിയാക്കി ഏവരും പടകുടിരങ്ങളിലേക്ക് മടങ്ങി.
പതിനാറാം ദിവസം (കർണ്ണപർവ്വം)
[തിരുത്തുക]പതിനാറാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | കർണ്ണൻ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) |
ചിത്രസേനൻ (ശ്രുതകർമ്മാവ് ) ചിത്രൻ (പ്രതിവിന്ധ്യൻ) ത്രിഗർത്തസേന (അർജ്ജുനൻ) പ്രൗണ്ഡകൻ (നകുലൻ) |
കേകേയ സേന (കർണ്ണൻ) |
ഉപയോഗിച്ച വ്യൂഹങ്ങൾ | മകരവ്യൂഹം (മുതലയുടെ ആകൃതി) | അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി) |
ദ്രോണരുടെ മരണത്തെത്തുടർന്ന് പതിനാറാം ദിവസം രാവിലെ സൂര്യോദയത്തെ തുടർന്ന് ദുര്യോധനൻ സൂര്യപുത്രനെ സർവ്വസേനാധിപതിയായി കുംഭാഭിഷേകം ചെയ്തു. തുടർന്നുള്ള രണ്ടു ദിവസങ്ങൾ കർണ്ണനായിരുന്നു കൗരവസേനയ്ക്കു നേതൃത്വം നൽകിയത്. മഹാഭാരതത്തിൽ പതിനാറും പതിനേഴും യുദ്ധദിവസങ്ങൾ വർണ്ണിക്കുന്നത് കർണ്ണപർവ്വത്തിലാണ്. സർവ്വസേനാധിപനായി കർണ്ണനായതിനാൽ ഗ്രന്ഥകർത്താവ് കർണ്ണപർവ്വം എന്നു പേരു കൊടുത്തു.[26] കർണ്ണപർവ്വത്തിൽ 69 അദ്ധ്യായങ്ങളും 4900 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. സ്ഥാനാഭിഷേകത്തെ തുടർന്ന് ഏവരും വെടിപഹാദികളോടെ കുരുക്ഷേത്രഭൂമിയിലേക്ക് തിരിച്ചു. മകരവ്യൂഹം ചമച്ച് കർണ്ണൻ തയ്യാറായപ്പോൾ അർദ്ധചന്ദ്ര വ്യൂഹം ചമച്ച് പാണ്ഡവസേനയും എതിർചേരിയിൽ അണിയുറപ്പിച്ചു.
കർണ്ണൻ സേനാധിപതിയായിട്ടും കൗരവസേനയ്ക്കു വലിയപ്രയോജനം ഒന്നും വന്നില്ല. നകുലനും, സഹദേവനും ചേർന്ന് വംഗസേനയേയും, ഗാന്ധാരസേനയേയും തകർത്തു. തുടർന്ന് വംഗരാജാവായ പ്രൗണ്ഡകനെ നകുലനും, ത്രിഗർത്തസേനയെ അർജ്ജുനനും ഇല്ലാതാക്കി. സഹദേവൻ ശകുനിയെ തോല്പിച്ച് കൊല്ലാനായി വാളോങ്ങിയപ്പോൾ കരഞ്ഞുകൊണ്ട് അവൻ ഓടിമാറി കർണ്ണരഥത്തിലേറി രക്ഷപ്പെട്ടു. യുധിഷ്ഠിരനും ദുര്യോധനനുമായുണ്ടായ ദ്വന്ദ്വയുദ്ധത്തിൽ ദുര്യോധനൻ പരാജിതനായി. ഭീമന്റെ ശപഥം നിറവേറ്റാനായി ധർമ്മപുത്രർ ദുര്യോധനനെ വെറുതെവിട്ടു.
കർണ്ണശാപം
[തിരുത്തുക]ദുര്യോധനന്റെ സങ്കടവും പരിഭവവും കലർന്നവാക്കുകൾ കേട്ട് കർണ്ണൻ തന്റെ ശാപകഥ അവനോട് പറയുന്നു. ദ്രോണാചാര്യരുടെ കീഴിൽ ആയുധവിദ്യ പഠിക്കുന്നകാലത്ത് തനിക്ക് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണം എന്നപേക്ഷിച്ചെങ്കിലും ഒരു സൂതപുത്രനു പറഞ്ഞു കൊടുക്കില്ലെന്നു അദ്ദേഹം തീർത്തു പറഞ്ഞു. പഠിക്കാനുള്ള ആഗ്രഹത്താൽ ബ്രാഹ്മണബാലനായി വേഷം മാറി പരശുരാമന്റെ ശിഷ്യനായി. അദ്ദേഹം ക്ഷത്രിയ വിരോധിയായിരുന്നതിനാലാണ് ബ്രാഹ്മണവേഷത്തിൽ വേഷംമാറി ചെന്നത്. പരശുരാമനിൽ നിന്നും പലദിവ്യാസ്ത്രപ്രയോഗവിദ്യകളും സ്വായത്തമാക്കി. ഒരിക്കൽ പരശുരാമൻ ക്ഷീണിതനായി കർണ്ണന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ രക്തദാഹിയായ ഒരു വണ്ടുവന്ന് അവന്റെ തുടയിൽ കുത്തിതുരക്കാൻ തുടങ്ങി. കാലനക്കിയാൽ ഗുരുനാഥനു നിദ്രാഭംഗം വരുമെന്നു കരുതി അനക്കാതെ വേദന സഹിച്ചിരുന്നു. ഗുരുനാഥൻ ഉണർന്നു നോക്കുമ്പോൾ ചോരയിൽ മുങ്ങിയിരുന്ന കർണ്ണനെ കണ്ടു. ക്ഷത്രിയനല്ലാതെ ഈ വേദന ക്ഷമയോടെ സഹിക്കുവാൻ ഒരു ബ്രാഹ്മണനു സാദ്ധ്യമല്ലെന്നു ദൃഢമായി ഉറച്ചുകൊണ്ട് പരശുരാമൻ കോപിഷ്ഠനായി. സത്യം പറഞ്ഞപ്പോൾ അദ്ദേഹം കർണ്ണനെ ശപിച്ചു.
യുദ്ധം മുറുകിവരുമ്പോൾ നിനക്ക് യുക്തിതോന്നാതെ പോകട്ടെ !!
കർണ്ണൻ തുടർന്നു; അർജ്ജുനനു അവന്റെ പിതാവായ ദേവേന്ദ്രൻ നൽകിയ മണിമയമായ കിരീടവും, വരുണൻ കൊടുത്ത ഗാണ്ഡീവവും, ഒടുങ്ങാത്ത ആവനാഴിയും, ഭഗവാൻ ശിവനിൽനിന്നു ലഭിച്ച പാശുപതവും എല്ലാത്തിനും പുറമെ കൃഷ്ണൻ സാരഥിയായും ഉണ്ട്. പലദിവ്യാസ്ത്രവിദ്യകളും അറിയാവുന്ന തനിക്കു നല്ലൊരു തേരാളിയെ കിട്ടിയാൽ നിഷ്പ്രയാസം യുദ്ധം ജയിക്കാം. കർണ്ണന്റെ ആഗ്രഹപ്രകാരം ദുര്യോധനന്റെ അപേക്ഷയിൽ മാദ്രരാജാവായ ശല്യർ കർണ്ണന്റെ തേരാളിയാവാമെന്നു സമ്മതിച്ചു.
പതിനേഴാം ദിവസം (കർണ്ണപർവ്വം)
[തിരുത്തുക]പതിനേഴാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | കർണ്ണൻ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) | ദുശ്ശാസനൻ (ഭീമസേനൻ) 77 ധൃതരാഷ്ട്രപുത്രർ (ഭീമൻ) കർണ്ണൻ (അർജ്ജുനൻ) |
-- |
ദുര്യോധനൻ ശല്യരുടെ മുൻപിൽ താണപേക്ഷിച്ചതിനെത്തുടർന്ന് കർണ്ണസാരഥിയാവാൻ അദ്ദേഹം സമ്മതിച്ചു. അതിനു ഉദാഹരണമായി ദുര്യോധനൻ ത്രിപുരദഹനകഥ ശല്യർക്കു പറഞ്ഞുകൊടുക്കുന്നുണ്ട്. മാദ്രമഹാരാജാവായ ശല്യർ ഒരു കയ്യിൽ ചമ്മട്ടിയും മറുകയ്യിൽ കുതിരയുടെ കടിഞ്ഞാണും പിടിച്ച് കർണ്ണന്റെ തേർ തെളിച്ചു. സൂര്യതേജ്വസിയായി കർണ്ണൻ കാളപൃഷ്ഠമെന്ന ചാപവും കുലച്ച് ചതുരംഗസേനകളുടെ അകമ്പടിയോടെ കുരുക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ധർമ്മപുത്രർക്കു കൊടുത്ത വാക്കുപാലിക്കാൻ ഈ അവസരം ഭംഗിയായി ശല്യർ ഉപയോഗിച്ചു. കർണ്ണൻ ആത്മപ്രശംസ നടത്തുന്ന സമയങ്ങളിൽ അതിനെ നിശ്ശിതമായി അദ്ദേഹം ഖണ്ഡിച്ചുകൊണ്ടിരുന്നു. ശല്യരുടെ കുത്തുവാക്കുകൾ കേട്ട് പലപ്പോഴും കർണ്ണൻ അക്ഷമനായി. ധർമ്മപുത്രരുമായി ഏറ്റുമുട്ടിയ കർണ്ണൻ അദ്ദേഹത്തെ തോൽപ്പിച്ചെങ്കിലും കുന്തിക്കു കൊടുത്തവാക്കുപാലിക്കാനായി യുധിഷ്ഠിരനെ കൊല്ലാതെ വിട്ടു.
ദുശ്ശാസനവധം
[തിരുത്തുക]പതിനേഴുദിവസമായി ദുശ്ശാസനനെ തേടിനടന്ന ഭീമൻ ദുശ്ശാസനനെ കാണുകയും ദ്വന്ദ്വയുദ്ധത്തിനു പോർവിളിക്കുകയും ചെയ്തു. രണ്ടു മത്തഗജങ്ങൾ ഏറ്റുമുട്ടുന്നതുപോലെ ഇരുവരും കുരുക്ഷേത്രയുദ്ധഭൂമിയിൽ ഏറ്റുമുട്ടി. രണ്ടുപേരുടെ ഗദകളും തകർന്നപ്പോൾ മുഷ്ടിയുദ്ധം ആരംഭിച്ചു. ഭീമൻ കോപാന്ധനായി ദുശ്ശാസനനെ അവൻ മുൻപു പാണ്ഡവരോടു ചെയ്തുകൂട്ടിയ തിന്മകൾ വിളിച്ചുപറഞ്ഞു വളരെയധികം അധിക്ഷേപിച്ചുകൊണ്ടിരുന്നു. ഒടുവിൽ തരം കിട്ടയപ്പോൾ ഭീമൻ ദുശ്ശാസനനെ തള്ളിതാഴെയിട്ട് ഗദകൊണ്ട് ശിരസ്സിലടിച്ചു. തലപൊട്ടി താഴെവീണ ദുശ്ശാസനന്റെ പുറത്തു നിന്നുകൊണ്ട് തന്നോടും സഹോദരന്മാരോടും ദ്രൗപദിയോടും ചെയ്ത ഒരോ ദുഷ്പ്രവൃത്തികൾക്കും എണ്ണിയെണ്ണി പറഞ്ഞ് ഗദകൊണ്ട് തലക്കും നെഞ്ചത്തും അടിച്ചുകൊന്നു. അവസാനം ദുശ്ശാസനന്റെ നെഞ്ചിൽ ഇരുന്ന് മാറുപിളർന്ന് കുടൽമാലകൾ പുറത്തിട്ട് ചോരകുടിച്ചു ആർത്തട്ടഹസിച്ചു. കണ്ടാൽ ഏവരും പേടിച്ചു പോകുന്നവിധമുള്ള ഭീമന്റെ പ്രവൃത്തിയായിരുന്നു അവിടെ അരങ്ങേറിയത്. പാർഷദിയുടെ അഴിച്ചിട്ട തലമുടിയിൽ പുരട്ടാനുള്ള ചോരയുമായി കുടൽമാലകൾ ശരീരത്തിൽ വാരിവലിച്ചിട്ട് ഭീമൻ സ്യമന്തപഞ്ചകത്തിലേക്ക് ഓടി. കുടൽമാലകൾ കഴുത്തിൽ ചുറ്റി ചോരയിൽ കുളിച്ചു നിൽക്കുന്ന ഭീമനെ കണ്ട് പാഞ്ചാലി പേടിച്ചുപോയി. ചെന്നപാടെ ദുശ്ശാസനനന്റെ ചോര പാഞ്ചാലിയുടെ മുടിയിൽ പുരട്ടികൊടുത്തു. ശപഥം നിറവേറ്റി വർഷങ്ങൾക്കുശേഷം ദ്രൗപദി തന്റെ മുടികെട്ടി. ദുശ്ശാസനന്റെ ചോരകുടിച്ചു ഭീമനും ശപഥം പൂർത്തിയാക്കി. ധൃതരാഷ്ട്രസഭയിലുണ്ടായ ദ്രൗപദിവസ്ത്രാക്ഷേപമായിരുന്നു ഇരുവരുടെയും ശപഥത്തിനു കാരണം. വീണ്ടും യുദ്ധക്കളത്തിലെത്തിയ ഭീമൻ ദുര്യോധനനെ മറ്റനുജന്മാരെ എല്ലാവരേയും കൊന്നൊടുക്കി. ദുശ്ശാസനന്റെ രക്തം വയറ്റിൽ കിടന്നു തിളച്ചുമറിയുന്നതിനാലാവണം അവന്റെ മുൻപിൽ വന്നുപെട്ട ഒന്നിനെയും അവൻ ജീവനോടെ വിട്ടില്ല. അന്നേദിവസം ഭീമൻ ദുശ്ശാസനനെ കൂടാതെ ദുര്യോധനന്റെ എഴുപത്തിഏഴ് അനുജന്മാരെ കൊന്നൊടുക്കി.
കർണ്ണവധം
[തിരുത്തുക]പതിനേഴാം നാൾ മദ്ധ്യാഹ്നശേഷം കർണ്ണനും അർജ്ജുനനും നേരിട്ട് ഏറ്റുമുട്ടി. പല ദിവ്യാസ്ത്രങ്ങളും ഇരുവരും പ്രയോഗിച്ചു. യുദ്ധം തുല്യനിലയിൽ പുരോഗമിച്ചുകൊണ്ടിരുന്നു . ഇതിനിടയിൽ കർണ്ണൻ ഉരഗാസ്യാ എന്ന സർപ്പമുഖബാണം അർജ്ജുനനു നേരെ പ്രയോഗിച്ചു . എന്നാൽ കൃഷ്ണന്റെ സമയോചിതമായ ഇടപെടൽ മൂലം കർണ്ണന്റെ ആ അസ്ത്രം പാഴിലായി . അസ്ത്രം അർജ്ജുനന്റെ ശിരസ്സിനു നേരെ പാഞ്ഞുചെല്ലുന്നതു മനസ്സിലാക്കിയ കൃഷ്ണൻ തന്റെ പാദം കൊണ്ട് രഥം അഞ്ചു വിരലാഴത്തിൽ പൂഴിയിൽ താഴ്ത്തി. നിമിഷനേരം കൊണ്ട് നാഗാസ്ത്രം അർജ്ജുനന്റെ കിരീടത്തിൽ സ്പർശിച്ചു കടന്നുപോയി, കിരീടം കത്തിപ്പോയി. ആ സമയം ശല്യർ കർണ്ണരഥം മുൻപോട്ട് എടുത്തു, തുടർന്ന് കർണ്ണന്റെ വധകാലം ആഗതമായതിനാൽ അദ്ദേഹത്തിന് മുൻപ് ലഭിച്ച ഒരു ബ്രാഹ്മണശാപത്താൽ രഥചക്രം പുതഞ്ഞു ഇളകാതെയായി. കൂടാതെ ഗുരുവായ പരശുരാമന്റെ ശാപത്താൽ ബ്രഹ്‌മാസ്‌ത്രം കര്ണ്ണന് തോന്നാതെയുമായി . കർണ്ണൻ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി . തുടർന്ന് അർജ്ജുനനെ താൽക്കാലികമായി ഒന്ന് മോഹാലസ്യപ്പെടുത്തിയ ശേഷം രഥചക്രം പൊക്കിമാറ്റാൻ കർണ്ണൻ ശ്രമിച്ചു. അപ്പോഴേക്കും അർജ്ജുനനു ബോധം വന്നു.ആ സമയം ആയുധമില്ലാതെ രഥചക്രം ഉയർത്തിക്കൊണ്ടിരിയ്ക്കുന്ന കർണനെ വധിയ്ക്കാൻ അർജുനൻ മടിച്ചു എന്നാൽ ഇങ്ങനെ ഒരവസരത്തിൽ അല്ലാതെ കർണനെ വധി യ്ക്കാൻ സാധിയ്ക്കില്ലലന്ന കൃഷ്ണന്റെ വാക്കുകൾ കേട്ട് അവസരം പാഴാക്കാതെ കൃഷ്ണന്റെ നിർദ്ദേശത്തോടെ അർജ്ജുനൻ അർദ്ധചന്ദ്രബാണമെയ്തു കർണ്ണന്റെ ശിരസ്സു മുറിച്ചു. സർവ്വസൈന്യാധിപന്റെ മരണം കൗരവപ്പടയെ നിരാശപ്പെടുത്തുകയും അവർ കൂട്ടമായി തിരിഞ്ഞോടുകയും ചെയ്തു. തുടർന്ന് സൂര്യനസ്തമിക്കുകയും പതിനേഴാം ദിവസത്തെ യുദ്ധം അവസാനിക്കുകയും ചെയ്തു.
പതിനെട്ടാം ദിവസം (ശല്യപർവ്വം)
[തിരുത്തുക]പതിനെട്ടാം ദിവസം | കൗരവസേന | പാണ്ഡവസേന |
---|---|---|
സർവ്വ സൈന്യാധിപൻ | ശല്യർ | ധൃഷ്ടദ്യുമ്നൻ |
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) | ദുര്യോധനൻ (ഭീമൻ) ശല്യർ (യുധിഷ്ഠിരൻ) ശകുനി (സഹദേവൻ) ശല്യപുത്രൻ (സഹദേവൻ) |
ചേകിതൻ (ദുര്യോധനൻ) |
കർണ്ണന്റെ മരണത്തെത്തുടർന്ന് ദുര്യോധനൻ പതിനെട്ടാംനാൾ രാവിലെ ശല്യരെ സർവ്വസേനാധിപതിയായി സ്ഥാനാഭിഷേകം ചെയ്തു. പാണ്ഡുവിന്റെ രണ്ടാമത്തെ പത്നിയായ മാദ്രിയുടെ ജ്യേഷ്ഠനും, മാദ്രരാജ്യത്തിലെ മഹാരാജാവും ആയിരുന്നു അദ്ദേഹം. നകുല-സഹദേവന്മാരുടെ മാതുലനായ അദ്ദേഹം വ്യദ്ധനായിരുന്നെങ്കിലും അതിസാഹസികനായ യുദ്ധനിപുണനും ധർമ്മിഷ്ഠനുമായിരുന്നു. അശ്വത്ഥാമാവാണ് അദ്ദേഹത്തെ സർവ്വസേനാധിപതിയായി വാഴിക്കാൻ ദുര്യോധനനോട് ഉപദേശിച്ചത്. പതിനെട്ടാം നാളിലെ യുദ്ധവിവരണങ്ങൾ വർണ്ണിക്കുന്നത് ശല്യപർവ്വത്തിലാണ്. സർവ്വസേനാധിപനായി ശല്യരായതിനാൽ ഗ്രന്ഥകർത്താവ് ശല്യപർവ്വം എന്നു പേരു കൊടുത്തു.[26] ശല്യപർവ്വത്തിൽ 59 അദ്ധ്യായങ്ങളും 3220 പദ്യങ്ങളും അടങ്ങിയിരിക്കുന്നു.
ശല്യർവധം
[തിരുത്തുക]ശല്യർ ആദ്യമായി എതിർത്തു യുദ്ധം ചെയ്തതു ധർമ്മപുത്രരുമായാണ്. വൃദ്ധനായ ശല്യരുടെ അസ്ത്രപ്രയോഗത്തിൽ യുധിഷ്ഠിരൻ ക്ഷീണിതനായി തേർത്തട്ടിൽ വീണുപോയി. ഭീമൻ സഹായത്തിനെത്തി ധർമ്മപുത്രരെ അവിടെനിന്നും മാറ്റി. വീണ്ടും ധർമ്മപുത്രർ യുദ്ധത്തിൽ തിരിച്ചുവരികയും ശല്യരുമായി അതിശക്തമായ യുദ്ധം തുടരുകയും ചെയ്തു. ഒടുവിൽ ധർമ്മപുത്രർ ദിവ്യമായ വേൽ ശല്യർക്കുനേരെ പ്രയോഗിക്കുകയും ആ വൃദ്ധൻ നിലംപതിക്കുകയും ചെയ്തു. ശല്യരുടെ പതനം കണ്ട് കൗരവപ്പട പിന്തിരിഞ്ഞോടി. ആൾക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച ശകുനിയെ സഹദേവൻ കടന്നുപിടിച്ചു. ഞാൻ നിങ്ങളുടെ ബന്ധുവാണേ.. എന്നു വാവിട്ടുകരഞ്ഞ ശകുനിയെ സഹദേവൻ തന്റെ വാളിനാൽ കൊന്നുകളഞ്ഞു. ഓടിപ്പോയ കൗരവപ്പടയെ അശ്വത്ഥാമാവും, കൃതവർമ്മാവും, കൃപാചാര്യരും ചേർന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് കൊണ്ടുവന്നു. യുദ്ധം തുടങ്ങിയപ്പൊഴേക്കും സർവ്വസൈന്യാധിപൻ മരിച്ചതുകണ്ട് ദുര്യോധനൻ ഞെട്ടിപ്പോയി. അദ്ദേഹം ധൃഷ്ടദ്യുമ്നനുമായി എതിർത്തു. യഞ്ജസേനപുത്രനെ സഹായിക്കാൻ ഭീമനും അർജ്ജുനനും അവിടെ എത്തിച്ചേർന്നു. അതിഭീകരമായ ഈ യുദ്ധത്തിൽ കൗരവപ്പട മുഴുവനും തകർന്നുപോയി. ക്ഷീണിതനായി ചോരയിൽ കുളിച്ച ദുര്യോധനൻ കുതിരപ്പുറത്തേറി അവിടെ നിന്നും പാലായനം ചെയ്തു.
ദുര്യോധനവധം
[തിരുത്തുക]ദുര്യോധനൻ ആരോടു പറയാതെയാണ് യുദ്ധഭൂമി വിട്ടത്. അതിനാൽ കുറച്ചു സമയം കഴിഞ്ഞ് മഹാരാജാവിനെ കാണുന്നില്ല, എന്നു പലരും വിളിച്ചു പറയാൻ തുടങ്ങി. കൃതവർമ്മാവും, കൃപാചാര്യരും അവിടെ മുഴുവനും തിരഞ്ഞെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ധൃതരാഷ്ട്ര സചിവനായ സഞ്ജയൻ അവിടെ എത്തുകയും അദ്ദേഹത്തിനു വ്യാസൻ കൊടുത്ത ദിവ്യചക്ഷുസ്സ് ഉപയോഗിച്ച് ദുര്യോധനൻ എവിടെയാണെന്നു കണ്ടെത്തുകയും ചെയ്തു. ദ്വൈപായനഹ്രദം (കൃഷ്ണഹ്രദം) എന്ന കുരുക്ഷേത്രത്തിനടുത്തുള്ള പുണ്യതീർത്ഥത്തിനു (തടാകം) സമീപമാണ് ദുര്യോധനൻ പോയത്. സഞ്ജയനെ കൂട്ടി രണ്ടും പേരും (കൃപർ, കൃതവർമ്മാവ്) ചെല്ലുമ്പോൾ രക്തം ഒഴുകി ക്ഷീണിതനായ ദുര്യോധനനെയാണ് അവിടെ കണ്ടത്. ഭീമനു ദിവസവും മാംസം കൊടുത്തിരുന്ന കാട്ടാളൻ ദുര്യോധനനെ അവിടെകാണുകയും ഈ വിവരം പാണ്ഡവരെ അറിയിച്ചതനുസരിച്ച് ഏവരും അവിടെ എത്തിച്ചേരുകയും ചെയ്തു. തടാകത്തിൽ കിടക്കുന്ന ദുര്യോധനനെ കരയ്ക്കു കയറ്റാതെ യുദ്ധം ചെയ്യാൻ പാടില്ല എന്നുള്ള യുദ്ധധർമ്മം അനുസരിച്ച്, യുധിഷ്ഠിരൻ അധിക്ഷേപവാക്കുകൾ പറഞ്ഞു കരക്കു കയറ്റി.
ഈ സമയത്ത് ബലരാമനും അവിടെ എത്തിച്ചേർന്നു. മൈത്രേയമുനിയുടെ ശാപകഥയും (തുടയിൽ അടിയേറ്റ് മരിക്കാൻ ഇടവരട്ടെ!) ഇതിനിടയിൽ കൃഷ്ണൻ ഭീമനോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ സ്യമന്തപഞ്ചകത്തിൽ വെച്ച് ദ്വന്ദ്വയുദ്ധം ആരംഭിച്ചു. പതിനെട്ടാം നാൾ മദ്ധ്യഹ്നം മുതൽ ആരംഭിച്ച ദ്വന്ദ്വയുദ്ധം സന്ധ്യവരെ നീണ്ടു. അവസാനം ഭീമന്റെ അതിശക്തമായുള്ള ഗദാപ്രഹരമേറ്റ് തുടയെല്ലു പൊട്ടി ദുര്യോധനൻ വീണു. ഭീമൻ അവന്റെ മാറത്തു കയറി നിന്ന് ഗദയാൽ അവന്റെ ശിരസ്സിൽ തുടരെ തുടരെ അടിച്ചു. അവന്റെ ഓരോ ദ്രോഹപ്രവൃത്തിയും എണ്ണി വിളിച്ചു പറഞ്ഞുകൊണ്ടാണ് ഓരോ അടിയും അടിച്ചത്. ഭീമന്റെ ഈ കഠിന പ്രവൃത്തികണ്ട് ബലരാമൻ ഹലായുധമെടുത്തുവന്നെങ്കിലും കൃഷ്ണൻ അദ്ദേഹത്തെ ശാന്തനാക്കി. കൗരവസേനയിലെ മൂന്നുപേർ മാത്രം ശേഷിച്ചു, അവരുടെ അനുവാദത്തോടെ യുദ്ധം അവസാനിപ്പിച്ചു.
പാണ്ഡവരെല്ലാവരും തങ്ങളുടെ ശിബിരങ്ങളിലേക്ക് സമാധാനമായി മടങ്ങി. അപ്പോഴേക്കും സൂര്യനും അസ്തമിച്ചു. അർജ്ജുനരഥത്തിൽ നിന്നും അർജ്ജുനൻ ആദ്യം ഇറങ്ങാൻ കൃഷ്ണൻ ആവശ്യപ്പെട്ടു. പാർത്ഥൻ ഇറങ്ങിക്കഴിഞ്ഞു കൊടിയിൽ നിന്നും ഹനുമാനും, ഒടുവിൽ കൃഷ്ണനും ഇറങ്ങി. ചമ്മട്ടി തേർത്തട്ടിൽ തന്നെ ഇട്ടു. തൽക്ഷണം തേർ അഗ്നിക്കിരയായി. (ദ്രോണരുടെ ആഗ്നേയാസ്ത്രത്താൽ കത്തിക്കരിയേണ്ട രഥം യുദ്ധാവസാനംവരെ നശിക്കാതെ കൃഷ്ണൻ സുക്ഷിക്കുകയായിരുന്നു.)
സൗപ്തികപർവ്വം
[തിരുത്തുക]കുരുക്ഷേത്രയുദ്ധത്തിലെ പതിനെട്ടാം നാളിൽ രാത്രിയിൽ നടന്ന സംഭവങ്ങളെ ഗ്രന്ഥകർത്താവ് ഈ സൗപ്തികപർവ്വത്തിൽ വിവരിച്ചിരിക്കുന്നു. സഞ്ജയനിലൂടെ വിവരങ്ങൾ അറിഞ്ഞ അശ്വത്ഥാമാവ് സ്യമന്തപഞ്ചകത്തിൽ എത്തിച്ചേർന്നു ദുര്യോധനനെ കണ്ടു. ഹസ്തിനപുരിയുടെ യുവരാജാവ് മണ്ണിൽ ചോരയൊലിപ്പിച്ചു കിടക്കുന്നതുകണ്ട് ദുഃഖിതനായ ദ്രോണപുത്രരെ സുയോധനൻ സമാധാനിപ്പിച്ചു. ഈ പർവ്വത്തിൽ 18 അദ്ധ്യായങ്ങളും 870 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. ഉറക്കത്തിൽ (സുപ്തിയിൽ) നടന്ന കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായത്തിനു വ്യാസൻ സൗപ്തികപർവ്വം എന്നുപേരുകൊടുത്തു.[26] യുദ്ധം അവസാനിച്ചു കഴിഞ്ഞു തിരിച്ചെത്തിയ പാണ്ഡവർ അഞ്ചുപേരെയും കൂട്ടി കൃഷ്ണൻ ശിബിരത്തിനുപ്പുറത്ത് ഗോമദി നദീതീരത്ത് പോയി അന്ന് അവിടെ വിശ്രമിക്കാൻ തീരുമാനിച്ചു. സാത്യകി അന്നു തന്നെ മഥുരയ്ക്കു പോയിരുന്നു. ആ രാത്രിയിൽ പാണ്ഡവരും കൃഷ്ണനും സാത്യകിയും ഒഴിച്ച് മറ്റുള്ളവർ പടകുടീരങ്ങളിൽതന്നെ വിശ്രമിച്ചു.
പാണ്ഡവരേയും അവരുടെ പുത്രന്മാരേയും, ധൃഷ്ടദ്യുമ്നനേയും എന്നുവേണ്ട സർവ്വമാന ആൾക്കാരെയും ഈ രാത്രിയിൽ തന്നെ കൊല്ലുമെന്നു അശ്വത്ഥാമാവ് ദുര്യോധനനു വാക്കുകൊടുത്തു. അതിനെത്തുടർന്ന് കൃപാചാര്യരുടെ നിർദ്ദേശത്താൽ ദുര്യോധനൻ കിടന്നകിടപ്പിൽ തന്നെ അശ്വത്ഥാമാവിനെ കൗരവസേനാധിപതിയായി വാഴിച്ചു. മൂന്നുപേരും അവിടെനിന്നും യാത്രതിരിച്ചു. ഇടയ്ക്കുവെച്ച് വിശ്രമിച്ച ഈ മൂവർസംഘത്തിലെ കൃതവർമ്മാവും കൃപാചാര്യരും പകലു നടന്ന യുദ്ധത്തിന്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയി. പക്ഷേ തന്റെ പിതാവ് ദ്രോണാചാര്യരുടെ ഘാതകരെ ഉന്മൂലനാശം ചെയ്യാൻ എന്താണ് പോംവഴി എന്നാലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു അശ്വത്ഥാമാവ്. പാണ്ഡവരോടുള്ള അടക്കാനാവാത്ത പക അയാളുടെ മാനസികനില തന്നെ അവതാളത്തിലാക്കി. രാവേറെയായി, ഇതിനിടയിൽ അശ്വത്ഥാമാവ് ഒരു കാഴ്ചകണ്ടു. ദൂരെ ഒരു മരത്തിൽ സുഷുപ്‌തിയിലാണ്ടിരിക്കുന്ന കാക്കക്കൂട്ടത്തെ ഒളിച്ചു വന്നാക്രമിക്കുന്ന കൂമന്മാരുടെ ചെയ്‌തികൾ അവന്റെ ശ്രദ്ധയിൽപ്പെട്ടു. കൂമന്മാരുടെ ആ യുദ്ധതന്ത്രം അശ്വത്ഥാമാവ് നടപ്പിലാക്കാൻ തീരുമാനിക്കുന്നു.
ധൃഷ്ടദ്യുമ്നവധം
[തിരുത്തുക]അശ്വത്ഥാമാവ് ഓരോ കുടീരത്തിലും കയറി ഉറങ്ങിക്കിടന്ന സകലമാനമാൾക്കാരെയും നിർദ്ദയം കൊന്നൊടുക്കി. പകുതി ജീവനോടെ പുറത്തേക്ക് ഓടിയിറങ്ങിയവരെ പുറത്തുകാവൽ നിന്നിരുന്ന കൃതവർമ്മാവും, കൃപാചാര്യരും ചേർന്ന് കൊന്നു. അമാവാസി രാത്രിയായതിനാൽ കൂരിരുട്ടിൽ നടന്ന സംഭവം അടുത്തുള്ള കുടീരങ്ങളിൽ അറിയുന്നതിനു മുൻപെ മൂവർക്കും അവരെ ആക്രമിക്കാനും സഹായകമായി. ഉറങ്ങിക്കിടന്ന ധൃഷ്ടദ്യുമ്നന്റെ നെഞ്ചത്തു ചവുട്ടി അശ്വത്ഥാമാവ് അവനെ ഉണർത്തി. തലമുടിക്കു പിടിച്ചു വലിച്ചു താഴെയിട്ട് നിർദ്ദയം ചവുട്ടിയും, മാന്തിക്കീറിയും അവനെ ആക്രമിച്ചു. പാണ്ഡവസേനാധിപതിയായ ധൃഷ്ടദ്യുമ്നനെ ആയുധമെടുക്കാതെയാണ് അശ്വത്ഥാമാവ് കൊന്നത്. ഇതിനിടയിൽ ധൃഷ്ടദ്യുമ്നൻ തന്നെ ആയുധം കൊണ്ട് കൊല്ലാൻ അശ്വത്ഥാമാവിനോട് അപേക്ഷിച്ചു എങ്കിലും അതുകൂട്ടാക്കാതെ തന്റെ പിതാവിനെ കൊന്നതിനാലുള്ള കോപത്താൽ പൈശാചികമായിതന്നെ അവനെ കൈയ്യും, നഖവും, കാലുമുപയോഗിച്ച് അതിഹീനമായി കൊലചെയ്തു. അതിനുശേഷം ശിഖണ്ഡിയേയും, ദ്രൗപദിയുടെ അഞ്ചുപുത്രന്മാരേയും (പ്രതിവിന്ധ്യൻ, സുതസോമൻ, ശ്രുതസേനൻ, ശതാനീകൻ, ശ്രുതകർമ്മാവ്) കൊന്നൊടുക്കി.
പാണ്ഡവർക്കു പുത്രന്മാരായും ഈ അഞ്ചുപേർ മാത്രമേ യുദ്ധാനന്തരം അവശേഷിച്ചിരുന്നുള്ളു. അവരെയാണ് പതിനെട്ടാം യുദ്ധം കഴിഞ്ഞ് ക്ഷീണിച്ചുറങ്ങുമ്പോൾ രാത്രിയിൽ കൊലചെയ്തത്. അർജ്ജുനന്റെ പുത്രനായ ബഭ്രുവാഹനൻ ഒഴിച്ച് (മണലൂർ രാജകുമാരിയായ ചിത്രാംഗദ യിൽ ജനിച്ച കുമാരൻ) എല്ലാ പാണ്ഡവ പുത്രന്മാരും യുദ്ധത്തിൽ പങ്കെടുത്തിരുന്നു. കുരുക്ഷേത്രയിലെ പടകുടീരത്തിൽ ഉറങ്ങിക്കിടന്ന എല്ലാവരേയും കൊന്നൊടുക്കിയ അശ്വത്ഥാമാവിനു പാണ്ഡവരെ അവിടെ കണ്ടെത്താനായില്ല. മൂന്നുപേരും വീണ്ടും പല തവണ പാണ്ഡവർക്കായി അവിടെ തിരച്ചിൽ നടത്തിയെങ്കിലും കാണാഞ്ഞതിനാൽ അവസാനം ആ കുടീരങ്ങൾ മുഴുവനും അവർ തീയിട്ടു നശിപ്പിച്ചു. പാണ്ഡവർ അവിടെ ഒളിച്ചിരുപ്പുണ്ടെങ്കിൽ തീയിൽ വെന്തു മരിച്ചോളും എന്നുകരുതിയാണ് പടകുടീരങ്ങൾക്ക് തീയിട്ടത്. അതിനുശേഷം ഈ സന്തോഷ വാർത്ത അറിയിക്കുവാൻ മൂന്നുപേരും ആ രാത്രിയിൽ തന്നെ ദുര്യോധനനികിടത്തിൽ ചെന്നു ചേർന്നു. സൂര്യോദയത്തിനു മുൻപു തന്നെ തിരിച്ചെത്തിയ മൂന്നുപേരും അവിടെ നടന്ന വിവരങ്ങൾ ദുര്യോധനനെ വിശദമായി അറിയിച്ചു. പാണ്ഡവരും ശേഷിച്ച മറ്റുള്ളവരും മരിച്ചുവെന്ന് കേട്ട് സന്തുഷ്ടനായ ദുര്യോധനൻ അശ്വത്ഥാമാവിനെ പ്രശംസിക്കാനും മടിച്ചില്ല. കുറച്ചുനാഴികകൾക്കു ശേഷം സുര്യോദയത്തിനു മുൻപായി ദുര്യോധനനും മരിച്ചു.
ചൂഢാമണി
[തിരുത്തുക]സഹോദരനേയും അഞ്ചു മക്കളേയും നഷ്‌ടപ്പെട്ട പാഞ്ചാലി ദുഃഖത്താൽ പൊട്ടികരഞ്ഞു. പാഞ്ചാലിയെ സാന്ത്വനിപ്പിക്കാൻ ഏവരും ശ്രമിച്ചെങ്കിലും അവസാനം ഭീമൻ അശ്വത്ഥാമാവിനെ വധിക്കാൻ പുറപ്പെട്ടു. അശ്വത്ഥാമാവിനെ തേടിയുള്ള ഭീമന്റെ പുറപ്പാട് മനസ്സിലാക്കിയ കൃഷ്‌ണൻ അർജ്ജുനനുമൊത്ത് ഭീമനു പുറകെ യാത്രതിരിച്ചു. യുദ്ധ നിപുണനായ അശ്വത്ഥാമാവിനെ എതിരിടാൻ ഭീമനു ഒറ്റയ്ക്കാവില്ല എന്നു മനസ്സിലാക്കിയാണ് അനർത്ഥങ്ങൾ സംഭവിക്കുന്നതിനുമുമ്പ് അവിടെയെത്താൻ കൃഷ്ണാർജ്ജുനന്മാർ പുറപ്പെട്ടത്. അശ്വത്ഥാമാവിനെ കണ്ടുമുട്ടിയ ഭീമൻ അവനെ യുദ്ധത്തിനു വിളിക്കുകയും ഗംഗയിൽ കുളിച്ചുകൊണ്ടിരുന്ന അശ്വത്ഥാമാവ് ഭീമന്റെ വെല്ലുവിളി സ്വീകരിച്ച് പുറത്ത് വരികയും ഒരു പുൽക്കൊടി പറിച്ചെടുത്ത് പാണ്ഡവകുലത്തെ മുഴുവനോടെ നശിപ്പിക്കാൻ കഴിവുള്ള ബ്രഹ്മാസ്‌ത്രം പ്രയോഗിക്കുകയും ചെയ്തു. ആ സമയത്ത് അവിടെ എത്തിച്ചേർന്ന അർജ്ജുനനും മറ്റുപോംവഴികളില്ലാത്തതിനാൽ ബ്രഹ്മാസ്‌ത്രം പ്രയോഗിച്ചു. പക്ഷേ, ഈ രണ്ടു ബ്രഹ്മാസ്‌ത്രങ്ങളും കൂട്ടിമുട്ടിയാൽ ലോകം നശിക്കും എന്ന് മനസ്സിലാക്കിയ കൃഷ്‌ണൻ, ബ്രഹ്മാസ്‌ത്രത്തെ തിരിച്ചുവിളിക്കാൻ ഇരുവരോടും നിർദ്ദേശിച്ചു. അർജ്ജുനൻ തന്റെ ബ്രഹ്മാസ്‌ത്രം പിൻവലിച്ചെങ്കിലും അശ്വത്ഥാമാവ് കൂട്ടാക്കിയില്ല. അതിനെതുടർന്ന് ദുരന്തം ഒഴിവായെങ്കിലും കൃഷ്‌ണൻ അശ്വത്ഥാമാവിനെ ശപിച്ചു. ദ്രൗപദിയുടെ ആഗ്രഹപൂർത്തിക്കായി ഭീമൻ അശ്വത്ഥാമാവിന്റെ ശിരസ്സിലെ ചൂഡാരത്നം ശിരസ്സു നൂഴ്ന്ന് എടുത്തു, പാഞ്ചാലിക്കു സമ്മാനിച്ചു. അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രം അവന്റെ ആഗ്രഹപ്രകാരം ഗർഭിണിയായ ഉത്തരയുടെ വയറ്റിൽ പതിക്കുകയും ഗർഭസ്ഥശിശു മരണപ്പെടുകയും ചെയ്തു. കൃഷ്ണശാപം മൂലം ദേഹമാസകലം ചൊറിച്ചിലും മറ്റു ത്വക് രോഗങ്ങളുമായി ചിരഞ്ജീവിയായ അശ്വത്ഥാമാവ് യാത്ര തുടർന്നു.
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം
[തിരുത്തുക]മഹാഭാരതയുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സംഖ്യയെക്കുറിച്ചും മഹാഭാരതത്തിൽ സൂചനയുണ്ട് . മഹാഭാരതയുദ്ധത്തിൽ എത്രപേരാണ് കൊല്ലപ്പെട്ടതെന്ന ധൃതരാഷ്ട്രരുടെ ചോദ്യത്തിന് യുധിഷ്ഠിരൻ പറയുന്ന ഉത്തരമിതാണ് . മൊത്തത്തിൽ 166 കോടി 20000 പേര് [1660020000 ] കൊല്ലപ്പെട്ടു . 24165 വീരന്മാരെ കാണാതായി .
യുധിഷ്ഠിര ഉവാച (യുധിഷ്ഠിരൻ ധൃതരാഷ്ട്ര മഹാരാജാവിനോട് പറയുന്നതാണ് സന്ദർഭം)
ദശായുതാനാമയുതം സഹസ്രാണി ച വിംശതിഃ
കോട്യഃ ഷഷ്ഠിശ്ച ഷഡ് ചൈവ ഹ്യാസ്മിൻ രാജൻ മൃധേ ഹതാഃ
[മഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 26 , ശ്ളോകം 9]
(ഭാഷാ അർത്ഥം):
പതിനായിരം പത്തു - പതിനായിരവും , ഇരുപതു ആയിരവും , അറുപത്തിയാറു കോടിയും ആൾക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടു രാജാവേ .
(വ്യാഖ്യാനം) ഇവിടെ പത്തു പതിനായിരം എന്നാൽ ഒരു ലക്ഷമാണ് . (10 x 10000 ). അതുപോലത്തെ പതിനായിരം പത്തു പതിനായിരമെന്നാണ് പറയുന്നത് . അപ്പോൾ 10000 x (10 x 10000 ) . അതിന്റെ സംഖ്യ നൂറു കോടി ആണ് . അതായത് 1000000000 ( നൂറു കോടി ) . പിന്നെയൊരു ഇരുപതിനായിരം . അപ്പോൾ 1000020000 . പിന്നെ ഒരു അറുപത്തിയാറു കോടി(660000000) . അപ്പോൾ 1660020000 പേരാണ് മഹാഭാരതയുദ്ധത്തിൽ കൊല്ലപ്പെട്ടത് . അതായത് നൂറ്റി അറുപത്തിയാറു കോടി ഇരുപതിനായിരം പേരാണ് മരിച്ചതെന്ന് കണക്കു പറയുന്നു . ഇതിനു കാരണമെന്ത് ? മഹാഭാരതയുദ്ധത്തിൽ കുരുപാണ്ഡവരുടെ 18 അക്ഷൗഹിണികളിൽ ഉൾപ്പെടാത്ത കുറെയധികം രാക്ഷസന്മാരും , മ്ളേച്ഛവർഗ്ഗത്തിലേയും മാറ്റാൽക്കാരും ചീനന്മാരും കാംബോജരും വരെ യുദ്ധത്തിൽ പങ്കെടുത്തിരുന്നു . അതുകൊണ്ടാണ് 166 കോടിയോളം വനന്തു .[34]
മറ്റൊരു ശ്ളോകം പറയുന്നു . (യുധിഷ്ഠിരൻ ധൃതരാഷ്ട്ര മഹാരാജാവിനോട് പറയുന്നതാണ് സന്ദർഭം)
അലക്ഷിതാനാം വീരാണാം സഹസ്രാണി ചതുർദ്ദശ
ദശ ചാന്യാനി രാജേന്ദ്ര ശതം ഷഷ്ഠിശ്ച പഞ്ച ച
[മഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 26 , ശ്ളോകം 10]
(ഭാഷാ അർത്ഥം): ഇരുപത്തിനാല് ആയിരവും പിന്നെ നൂറ്റി അറുപത്തിയഞ്ച് പേരും ആൾക്കാരെ യുദ്ധത്തിൽ കാണാതായി രാജാവേ.
(വ്യാഖ്യാനം)
ഇരുപത്തിനാലായിരത്തി ഒരുന്നൂറ്റി അറുപത്തിയഞ്ച് പേരെ യുദ്ധത്തിൽ കാണാതായിരിക്കുന്നു രാജാവേ . (അവർ യുദ്ധത്തിൽ മരിക്കുമെന്ന് പേടിച്ചു ഓടിയൊളിച്ചതാണ്) .
യുദ്ധത്തിൽ അവശേഷിച്ചവർ
[തിരുത്തുക]പതിനെട്ടുനാൾ നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധത്തെ അതിജീവിച്ചത് പന്ത്രണ്ടുപേർ മാത്രമായിരുന്നു. പാണ്ഡവപക്ഷത്ത് കൃഷ്ണനും, സാത്യകിയും, യുയുത്സുവും, പാണ്ഡവർ അഞ്ചുപേരുമായി എട്ടുപേർ മാത്രമായിരുന്നു യുദ്ധത്തിൽ പങ്കെടുത്തവരിൽ അതിനുശേഷം ജീവിച്ചത്. അർജ്ജുനനു ചിത്രാംഗദയിൽ ജനിച്ച ബഭ്രുവാഹനൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ പാണ്ഡവർക്കു പുത്രനായി ബഭ്രുവാഹനൻ മാത്രം അവശേഷിച്ചിരുന്നുള്ളു. യുദ്ധസമയത്ത് ഉത്തര ഗർഭിണിയായിരുന്നതിനാൽ അഭിമന്യുവിന്റെ പുത്രനായി പിന്നീടു ജനിച്ച പരീക്ഷിത് പാണ്ഡവർക്കു പൗത്രനായി.
കൗരവപക്ഷത്ത് നാലുപേർ മാത്രമാണ് പതിനൊന്ന് അക്ഷൗഹിണിപടയിൽ അവശേഷിച്ചത്. കൃപിയിൽ ദ്രോണർക്കു ജനിച്ച അശ്വത്ഥാമാവും, കൃപാചാര്യരും യുദ്ധത്തിൽ അവശേഷിച്ചിരുന്നു. ഇവർ രണ്ടുപേരും സപ്ത ചിരഞ്ജീവികളിൽ ഉൾപ്പെട്ടവരായിരുന്നതിനാൽ ഇരുവരയേയും മരണം തൊട്ടില്ല. ഇവരെ കൂടാതെ കൃതവർമ്മാവും, വൃഷകേതുവും യുദ്ധത്തിൽ മരിക്കാതെ അവശേഷിച്ചിരുന്നു.
ഈ പന്ത്രണ്ടുപേരിൽ യുയുത്സുവിന്റേയും, വൃഷകേതുവിന്റേയും മരണം ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നില്ലയെങ്കിലും മറ്റുള്ള എട്ടുപേരും കലിയുഗാരംഭത്തിൽ മരണപ്പെട്ടതായി സ്വർഗ്ഗാരോഹണപർവ്വത്തിലും, മുസലപർവ്വത്തിലുമായി മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിനുശേഷം പാണ്ഡവർ അഞ്ചുപേരും കൃഷ്ണനും മാത്രമെ അവശേഷിക്കൂവെന്ന് വളരെ മുൻപുതന്നെ ഉലൂപി പുത്രനായ ഇരവാനു അറിയാമായിരുന്നുവെന്ന് ഗ്രന്ഥകാരൻ മഹാഭാഗവതത്തിൽ പറയുന്നുണ്ട്. കൃഷ്ണനു സത്യഭാമയിൽ ജനിച്ച വത്സലയെ (സുന്ദരി) വിവാഹം കഴിക്കാൻ പുറപ്പെട്ട അഭിമന്യുവിനെ കാട്ടിൽവെച്ച് കണ്ടുമുട്ടിയ ഇരാവാൻ തന്റെ ഖഡ്ഗം അവിടെ പന്തലിച്ചുനിന്ന വൃക്ഷത്തിൽ വൃഥാ ആഞ്ഞു വീശി. അഞ്ചു ശിഖരങ്ങളും തായ്ത്തടിയും ഒഴിച്ചുള്ള സർവ്വകൊമ്പുകളും ഇലച്ചില്ലകളും അറ്റ് താഴെ വീണു. ആസന്നമായി നടക്കാൻ പോകുന്ന യുദ്ധത്തിന്റെ ചിത്രം ഇതാവുമെന്നു ഇരാവാൻ കാണിച്ചുകൊടുക്കുന്നുണ്ട്.[35].
ഗാന്ധാരി വിലാപം
[തിരുത്തുക]തന്റെ നൂറു പുത്രന്മാരും, പുത്രിഭർത്താവും, അവരുടെ മക്കളും, സഹോദരനും എന്നുവേണ്ട സർവ്വ ബന്ധുജനങ്ങളും മരിച്ചതറിഞ്ഞ ഗാന്ധാരി കുരുക്ഷേത്ര യുദ്ധഭൂമി സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ദുര്യോധനന്റെ പത്നിയായ ഭാനുമതിയും മറ്റു പുത്രവധുമാരും, പൗത്രവധുക്കളും അവർക്കൊപ്പം യുദ്ധക്കളത്തിലേക്ക് അനുഗമിച്ചു. പുത്രിയായ ദുശ്ശളയേയും അവർ ഒപ്പം കൂട്ടി. അതിഭയാനകമായിരുന്നു യുദ്ധക്കളത്തിലെ കാഴ്ചകൾ. പതിനെട്ടുനാൾ നീണ്ടുനിന്ന യുദ്ധം ഒരു ജനസമൂഹത്തെ മുഴുവനും വേദനപ്പിച്ച് ഇല്ലാതാക്കി. ആദ്യ ദിവസങ്ങളിൽ മരിച്ചുവീണ പലരുടേയും ജഢങ്ങൾ അഴുകിത്തുടങ്ങിയിരുന്നു. പലതിനു അംഗഭംഗം വന്നവയായിരുന്നു. ജീവൻ പൂർണ്ണമായും നിലച്ചിട്ടില്ലാത്ത ശരീരങ്ങൾക്കു കഴുകനും നരിയും കാവലിരിക്കുന്നു. യുദ്ധഭൂമിയിൽ എത്തിയ സ്ത്രീജനങ്ങൾ അവരുടെ പ്രിയപ്പെട്ടവരെ തേടിഅലഞ്ഞു. ഭാനുമതിയുടെ സഹായത്തോടെ ഗാന്ധാരി ദുര്യോധന നികടത്തിൽ എത്തിച്ചേർന്നു. അവിടെവെച്ച് ഗാന്ധാരി തന്റെ കൺകെട്ട് അഴിക്കുകയും മൃതരായ തന്റെ മൂത്ത പുത്രനെയും മറ്റു മക്കളേയും ബന്ധുക്കളേയും കണ്ടു. ഗാന്ധാരരാജ്യത്തിന്റെ ചക്രവർത്തി സുബലന്റെ പുത്രിയായ ഗാന്ധാരി അന്ധനായ ധൃതരാഷ്ട്രരെ വിവാഹം കഴിച്ചപ്പോൾ മുതൽ താനും അന്ധയായി ജീവിക്കാൻ ബാദ്ധ്യസ്ഥയാണെന്നു തീരുമാനിച്ച് സ്വന്തം കണ്ണുകൾ പട്ടുവസ്ത്രത്തിന്റെ നാടകൊണ്ടു കെട്ടിവച്ച് പതിവ്രതാരത്‌നമായി ജീവിച്ചു. അന്നുകെട്ടിയ കണ്ണുകൾ യുദ്ധത്തിനു മുൻപ് ഒരിക്കൽ മാത്രം തന്റെ പുത്രനായ ദുര്യോധനനെ അനുഗ്രഹിക്കാനായി തുറന്നിരുന്നു. അന്ന് ഗാന്ധാരി തന്റെ കണ്ണിലെ കെട്ട് മാറ്റിയപ്പോൾ ദുര്യോധനന്റെ തുടയൊഴിച്ച് മറ്റെല്ലാ ശരീരഭാഗത്തേക്കും അത്രയും കാലം സംഭരിച്ച പാതിവ്രത്യശക്തി മുഴുവൻ അവർ പകർന്നു കൊടുത്തു. പിന്നീട് ഗാന്ധാരി ഇവിടെ കുരുക്ഷേത്രയുദ്ധഭൂമിയിൽവച്ചാണ് തന്റെ കണ്ണിലെ കെട്ടഴിച്ചത്. അതിഭയാനകമായിരുന്നു അവരുടെ ആ കാഴ്ച. തന്റെ നൂറു മക്കളുടെയും ദാരുണമരണം നേരിട്ടുകണ്ടു ആ മാതാവ്; അടങ്ങാത്ത പുത്രസ്നേഹത്തിനു മുൻപിൽ കൃഷ്ണൻ പോലും സത്ബധനായിപ്പോയി. ഗാന്ധാരി വിലപിക്കുന്ന കാഴ്ച ഗ്രന്ഥകർത്താവ് മഹാഭാരതത്തിൽ സ്ത്രീപർവ്വത്തിലൂടെ വിവരിക്കുന്നു. വ്യാസൻ ഇതിനായി സ്ത്രീപർവ്വത്തിൽ 27 അദ്ധ്യായങ്ങളും 775 പദ്യങ്ങളും ചേർത്തിരിക്കുന്നു.
ഭാനുമതിയുടെ നെഞ്ചത്തടിച്ചുള്ള കരച്ചിലിൽ ഗാന്ധാരിയുടെ അടങ്ങാത്ത മാതൃസ്നേഹം അണപൊട്ടിയൊഴുകി. അവർ കൃഷ്ണനുനേരെ തിരിഞ്ഞു. കൃഷ്ണന്റെ കാപട്യവും, വക്രബുദ്ധിയും മൂലമാണ് തന്റെ നൂറുപുത്രന്മാർക്കും ഈ ഗതിവന്നത് എന്ന് ആക്രോശിച്ചു ആ മാതാവ്. ഭീഷ്മപിതാമഹനെ ശരശയ്യയിൽ വീഴിച്ചതും, കളളം പറഞ്ഞ് ദ്രോണരെ കൊലചെയ്തതും, ജയദ്രഥനെ കൊല്ലാൻ സൂര്യംബിംബം മറച്ചതും, ദുര്യോധനന്റെ മരണത്തിടയാക്കിയ നിർബന്ധപൂർവ്വമായ ദ്വന്ദ്വയുദ്ധത്തിനും അവസാനം, അരയ്ക്കു താഴെ അടിക്കാൻ പാടില്ലയെന്നുള്ള യുദ്ധനീതി മറച്ചുവെച്ച് ഭീമനോട് ദുര്യോധനന്റെ തുട അടിച്ചുപൊട്ടിക്കാൻ ഉപദേശിച്ചതും കൃഷ്ണൻ കാരണമാണെന്നു ആ മാതാവ് കുറ്റപ്പെടുത്തി. തുടർന്ന് അവർ ഇങ്ങനെ ശപിച്ചു;
"കൃഷ്ണാ , പാണ്ഡവരും ധാർത്തരാഷ്ട്രന്മാരും പരസ്പരം കൊന്നു തീർന്നു . എന്തിനാണ് അവരെ നീ തീർത്തും ഉപേക്ഷിച്ചു കളഞ്ഞത് ? . നീ രണ്ടിനും സമർത്ഥനും ശ്രുതവാക്യനും അസംഖ്യം ഭൃത്യന്മാരും വിപുലമായ സൈന്യബലമുള്ളവനും ശക്തനുമല്ലേ ? അല്ലയോ മധുസൂദനാ , അപ്പോൾ കുരുക്കളുടെ നാശം നിന്റെ ഇച്ഛയനുസരിച്ചാണ് നടന്നത് . അതിനാൽ , മഹാബാഹോ അതിന്റെ ഫലം നീയും അനുഭവിക്കട്ടെ . പതിശുശ്രൂഷയാൽ അൽപ്പമെങ്കിലും തപോബലം ഞാൻ ആർജ്ജിച്ചിട്ടുണ്ടെങ്കിൽ , ആ തപോബലത്താൽ അല്ലയോ ചക്രഗദാധരാ , ഞാൻ നിന്നെ ശപിക്കുകയാണ് . പരസ്പരം കൊല്ലുന്ന ബന്ധുക്കളായ കുരുപാണ്ഡവരെ നീ ഉപേക്ഷിക്കുകയാൽ , അല്ലയോ ഗോവിന്ദാ , നിന്റെ ബന്ധുക്കളും ഇതുപോലെ കൊല്ലപ്പെടുന്നതാണ് . ഇന്നേക്ക് മുപ്പത്തിയാറാമാണ്ട് തികയുമ്പോൾ , ബന്ധുക്കളും അമാത്യന്മാരും പുത്രന്മാരുമൊക്കെ കൊല്ലപ്പെട്ട് വനത്തിലൂടെ നടക്കുമ്പോൾ , കുത്സിതമായ ഒരു ഉപായത്താൽ നീയും മരിക്കുന്നതാണ് . ഈ കാണും പടി , ബന്ധുക്കളെല്ലാം മരിച്ച് നിങ്ങളുടെ സ്ത്രീകളും ഭാരതസ്ത്രീകളെപ്പോലെ അനാഥകളായി വിലപിക്കും " [മഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 25 , ശ്ളോകങ്ങൾ 39 മുതൽ 46 വരെ]".
ഗാന്ധാരിയുടെ ശാപവാക്കുകൾ കേട്ടിട്ടും ഭഗവാൻ കൃഷ്ണന് ഒരു കുലുക്കവുമുണ്ടായില്ല . അദ്ദേഹം താൻ ചെയ്യാനുദ്ദേശിച്ചിരിക്കുന്ന കാര്യം തന്നെയാണ് ശാപവാക്കുകളിലൂടെ ഗാന്ധാരി ഇപ്പോൾ പറഞ്ഞതെന്ന് അവളെ അറിയിച്ചു . ഉത്തമഭക്തയും ധർമ്മിഷ്ഠയുമായ ഗാന്ധാരിയുടെ വാക്കുകളെ സത്യമാക്കുവാനും , താൻ നിശ്ചയിച്ചിട്ടുള്ളത് നടത്താനുമായി ശ്രീകൃഷ്ണഭഗവാൻ ഗാന്ധാരിയുടെ ശാപത്തെ പുഞ്ചിരിയോടെ സ്വീകരിച്ചു .അതനുസരിച്ചാണ് പിൽക്കാലത്ത് യദുകുലം നശിച്ചതും ദ്വാരക കടലിൽ മുങ്ങിപ്പോയതും .പിന്നീട് ധൃതരാഷ്ട്രരുടെ നിർദ്ദേശത്താൽ ശേഷിച്ച ജഢങ്ങൾ സംസ്കരിക്കാനുള്ള സൗകര്യം ധർമ്മപുത്രർ ചെയ്തു.
ശാന്തിപർവ്വം
[തിരുത്തുക]മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തിലഭിക്കുന്ന കഥാസന്ദർഭങ്ങൾ ഗ്രന്ഥകാരൻ ശാന്തിപർവ്വത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 339 അദ്ധ്യായങ്ങളിലായി 14525 gnപദ്യങ്ങളിലൂടെയാണ് ശാന്തിപർവ്വം കടന്നുപോകുന്നത്. വ്യാസഭാരതത്തിലെ ഏറ്റവും വലിയ പർവ്വമാണ് ശാന്തിപർവ്വം.[36].[37] യുദ്ധത്തിൽ മരണമടഞ്ഞവർക്ക് പിതൃശുദ്ധികർമ്മങ്ങൾ എല്ലാം നിർവ്വഹിച്ചു. എല്ലാത്തിനു ധർമ്മപുത്രർ നേരിട്ടു നേതൃത്വം നൽകി. രാജ്യാഭിഷേകത്തിനുശേഷം ഒരിക്കൻ കുന്തിദേവി ധർമ്മപുത്രരെ കാണാനായി അവന്റെ കൊട്ടാരത്തിൽ എഴുന്നള്ളി. സങ്കടത്തോടെ അവർ കർണ്ണരഹസ്യം യുധിഷ്ഠിരനെ അറിയിച്ചു. താൻ മൂലമാണ് ജ്യേഷ്ഠനായ കർണ്ണൻ കൊലചെയ്യപ്പെട്ടത് എന്നറിഞ്ഞപ്പോൾ രാജാവ് ബോധരഹിതനായി നിലത്തുവീണു. ഇതറിഞ്ഞ് മറ്റു സഹോദരന്മാരും ഇതിനോടകം അവിടെ എത്തിച്ചേർന്നു. കർണ്ണന്റെ പുത്രന്മാർ ഏവരും യുദ്ധത്തിൽ മരിച്ചിരിക്കുന്നതിനാൽ കർണ്ണനുവേണ്ടി ആരും ഇതുവരെ പിതൃകർമ്മങ്ങൾ നടത്തിയിട്ടില്ല എന്നുള്ള വിവരവും കുന്തി പാണ്ഡവരെ അറിയിച്ചു. അഞ്ചുപേരും ചേർന്നു മൂത്തജ്യേഷ്ഠനുവേണ്ടി ബലിതർപ്പണം നടത്തുവാൻ കുന്തി അവരോട് അപേക്ഷിച്ചു.
കർണ്ണരഹസ്യം മുൻപ് അറിഞ്ഞിരുന്നെങ്കിൽ അവനെ രാജാവായി വാഴിച്ചേനെ; ചിലപ്പോൾ ദുര്യോധനനും അതു സ്വീകാര്യമായേനെ; അതുമൂലം കുരുക്ഷേത്രയുദ്ധം ഒഴിവാക്കാമായിരുന്നു; എന്നിങ്ങനെ പലവുരു ദുഃഖാർത്തനായി പുലമ്പിക്കൊണ്ട് അഞ്ചുപേരും പ്രത്യേകിച്ച് യുധിഷ്ഠിരൻ വളരെയേറെ സങ്കടപ്പെട്ടു. പിറ്റേന്ന് തന്നെ കർണ്ണനുവേണ്ടി പാണ്ഡവർ അഞ്ചുപേരും ചേർന്ന് പിതൃബലി നടത്തി. അതിനുശേഷം അവന്റെ പുത്രന്മാർക്കും വേണ്ട തർപ്പണപൂജകൾ നടത്തി. തുടർന്ന് പാണ്ഡവർ ഹസ്തിനപുരിയിൽ തിരിച്ചെത്തി കർണ്ണന്റെ വിധവയെ കണ്ട് സമാധാനിപ്പിച്ചു. അന്ന് അവിടെ കൂടുതൽ സമയം ചിലവഴിക്കാനും ജ്യേഷ്ഠത്തിയുമായി ദുഃഖത്തിൽ പങ്കുചേരാൻ പാഞ്ചാലിയും സുഭദ്രയും പ്രത്യേകം ശ്രദ്ധചെലുത്തി. എല്ലാവരും കർണ്ണപത്നിയുടെ കാൽക്കൽ നമസ്കരിച്ച് ആശിർവാദം വാങ്ങിയാണ് തങ്ങളുടെ കൊട്ടാരങ്ങളിലേക്ക് തിരിച്ചത്. അന്നുതന്നെ ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും വിദുരരേയും കണ്ടു വണങ്ങാനും യുധിഷ്ഠിരൻ മറന്നില്ല.
നാരദസംവാദം
[തിരുത്തുക]കുന്തിയിലൂടെ കർണ്ണ രഹസ്യം മനസ്സിലാക്കിയതുമുതൽ രാജാവ് വളരെയേറെ ദുഃഖാർത്തനായി കാണപ്പെട്ടു. ഈ കാലയളവിൽ നാരദർ ഹസ്തിനപുരിയിൽ എത്തുകയും കർണ്ണന്റെ ജീവിതകഥകളും അവനേറ്റ നിരവധി ശാപകഥകളും രാജാവിനെ ധരിപ്പിച്ചു. ദ്രോണർ അവനു ശിഷ്യത്വം നിരാകരിച്ചപ്പോൾ ദ്രോണരുടെ ഗുരുവായിരുന്ന പരശുരാമന്റെ ശിഷ്യത്വം സ്വീകരിച്ച കർണ്ണന്റെ ധീരതയും, പിന്നീട് പരശുരാമൻ അവൻ ബ്രാഹ്മണനല്ല എന്നു മനസ്സിലാക്കി അവനെ ശപിച്ചതും, ഹോമപശുവിനെ അറിയാതെ കൊലചെയ്കയാൽ അവനേറ്റ അഗ്നിഹോത്രിശാപവും നാരദർ യുധിഷ്ഠിരനോട് വിശദമായി പറയുന്നുണ്ട്. ഇതിനെല്ലാം കാരണം അവനിലടങ്ങിയിരിക്കുന്ന അസുരാംശമാണെന്നു ഇതിലൂടെ നാരദർ മഹാരാജാവിനോട് പറയുന്നു. അഗ്നിഹോത്രിശാപം എപ്പോഴും കർണ്ണനെ അധൈര്യപ്പെടുത്തിയിരുന്നു. പശുവാണെന്നറിയാതെ കൊലചെയ്കയാൽ നീ ആരാണെന്നറിയാതെ നിന്റെയും ശിരസ്സ് അറുക്കപ്പെടും എന്നായിരുന്നു അഗ്നിഹോത്രിശാപം.
കർണ്ണന്റെ ധീരത
[തിരുത്തുക]ദുര്യോധനപക്ഷം ചേരാനുണ്ടായ സാഹചര്യവും, അവന്റെ മറ്റു ധീരതനിറഞ്ഞ കഥകളും നാരദർ ഈ സന്ദർഭത്തിൽ വിവരിക്കുന്നതായി ഗ്രന്ഥകാരൻ മഹാഭാരതത്തിൽ ശാന്തിപർവ്വത്തിൽ പറയുന്നുണ്ട്.
- ദുര്യോധന വിവാഹം: കലിംഗരാജകുമാരിയുടെ സ്വയവരവേളയിൽ അവൾ ദുര്യോധനനെ വേൾക്കാതെ മുന്നോട്ട് നടന്നതിൽ കോപിച്ച് രാജകുമാരിയെ അവിടെ നിന്നും കടത്തിക്കൊണ്ടുപോരാനും അതെതിർത്ത രാജാക്കന്മാരെയെല്ലാം ഒറ്റക്ക് നേരിട്ട് ദുര്യോധനനെ സഹായിച്ചത് കർണ്ണനായിരുന്നു. ദുര്യോധനനു അവനോട് സ്നേഹാദരവിനുണ്ടായ കാരണങ്ങൾ ഇങ്ങനെ നിരവധിയായിരുന്നു.
- ജരാസന്ധവിജയം: കർണ്ണന്റെ യുദ്ധസാമർത്ഥ്യം മനസ്സിലാക്കി മഗധാധിപനായ ജരാസന്ധൻ അവനെ ദ്വന്ദ്വയുദ്ധത്തിനു വിളിച്ചു. ദ്വന്ദ്വയുദ്ധത്തിൽ പ്രഗദ്ഭനായ ജരാസന്ധനെ കർണ്ണൻ തോല്പിച്ചു. കർണ്ണനിൽ അഭിമാനം പൂണ്ട മഗധാധിപൻ മാലിനി എന്ന നഗരം കർണ്ണനു സമ്മാനിച്ചു.
- ദേവേന്ദ്ര കപടവേഷം : അർജ്ജുനനുവേണ്ടി ദേവേന്ദ്രൻ ബ്രാഹ്മണവേഷത്തിൽ വന്നു കർണ്ണന്റെ ജന്മസിദ്ധമായിരുന്ന കവചകുണ്ഢലങ്ങൾ ദാനം വാങ്ങി. ബ്രാഹ്മണവേഷത്തിൽ വന്നത് ദേവേന്ദ്രനാണെന്നറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തിനു തന്റെ ശരീരഭാഗമായിരുന്ന കവചകുണ്ഢലങ്ങൾ ദാനം കൊടുത്തു. കർണ്ണന്റെ ദാനമഹിമയാണ് ഇവിടെ കാണിക്കുന്നത്.
രാജ്യാഭിഷേകം
[തിരുത്തുക]യുദ്ധാനന്തരം പന്ത്രണ്ടാം ദിവസം പുലയുടെ അശുദ്ധി തീർന്നതിനുശേഷം കുലഗുരുവായ ധൗമ്യനെ ആചാര്യമര്യാദകളോടെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ അനുവാദത്തോടെ ശുഭമുഹൂർത്തത്തിൽ ഹസ്തിനപുരിയുടെ രാജ്യഭാരം ധർമ്മപുത്രർ ഏറ്റെടുത്തു.[38][39] രാജാഭിഷേകത്തിനുശേഷം കുന്തിദേവിയുടെ അഭ്യർത്ഥനയെ തുടർന്ന് കർണ്ണന്റെ വിധവയെ കണ്ട് ആശ്ലേഷിച്ചു. അവരുടെ എല്ലാ പുത്രന്മാരും യുദ്ധത്തിൽ മരിച്ചിരുന്നു. കർണ്ണപുത്രന്മാരുടെ പത്നിമാരെ ദ്രൗപദി സമാധാനിപ്പിച്ചു. അതിനുശേഷം പരിവാരസമേതം കുരുക്ഷേത്രഭൂമിയിൽ പോയി ശരശയ്യയിൽ കിടന്ന ഭീഷ്മപിതാമഹനെ കണ്ട് ദിവ്യോപദേശങ്ങൾ സ്വീകരിച്ചു. (ഉത്തരായനം തുടങ്ങിയതിനുശേഷം ഭീഷ്മർ തന്റെ ശരീരം ഉപേക്ഷിച്ചു അഷ്ടവസുക്കളിൽ വിലയം പ്രാപിച്ചു). ഹസ്തിനപുരിയുടെ രാജാവായി അഭിഷേകം നടത്തുമ്പോൾ ധർമ്മപുത്രർക്ക് 72-വയസ്സ് പ്രായം ഉണ്ടായിരുന്നു. രാജ്യാഭിഷേകത്തെത്തുടർന്ന് 36 വർഷങ്ങൾ യുധിഷ്ഠിരൻ ചന്ദ്രവംശത്തിന്റെ ചക്രവർത്തിയായി രാജഭരണം നടത്തി.
അശ്വമേധയാഗം
[തിരുത്തുക]കുരുക്ഷേത്രയുദ്ധം മൂലം കുരുവംശത്തിനു ഉൾപ്പെടെ ഏവർക്കും വന്നുചേർന്ന വലിയ നാശനഷ്ടത്തിനു കാരണക്കാരൻ താനാണെന്നുള്ള ദുഃഖം എപ്പോഴും യുധിഷ്ഠിരനെ ബാധിച്ചിരുന്നു. പല അവസരങ്ങളിലും കുരുക്ഷേത്ര യുദ്ധക്കെടുതികളെപ്പറ്റി അദ്ദേഹം വ്യാകുലപ്പെട്ടു സംസാരിച്ചിരുന്നു. ഇതുമനസ്സിലാക്കി വ്യാസ മഹർഷി അദ്ദേഹത്തെ കാണാൻ ഹസ്തിനപുരിയിലെത്തി. അദ്ദേഹം പല ഉപദേശങ്ങളും പാണ്ഡവർക്ക് നൽകി. തുടർന്ന് യുധിഷ്ഠിരന്റെ മനസ്സിനെ ബാധിച്ച പാപഭാരം മാറ്റുവാനായി അശ്വമേധയാഗം നടത്താൻ നിർദ്ദേശിച്ചു. കൃഷ്ണനും ഇതുതന്നെ അദ്ദേഹത്തോട് ഉപദേശിച്ചു. ഇരുവരുടേയും നിർദ്ദേശാനുസരണയോടെ യുധിഷ്ഠിരൻ അശ്വമേധയാഗം നടത്തി. ഇതിനുള്ള ധനം കൃഷ്ണനിർദ്ദേശത്താൽ ഹിമാലയത്തിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. അശ്വപ്രയാണത്തിനനുഗമിച്ചത് പാർത്ഥനായിരുന്നു. സിന്ധുരാജ്യത്ത് അശ്വം എത്തിയതിനെത്തുടർന്ന് ജയദ്രഥന്റെ പുത്രനായ സുരഥൻ അർജ്ജുനബാണങ്ങളെ ഭയന്ന് ഹൃദയം പൊട്ടി മരിച്ചു. ഇതറിഞ്ഞ് വളരെ സങ്കടപ്പെട്ട് ദുശ്ശള അനുജനായ അർജ്ജുനനെ വന്നുകണ്ടു. ജ്യേഷ്ഠത്തിയുടെ ആശിർവാദങ്ങളോടെ അർജ്ജുനൻ അശ്വപ്രയാണം വീണ്ടും തുടർന്നു. (ദുശ്ശളയും സുരഥന്റെ പത്നിയും അവരുടെ കൈക്കുഞ്ഞായിരുന്ന പുത്രനും പിന്നീട് യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു).
താമ്രാവതി
[തിരുത്തുക]താമ്രാവതിയിലെ രാജാവായിരുന്ന മയൂരധ്വജൻ ഈ അവസരത്തിൽ അശ്വമേധയാഗം നടത്താൻ തീരുമാനിക്കുകയും യാഗദീക്ഷയെത്തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ താമ്രധ്വജൻ അശ്വപ്രയാണത്തിനു അനുഗമിച്ചു. ഇതു കുതിരകളും താമ്രാവതിക്കടുത്ത് വെച്ച് കണ്ടുമുട്ടുകയും തുടർന്ന് യുദ്ധത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. അവസാനം താമ്രധജൻ യുധിഷ്ഠിരന്റെ രാജത്വം അംഗീകരിക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു.
മണലൂർ
[തിരുത്തുക]അർജ്ജുനന്റെ പത്നിയായ ചിത്രാംഗദയുടെ രാജ്യമായിരുന്നു മണലൂർ. യുദ്ധാനന്തരം ജീവിച്ചിരുന്ന ഏക പാണ്ഡവപുത്രനായ ബഭ്രുവാഹനനായിരുന്നു അവിടുത്തെ രാജാവ്. ബഭ്രുവാഹനൻ അശ്വത്തെ പിടിച്ചുകെട്ടുകയും തുടർന്നുണ്ടായ യുദ്ധത്തിൽ അർജ്ജുനൻ മോഹലാസ്യപ്പെട്ട് വീഴുകയും ചെയ്തു. പാർത്ഥനു പുത്രന്റെ മുൻപിൽ തോൽവി സംഭവിച്ചപ്പോഴും, ബഭ്രുവാഹനൻ തന്റെ വലിയച്ഛന്റെ രാജത്വം അംഗീകരിച്ച് അദ്ദേഹത്തിനു കപ്പം കൊടുത്ത് അശ്വത്തെ വണങ്ങി യാഗത്തിൽ പങ്കെടുത്തു.
യുദ്ധസമയത്തെ പാണ്ഡവരുടെ പ്രായം
[തിരുത്തുക]യുദ്ധസമയത്ത് ധർമ്മപുത്രർക്ക് 72 വയസ്സുണ്ടായിരുന്നുവെന്നു ഗ്രന്ഥകാരൻ മഹാഭാരതത്തിൽ എഴുതിയിരിക്കുന്നു. ഭീമസേനനു 71-ഉം, അർജ്ജുനനും 70-ഉം, നകുല-സഹദേവന്മാർക്കു 69 വയസ്സു വീതവുമുണ്ടായിരുന്നു. ശ്രീകൃഷ്ണനു അർജ്ജുനനിലും 6-മാസത്തെ പ്രായകൂടുതലായിരുന്നുവെന്നു ഗ്രന്ഥകാരൻ ഭാഗവതത്തിലും മഹാഭാരതത്തിലും പറയുന്നുണ്ട്. കൗരവാദികൾ നൂറുപേരും അർജ്ജുനനിൽ മൂത്തതും ഭീമനിൽ ഇളയവരുമാണ്. 72-ആം വയസ്സിൽ ഹസ്തിനപുരിയിൽ ചന്ദ്രവംശത്തിന്റെ രാജാവായി ധൗമ്യനാൽ അഭിഷിക്തനായ യുധിഷ്ഠിരൻ ത്തുടർന്ന് 36 വർഷം രാജ്യം ഭരിച്ചു.[40]. അതിനുശേഷം പൗത്രനായ പരീക്ഷിത്തിനെ രാജാവായി അഭിഷേകം നടത്തി പാണ്ഡവർ വനവാസം സ്വീകരിച്ചു.
അവലംബം
[തിരുത്തുക]- ↑ Yogananda, Paramahansa (2007). [Diamond Pocket Books (P) Ltd God Talks With Arjuna]. Diamond Pocket Books (P) Ltd. p. xxi. ISBN 9788189535018. "the dates proposed for the Kurukshetra war range from as early as 6000 BC to as recently as 500 BC
- ↑ ഇന്ത്യയുടെ സാംസ്കാരിക ചരിത്രം -- ശിശിർകുമാർ ദാസ് ISBN 978-8172017989
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-11. Retrieved 2011-09-05.
- ↑ Professor A.L. Basham, My Guruji and Problems and Perspectives of Ancient Indian History and Culture, -- Sachindra Kumar Maity -- Abhinav Publications, India
- ↑ M. Witzel, Early Sanskritization: Origin and Development of the Kuru state, EJVS vol.1 no.4 (1995); also in B. Kölver (ed.), Recht, Staat und Verwaltung im klassischen Indien. The state, the Law, and Administration in Classical India, München, R. Oldenbourg, 1997, p.27-52
- ↑ മഹാഭാരതം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ -- മാതൃഭൂമി പബ്ലീഷേഷ്സ്
- ↑ http://www.thevedicfoundation.org/bhartiya_history/mahabharat.htm
- ↑ Rig-Veda-Samhita : The Sacred Hymns of the Brahmans -- Friedrich M. Mueller (ഫെഡ്റിക് മാക്സ് മുള്ളർ)
- ↑ പ്രാചീന ഇന്ത്യ -- ISBN : 9788126417544 -- ആർ.എസ്. ശർമ്മ -- ഡി.സി. ബുക്സ്, കോട്ടയം
- ↑ ഭീമസേനൻ -- കുലപതി കെ.എം. മുൻഷി -- ഡി.സി. ബുക്സ്, കോട്ടയം
- ↑ ജയ്: ആൻ ഇലുസ്റ്റ്രേറ്റഡ് റിറ്റേലിംഗ് ഓഫ് ദ മഹാഭാരത് -- ദേവദത്ത് പഠ്നായിക് -- പെൻഗിൻ ബുക്സ്
- ↑ ബ്രാഹ്മണവനിതയിൽ ക്ഷത്രിയനുണ്ടാവുന്ന പുത്രനെയാണ് സൂതൻ എന്നു വിളിക്കുന്നത്.
- ↑ http://www.sacred-texts.com/hin/m01/m01055.htm മഹാഭാരതം -- അസ്തികചരിത്രം
- ↑ http://www.shvoong.com/humanities/1758029-astika-maharaj-ankur-bhadauria/ Archived 2010-11-03 at the Wayback Machine. ജരൽകാരുവിന്റെ പുത്രൻ അസ്തികൻ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-09. Retrieved 2011-09-06.
- ↑ http://www.kidsgen.com/fables_and_fairytales/indian_mythology_stories/poison_kills_poison.htm
- ↑ സി. രാജഗോപാലാചാരിയുടെ മഹാഭാരതം; "54-സഞ്ജയ മിഷൻ (സഞ്ജയദൂത്)"
- ↑ വിദുര നീതി : ആംഗലേയ പരിഭാഷ -- കിസാരി മോഹൻ ഗാംഗുലി
- ↑ http://www.mahabharataonline.com/rajaji/mahabharata_summary_61.php
- ↑ എഴുത്തച്ഛൻ മഹാഭാരതത്തിൽ പത്മവ്യൂഹം എന്നു എഴുതിയിരിക്കുന്നു. ഏറ്റവും പുറത്തു നിൽക്കുന്ന യോദ്ധാക്കൾ ശത്രു ഉള്ളിൽ കടന്നു കഴിയുമ്പോൾ ഉള്ളിലേക്കടുത്ത് ശത്രുവിനെ നേരിടുന്നതിനാലാവാം അദ്ദേഹം പത്മവ്യൂഹം (കൂമ്പടയാൻ പോകുന്ന താമര എന്നർത്ഥത്തിൽ) പരാമർശിച്ചിരിക്കുന്നത്. കമലവ്യൂഹം എന്ന പേരിൽ മറ്റൊരു വ്യൂഹവും (പൂർണ്ണമായി വിരിഞ്ഞ താമരയുടെ രൂപത്തിൽ) യുദ്ധത്തിൽ ഉപയോഗിച്ചിരുന്നതിനാൽ വ്യാസൻ പരാമർശിച്ചിരിക്കുന്ന ചക്രവ്യൂഹമാവും ഇതിനു കൂടുതൽ യോജിക്കുക.
- ↑ പതിനെട്ട് നിയമങ്ങൾ കുരുക്ഷേത്രയുദ്ധത്തിൽ അലിഖിതമായുണ്ടായിരുന്നു
- ↑ ശ്രീമദ് ഭഗവദ്ഗീത -- എം.എസ്. ചന്ദ്രശേഖരവാര്യർ (പരിഭാഷ) -- ഡി.സി. ബുക്സ് പ്രസിദ്ധീകരണം
- ↑ ശ്രീമദ് ഭഗവദ്ഗീത -- എം.എസ്. ചന്ദ്രശേഖരവാര്യർ : പരിഭാഷ -- ഡി.സി.ബുക്സ് പ്രസിദ്ധീകരണം, കോട്ടയം
- ↑ ഡി.ഡി. കോസാംബി -- മിത്ത് ആൻഡ് റിയാലിറ്റി -- ചരിത്രം
- ↑ എട്ടാംദിവസം രാത്രികഴിഞ്ഞ് ഒൻപതാം നാൾ സൂര്യോദയത്തിനു മുൻപ് കൃഷ്ണശപഥത്താൽ ഇരാവാൻ തന്റെ തലപൊട്ടി ചിതറിയാണ് മരിച്ചത് എന്നൊരു ഐതിഹ്യം കൂടിയുണ്ട്.
- ↑ 26.0 26.1 26.2 26.3 മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN 81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-02. Retrieved 2011-09-17.
- ↑ മഹാഭാരതം -- ഡോ.പി.എസ്.നായർ -- ISBN 81-85315-01-9 വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
- ↑ http://www.thehindu.com/todays-paper/tp-national/tp-karnataka/article1064463.ece
- ↑ യുദ്ധം അനുശാസിച്ച നിയമങ്ങൾ -- [12: ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്]
- ↑ യുദ്ധം അനുശാസിച്ച നിയമങ്ങൾ -- [08: യുദ്ധത്തിൽ പങ്കെടുക്കാത്തവനെയൊ, മൃഗത്തെയൊ ആക്രമിക്കരുത്]
- ↑ 32.0 32.1 യുദ്ധം അനുശാസിച്ച നിയമങ്ങൾ -- [06: നിരായുധനെ ആക്രമിക്കരുത്]
- ↑ യുദ്ധം അനുശാസിച്ച നിയമങ്ങൾ -- [04: ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്]
- ↑ Kisori Mohan Ganguly Translation of Mahabharathaമഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 26
- ↑ മഹാഭാഗവതം -- ISBN 8-85315-07-8 -- ഡോ.പി.എസ്സ് നായർ -- വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
- ↑ ശാന്തിപർവ്വം : മഹാഭാഗവതം -- ISBN 8-85315-07-8 -- ഡോ.പി.എസ്സ് നായർ -- വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
- ↑ സി. രാജഗോപാലാചാരിയുടെ മഹാഭാരതം; "54--സഞ്ജയ മിഷൻ (സഞ്ജയദൂത്)"
- ↑ മഹാഭാരതം -- സി. രാജഗോപാലാചാരി -- ഭാരതീയ വിദ്യാഭവൻ ISBN : 9788172763688
- ↑ ഇന്ത്യയുടെ സാംസ്കാരിക ചരിത്രം (ആംഗലേയം) -- ശിശിർകുമാർ ദാസ്
- ↑ മഹാഭാരതം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
കുറിപ്പുകൾ
[തിരുത്തുക]൧ ^ നിഷ്പക്ഷ രാജ്യങ്ങൾ : കേകേയം, ദ്വാരക, മഥുര, വിദർഭ, മഗധ രാജ്യങ്ങൾ രണ്ടു കൂട്ടരോടും ശത്രുതയില്ലാതെ യുദ്ധത്തിൽ പങ്കെടുത്തു. കേകേയ സൈന്യം :രണ്ടു കൂട്ടത്തിലും യുദ്ധം ചെയ്തു; ദ്വാരക സൈന്യം :കൃതവർമ്മാവിന്റെ നേതൃത്വത്തിൽ ഒരു സൈന്യവ്യൂഹം കൗരവപക്ഷത്തും, ഭഗവാൻ കൃഷ്ണൻ പാണ്ഡവ പക്ഷത്തും, മറ്റു ചിലർ നിഷ്പക്ഷമായും നിന്നു; മഥുര സൈന്യം :ഉഗ്രസേന നിർദ്ദേശത്താൽ പ്രധാന സൈന്യവ്യൂഹം പാണ്ഡവപക്ഷത്തും കുറച്ചുപേർ കൃതവർമ്മാവിനൊപ്പവും യുദ്ധം ചെയ്തു. വിദർഭ സൈന്യം :രുക്മിണിയുടെ സഹോദരനായ രുഗ്മി രാജകുമാരൻ ഒരു സൈന്യവ്യൂഹവുമായി കൗരവപക്ഷത്തും പിതാവായ വിദർഭൻ തന്റെ സൈന്യത്തിന്റെ പ്രധാന ഭാഗത്തെ പാണ്ഡവർക്കായി അയച്ചു കൊടുത്തു. മഗധ സൈന്യം :ജരാസന്ധന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രന്മാർ പാണ്ഡവരുമായി സൗഖ്യമായിരുന്നു. മഗധ രാജകുമാരൻ തന്റെ കീഴിലുള്ള സൈന്യവുമായി പാണ്ഡവപക്ഷത്തു ചേർന്നു യുദ്ധം ചെയ്തു. ജരാസന്ധന്റെ പുത്രിമാർ വിവാഹം ചെയ്തിരുന്നത് കംസനെയായിരുന്നു. അതിനാൽ അവരുടെ ബന്ധുജനങ്ങൾ കൗരവപക്ഷത്തും ചേർന്നു യുദ്ധത്തിൽ ഏർപ്പെട്ടു.
സംഗ്രഹ ഗ്രന്ഥങ്ങൾ
[തിരുത്തുക]- മഹാഭാരതം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ -- മാതൃഭൂമി പ്രസിദ്ധീകരണം, കോഴിക്കോട്
- മഹാഭാരതം -- ഡോ.പി.എസ്. നായർ -- വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
- വ്യാസ മഹാഭാരതം -- ആംഗലേയ പരിഭാഷ -- കിസാരി മോഹൻ ഗാംഗുലി
- മഹാഭാരതം (ആംഗലേയം) -- സി. രാജഗോപാലാചാരി -- ഭാരതീയ വിദ്യാഭവൻ
- ശ്രീമദ് ഭഗവദ്ഗീത -- എം.എസ്. ചന്ദ്രശേഖരവാര്യർ : പരിഭാഷ -- ഡി.സി.ബുക്സ് പ്രസിദ്ധീകരണം, കോട്ടയം
- വിദുര നീതി -- ആംഗലേയ പരിഭാഷ -- കിസാരി മോഹൻ ഗാംഗുലി
- പ്രാചീന ഇന്ത്യ -- ആർ.എസ്. ശർമ്മ -- ഡി.സി. ബുക്സ്, കോട്ടയം
- ഋഗ്വേദ സംഹിത (ആംഗലേയം) -- ഫെഡ്റിക് മാക്സ് മുള്ളർ
- ഇന്ത്യയുടെ സാംസ്കാരിക ചരിത്രം (ആംഗലേയം) -- ശിശിർകുമാർ ദാസ്
- മഹാഭാരതം (ആംഗലേയം) -- ദി ഗ്രേറ്റെസ്റ്റ് സ്പിരിച്യുൽ എപിക് ഓഫ് ആൾ ദി ടൈം -- കൃഷ്ണ ധർമ്മ -- ടോർച്ച് ലൈറ്റ് പബ്ലിഷിംഗ്
- ശ്രീ മഹാഭാഗവതം മൂലകൃതി (മലയാള വ്യാഖ്യാന സഹിതം)
- മഹാഭാഗവതം -- ഡോ.പി.എസ്സ് നായർ -- വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
- ദേവീമഹാഭാഗവതം -- ഡോ.പി.എസ്സ് നായർ -- വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
യുദ്ധത്തിലെ പതിനെട്ടിന്റെ പ്രത്യേകതകൾ
[തിരുത്തുക]പതിനെട്ടുദിവസങ്ങൾ | കുരുക്ഷേത്രയുദ്ധം നീണ്ടുനിന്നത് പതിനെട്ട് ദിവസങ്ങളാണ് |
പതിനെട്ടദ്ധ്യായങ്ങൾ | ഭഗവദ്ഗീതയിൽ പതിനെട്ട് അദ്ധ്യായങ്ങളുണ്ട് |
പതിനെട്ടക്ഷൗഹിണി | ഇരുപക്ഷത്തുമായി പതിനെട്ട് അക്ഷൗഹിണി സൈന്യം യുദ്ധത്തിൽ പങ്കെടുത്തു |
പതിനെട്ടുപസൈന്യാധിപർ | ഇരുസേനയിലുമായി പതിനെട്ട് ഉപസൈന്യാധിപന്മാർ ഉണ്ടായിരുന്നു |
പതിനെട്ടുവ്യൂഹങ്ങൾ | കുരുക്ഷേത്രയുദ്ധത്തിൽ പതിനെട്ട് സേനാവ്യൂഹങ്ങൾ ഉപയോഗിച്ചു |
പതിനെട്ടുനിയമങ്ങൾ | യുദ്ധം അനുശാസിച്ച നിയമങ്ങൾ പതിനെട്ട് ആയിരുന്നു |
പതിനെട്ടുപാണ്ഡവർ | പാണ്ഡവരും അവരുടെ പുത്രന്മാരുമായി പതിനെട്ട് പേരായിരുന്നു |
പതിനെട്ടുപർവ്വങ്ങൾ | വ്യാസ രചിത മഹാഭാരതത്തിൽ പതിനെട്ട് പർവ്വങ്ങൾ ഉൾക്കൊള്ളുന്നു |