നൗഷാദ് അലി
നൗഷാദ് അലി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
വർഷങ്ങളായി സജീവം | 1940–2005 |
ഒരു ഇന്ത്യൻ സംഗീതജ്ഞനായിരുന്നു നൗഷാദ് അലി (ഉർദു: نوشاد علی, ഹിന്ദി: नौशाद अली) (ഡിസംബർ 25 1919 – മേയ് 5 2006). ബോളിവുഡ് ചലച്ചിത്ര രംഗത്തെ സംഗീത സംവിധായകനുമാണിദ്ദേഹം. ചലച്ചിത്രരംഗത്തിന് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് ഭാരതീയസർക്കാർ അദ്ദേഹത്തിന് 1981-ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സമ്മാനിക്കുകയുണ്ടായി. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം, പദ്മഭൂഷൺ എന്നിവയും നേടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1919 ൽ ലഖ്‌നോവിൽ ജനിച്ചു. ഉസ്താദ് ഗുർബത് അലി, ഉസ്താദ് യൂസഫ് അലി, ഉസ്താദ് ബാബർ സാഹേബ് എന്നിവരുടെ കീഴിൽ സംഗീതാഭ്യാസനം നടത്തി. 1937-ൽ മുംബൈക്കു പോകുന്നതിനു മുമ്പ് അമേച്വർ നാടകവേദിക്കുവേണ്ടി സംഗീതസംവിധാനം നിർവഹിച്ചു. മുംബൈയിൽ മുഷ്ത്താഖ് ഹുസൈന്റെ ഓർക്കസ്ട്രയിൽ പിയാനോ വായനക്കാരനായി. പിന്നീട് ഖേംചന്ദ് പ്രകാശിന്റെ അസിസ്റ്റന്റായി രഞ്ജിത് സ്റ്റുഡിയോയിൽ ജോലി ചെയ്തു. നാല്പതുകളിലെ ഹിന്ദി സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംഗീത സംവിധായകൻ. സൌണ്ട് മിക്‌സിങ്ങും, പിന്നണിഗാനങ്ങളിൽ ശബ്ദത്തിനും മ്യൂസിക് ട്രാക്കിനും വേറെ വേറെ റെക്കോഡിങ്ങും ഏർപ്പെടുത്തിയവരിൽ ഒരാൾ. നൂറു സംഗീതജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ട് വലിയൊരു ഓർക്കെസ്ട്ര ആൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ചത് പുതുമയുള്ളൊരു കാൽവയ്പായിരുന്നു. നൗഷാദ് കാ സംഗീത് എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ട് .
ആറ് പതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്രജീവിതത്തിൽ അദ്ദേഹം അറുപതിലേറെ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ഇവയിലധികവും ഹിന്ദി ചലച്ചിത്രങ്ങളായിരുന്നു. 1988-ൽ പുറത്തിറങ്ങിയ ധ്വനി എന്ന മലയാളചലച്ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം നൽകിയത് അദ്ദേഹമാണ്. 2006 മേയ് 5-ന് തന്റെ 86ആം വയസ്സിൽ ആ അതുല്യകലാകാരൻ നമ്മെ വിട്ടുപിരിഞ്ഞു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]