(Translated by https://www.hiragana.jp/)
പ്ലാസ്‌മിഡ് - വിക്കിപീഡിയ Jump to content

പ്ലാസ്‌മിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plasmid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്ലാസ്‌മിഡ്

ചിലയിനം ബാക്ടീരിയങ്ങളിൽ സ്വതേയുള്ള ജനിതകക്രോമസോം കൂടാതെ കോശദ്രവ്യത്തിൽ കാണപ്പെടുന്ന ചെറിയ, വൃത്താകൃതിയുള്ള അടഞ്ഞ ഡി.എൻ.ഏ തന്മാത്രകളാണ് പ്ലാസ്‌മിഡുകൾ.[1]ഇവയ്ക്ക് സ്വയം വിഭജനശേഷിയുണ്ട്. രണ്ട് ഇഴകളുള്ള ഈ തന്മാത്രകളിൽ 1 മുതൽ 1000 ത്തിലധികം കിലോബെയ്സ് ജോടികൾ കാണപ്പെടുന്നു.[2]1952 ൽ ജോഷ്വാ ലെഡർബർഗ് ആണ് ഈ പേരുനൽകിയത്.

പ്ലാസ്‌മിഡുകളുടെ വിതരണം

[തിരുത്തുക]

അർക്കിയ, ബാക്ടീരിയ, യൂക്കാരിയ എന്നീ മൂന്നു ഡൊമെയിനുകളിലും ഉള്ള ജീവികളിൽ പ്ലാസ്‌മിഡുകൾ നിലനിൽക്കുന്നുണ്ട്. Entamoeba histolytica, യീസ്റ്റ് എന്നീ യൂക്കാരിയോട്ടുകളിലും ഇവ കാണപ്പെടുന്നു.[3] തലമുറകൾ കഴിഞ്ഞാലും ഒരു ജീവിവർഗ്ഗത്തിലെ പ്ലാസ്‌മിഡുകളുടെ എണ്ണത്തിൽ മാറ്റം വരുന്നില്ല.[4]സാധാരണയായി ബാക്ടീരിയങ്ങളുടെ ഡി.എൻ.ഏയുടെ 0.5% മുതൽ 5.0% വരെ പ്ലാസ്‌മിഡുകൾ കാണപ്പെടുന്നു.[5]സ്ട്രെപ്റ്റോമൈസസ് പോലുള്ള ജീവികളിൽ ലീനിയർ പ്ലാസ്മിഡുകളുണ്ട്.[6]ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒരു പ്ലാസ്മിഡാണ് pBR322. ഈ.കോളി ബാക്ടീരിയയുടെ ശരീരത്തിലാണിത് കാണപ്പെടുന്നത്. ഇതിന് 4361 ബേയ്സ് ജോടിയുണ്ട്.

വർഗ്ഗീകരണം

[തിരുത്തുക]

കൈമാറ്റം ചെയ്യപ്പെടാവുന്ന തരത്തിൽ ജീനുകളുണ്ടെങ്കിൽ കോൺജുഗേറ്റീവ് എന്നും ഇല്ലെങ്കിൽ നോൺ-കോൺജുഗേറ്റീവ് എന്നും ഇവയെ തരംതിരിക്കാം. കോശങ്ങളിൽ ഒന്നോ രണ്ടോ പ്ലാസ്മി‌ഡുകളേ ഉള്ളൂ എങ്കിൽ അവയെ സ്ട്രിൻജന്റ് (Stringent) പ്ലാസ്‌മിഡ് എന്നും എണ്ണം വളരെക്കൂടുതലുണ്ടെങ്കിൽ റിലാക്സ്ഡ് (Relaxed) പ്ലാസ്‌മിഡ് എന്നും വിളിക്കുന്നു. എഫ്-പ്ലാസ്മിഡുകൾക്ക് അവയെത്തന്നെ ഒരു കോശത്തിൽ നിന്നും മറ്റൊരു കോശത്തിലേയ്ക്ക് ജീനുകൾ കൈമാറ്റം ചെയ്യാൻ കഴിയും. ആർ-പ്ലാസ്മിഡുകൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ജീനുകളെ ഉൾക്കൊള്ളുന്നവയാണ്. മറ്റ് പ്ലാസ്മിഡുകളെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്ന കോൾ (Col) പ്ലാസ്മിഡുകളും ടൊളുവിൻ, സാലിസിലിക്കാസിഡ് എന്നിവയെ നശിപ്പിക്കുന്ന ഡീഗ്രഡേറ്റീവ് പ്ലാസ്മിഡുകളും ബാക്ടീരിയയെ രോഗകാരിയാക്കുന്ന വിറുലന്റ് പ്ലാസ്മിഡുകളുമുണ്ട്.[7]

നാമകരണം

[തിരുത്തുക]
പ്ലാസ്‌മിഡ് ഇന്റിഗ്രേഷൻ

ഇംഗ്ലീഷിലെ p എന്ന അക്ഷരമാണ് സാധാരണയായി പ്ലാസ്മിഡുകളെ കുറിക്കാൻ ഉപയോഗിക്കുന്നത്. തുടർന്ന് ഗവേഷകന്റെ പേരിന്റെ ആദ്യാക്ഷരങ്ങളും തുടർന്ന് കൃത്യമായ ഒരു നമ്പരും നൽകുന്നു. ബോളിവാറും റൊഡ്രിഗ്വസും കണ്ടെത്തിയ പ്ലാസ്മിഡാണ് pBR322. ചിലപ്പോൾ കണ്ടെത്തിയ പ്രദേശമോ പരീക്ഷണശാലയോ പേരിലുൾപ്പെടാറുണ്ട്. pUC എന്നത് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ കണ്ടെത്തപ്പെട്ടതാണ്.[8]

പ്രാധാന്യം

[തിരുത്തുക]

പ്ലാസ്മിഡുകളെ ജനിതകഎഞ്ചിനീയറിംഗിൽ വെക്ടറുകൾ എന്ന ജീൻ വാഹകരായി ഉപയോഗിക്കുന്നു. ആവശ്യാനുസരണം വിഭജിക്കുവാനും പ്രത്യേക സന്ദർഭങ്ങളിൽ ആവശ്യമായ മാംസ്യതന്മാത്രകളെ ഉത്പാദിപ്പിക്കുവാനും ഇവയ്ക്ക് കഴിവുണ്ട്. ജനിതകഎഞ്ചിനീയറിംഗിനുപയോഗിക്കുന്ന അഭിലഷണീയ ജീനിനെ പ്ലാസ്മിഡിൽ ഉൾപ്പെടുത്തിയശേഷം അവയെ ബാക്ടീരിയയിലേയ്ക്ക് കടത്തുന്നു. പിന്നീട് ആവശ്യാനുസരണം ബാക്ടീരിയയെ ഉപയോഗിക്കുന്നു. ജീൻ തെറാപ്പിയിലും പ്ലാസ്മിഡുകളെ വ്യാപകമായി ഉപയോഗിക്കുന്നു. മനുഷ്യജനിതകഘടനയിലേയ്ക്ക് അഭിലഷണീയജീനുകളെ തിരുകിക്കയറ്റാനായി ഇവ വ്യാപകമായി ഉപയോഗത്തിലുണ്ട്.

അവലംബം

[തിരുത്തുക]
  1. Cell Biology, Genetics, Molecular Biology, Evolution and Ecology, P.S.Verma and V.K.Agarwal, S.Chand Publications, 2007 Reprint, page 47
  2. http://en.wikipedia.org/wiki/Plasmid
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-04-30.
  4. http://askabiologist.asu.edu/plasmids
  5. Biochemistry Text Book, Author:U. Sathyanarayana, Books and Allied Pvt Ltd, Kolkata, 2008 Reprint, Page: 83
  6. Biochemistry Text Book, Author:U. Sathyanarayana, Books and Allied Pvt Ltd, Kolkata, 2008 Reprint, Page: 83
  7. http://en.wikipedia.org/wiki/Plasmid
  8. Biochemistry Text Book, Author:U. Sathyanarayana, Books and Allied Pvt Ltd, Kolkata, 2008 Reprint, Page: 83, Paragraph 3
"https://ml.wikipedia.org/w/index.php?title=പ്ലാസ്‌മിഡ്&oldid=3821664" എന്ന താളിൽനിന്ന് ശേഖരിച്ചത്