വില്യം ഹോവാഡ് ടാഫ്റ്റ്
വില്യം ഹോവാഡ് ടാഫ്റ്റ് യു.എസ്സിന്റെ 27-ആമതു പ്രസിഡന്റും പത്താമതു ചീഫ് ജസ്റ്റിസുമായിരുന്നു. യു.എസ്സിൽ ഈ രണ്ടു സ്ഥാനങ്ങളും വഹിച്ച ഏക വ്യക്തി ഹോവാഡ് ടാഫ്റ്റ് ആണ്. 1857 സെപ്റ്റംബർ 15-ന് ഒഹായോവിലെ സിൻസിനാറ്റിൽ അൽഫോൺസോ ടാഫ്റ്റിന്റെ പുത്രനായി വില്യം ഹോവാഡ് ടാഫ്റ്റ് ജനിച്ചു. ഇദ്ദേഹം 1878-ൽ യേൽ കോളജിൽ നിന്നും ബി.എ. ബിരുദവും 1880-ൽ സിൻസിനാറ്റിലോ സ്കൂളിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. 1881 മുതൽ ടാഫ്റ്റ് അഭിഭാഷകവൃത്തിയിലേർപ്പെട്ടു.
ചരിത്രം
[തിരുത്തുക]ഒഹായോവിലെ പ്രധാന കോടതിയിൽ ന്യായാധിപനായി പ്രവർത്തിച്ചുവന്ന ടാഫ്റ്റിനെ പ്രസിഡന്റ് ബഞ്ചമിൻ ഹാരിസൺ 1890-ൽ സോളിസിറ്റർ ജനറലായി നിയമിച്ചു. 1900-മാണ്ടിൽ ഇദ്ദേഹം ഫിലിപ്പീൻ ദ്വീപുകളിലേക്കുള്ള കമ്മിഷന്റെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടു. 1901-04 കാലത്ത് ടാഫ്റ്റ് ഫിലിപ്പീൻ ദ്വീപുകളുടെ സിവിൽ ഗവർണറുടെ ചുമതല വഹിച്ചു. പ്രസിഡന്റ് തിയൊഡൊർ റൂസ്‌വെൽറ്റ് 1904-ൽ ടാഫ്റ്റിനെ യുദ്ധകാര്യ സെക്രട്ടറിയായി നിയമിച്ചു. നാലുവർഷത്തിനുശേഷം ഇദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി യു.എസ്. പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ചു വിജയിക്കുകയും 1909 മാർച്ചിൽ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. പ്രസിഡന്റായിരിക്കെ നടപ്പിലാക്കിയ താരിപ്പു നിയമം ഏറെ വിമർശനവിധേയമായി. 1912-ൽ പ്രസിഡന്റു സ്ഥാനത്തേക്കു വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് യേൽ സർവകലാശാലയിൽ നിയമവകുപ്പ് പ്രൊഫസറായും ഒന്നാംലോകയുദ്ധ കാലത്ത് നാഷണൽ വാർ ബോർഡിന്റെ ഉപാധ്യക്ഷനായും സേവനമനുഷ്ഠിച്ചു. എഡ്വേഡ് ഡി. വൈറ്റിനെ പിൻതുടർന്ന് 1921-ൽ ഇദ്ദേഹം യു.എസ്സിലെ ചീഫ് ജസ്റ്റിസായി നിയമിതനായി. അനാരോഗ്യംമൂലം 1930 ഫെബ്രുവരി 3-ന് ജോലിയിൽ നിന്നും വിരമിച്ചു.
ഗ്രന്ഥരചന
[തിരുത്തുക]- ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആൻഡ് പീസ് (1914)
- ഔവർ ചീഫ് മജിസ്ട്രേറ്റ് ആൻഡ് ഹിസ് പവേഴ്സ് (1916) എന്നീ ഗ്രന്ഥങ്ങൾ ടാഫ്റ്റ് രചിച്ചിട്ടുണ്ട്.
മരണം
[തിരുത്തുക]1930 മാർച്ച് 8-ന് ഇദ്ദേഹം വാഷിങ്ടൺ ഡി.സി.യിൽ മരണമടഞ്ഞു. സമുന്നത ഭരണാധികാരി, നിയമപണ്ഡിതൻ എന്നീ നിലകളിൽ യു.എസ്സിൽ മായാത്ത വ്യക്തിമുദ്ര ചാർത്തിയ വ്യക്തിയാണ് ടാഫ്റ്റ്.
അവലംബം
[തിരുത്തുക]- ↑ Finkelman, Paul (2006). Encyclopedia of American civil liberties. CRC Press. p. 1601. ISBN 978-0-415-94342-0. Retrieved July 11, 2011.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാഫ്റ്റ്, വില്യം ഹോവാഡ് (1857 - 1930) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |