(Translated by https://www.hiragana.jp/)
പാബ്ലോ പിക്കാസോ - വിക്കിചൊല്ലുകൾ Jump to content

പാബ്ലോ പിക്കാസോ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

സ്പാനിഷ് രാജ്യക്കാരനായ ഒരു ചിത്രകാരനും ശില്പിയും ആയിരുന്നു പാബ്ലോ പിക്കാസോ (ഒക്ടോബർ 25, 1881-ഏപ്രിൽ 8, 1973). 20-ആം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരിൽ ഒരാളായി അദ്ദേഹത്തെ കരുതുന്നു.


Pablo picasso (1962)


  • ചിത്രകലയെ മനസ്സിലാക്കണം എന്ന നിർബന്ധമാണെല്ലാവർക്കും. എന്നാല്പിന്നെ എന്തുകൊണ്ടവർ കിളികളുടെ പാട്ടിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല? എന്തുകൊണ്ടാണവർ ഒരു രാത്രിയെ, ഒരു പൂവിനെ, മനുഷ്യനു ചുറ്റുമുള്ള സർവതിനെയും അവയെ മനസ്സിലാക്കണമെന്നുള്ള വാശിയില്ലാതെ സ്നേഹിക്കുന്നത്? ഒന്നാമതായി അവർ മനസ്സിലാക്കേണ്ടത് കലാകാരൻ പണിയെടുക്കുന്നത് ഒരനിവാര്യതയുടെ നിവൃത്തിക്കു വേണ്ടിയാണെന്നാണ്‌; അയാളും ഈ ലോകത്തിലെ ഒരു നിസ്സാരഘടകം മാത്രമാണെന്നാണ്‌; നമ്മെ വശീകരിക്കുന്ന, എന്നാൽ നാം വിശദീകരിക്കാനൊരുമ്പെടാത്ത മറ്റേതു വസ്തുവിനുമുള്ള പ്രാധാന്യമേ അയാൾക്കുള്ളൂ എന്നുമാണ്‌. ഒരു ചിത്രത്തെ വിശദീകരിക്കാനിറങ്ങിപ്പുറപ്പെടുക എന്നാൽ വഴി തെറ്റിപ്പോവുക എന്നു തന്നെ...


  • എന്തിനെയാണു നാം ചിത്രത്തിലാക്കേണ്ടത്, മുഖത്തു കാണുന്നതിനെയോ, അതിനുള്ളിലുള്ളതിനെയോ, അതോ, അതിനു പിന്നിലുള്ളതിനെയോ?


  • നമുക്കെല്ലാം അറിയാം, കലയല്ല സത്യമെന്ന്. നമുക്കറിയാൻ വരുതി കിട്ടിയിടത്തോളം സത്യമെന്തെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്ന നുണയാണ്‌ കല. തന്റെ നുണകളുടെ സത്യാത്മകത അന്യരെ ബോദ്ധ്യപ്പെടുത്താനുള്ള ഉപായങ്ങൾ കലാകാരനു വശമുണ്ടായിരിക്കണം.


  • സൗന്ദര്യശാസ്ത്രത്തിന്റെ നിയമങ്ങൾ പ്രയോഗിക്കലല്ല കല; ഏതു പ്രമാണത്തിനുമപ്പുറം കടന്ന് വാസനയും ബുദ്ധിയും കൂടി കണ്ടെടുക്കുന്നതാണത്. ഒരു സ്ത്രീയെ പ്രേമിക്കുമ്പോൾ അവളുടെ അവയവങ്ങളുടെ അളവെടുത്തിട്ടല്ലല്ലോ നാം തുടങ്ങുക.


  • അനാവശ്യമായതിനെ ഒഴിവാക്കിയാൽ കലയായി.


  • മോശം കലാകാരന്മാർ പകർത്തും. നല്ല കലാകാരന്മാർ കക്കും.


  • നിറങ്ങൾ മുഖഭാവങ്ങളെപ്പോലെ വികാരങ്ങൾക്കൊത്തു മാറും.


  • ഏതു സൃഷ്ടികർമ്മവും തുടക്കത്തിൽ ഒരു സംഹാരകർമ്മമായിരിക്കും.


  • അത്ഭുതമല്ലാതെന്താണുള്ളത്? കുളിയ്ക്കുമ്പോൾ നാമലിഞ്ഞുപോകുന്നില്ലെങ്കിൽ അതുമൊരത്ഭുതമല്ലേ?


  • നിങ്ങൾക്കു ഭാവന ചെയ്യാനാവുന്നതൊക്കെ യഥാർത്ഥമാണ്‌.


  • എനിക്കൊരു ചിത്രശാല തരൂ. ഞാനതു നിറച്ചുതരാം.


  • ദൈവവും ശരിക്കു പറഞ്ഞാൽ വേറൊരു കലാകാരൻ തന്നെ. അദ്ദേഹം ജിറാഫിനെ സൃഷ്ടിച്ചു, ആനയെയും പൂച്ചയെയും സൃഷ്ടിച്ചു. ആൾക്കു പ്രത്യേകിച്ചൊരു ശൈലിയും പറയാനില്ല; ഓരോന്നോരോന്നു മാറിമാറി പരീക്ഷിക്കുകയാണദ്ദേഹം.


  • തനിയ്ക്കാവുമെന്നു കരുതുന്നവനാവും, ആവില്ലെന്നു കരുതുന്നവനാവില്ല. അലംഘ്യവും അസന്ദിഗ്ധവുമായ നിയമമാണത്.
  • ഞാൻ ഒരാശയത്തിൽ നിന്നു തുടങ്ങും; പിന്നെയതു മറ്റെന്തോ ആവുകയാണ്‌.


  • സൗന്ദര്യത്തെക്കുറിച്ചു സംസാരിക്കാൻ വരുന്നവരെ കണ്ടാൽ ഞാൻ ഓടിക്കളയും. എന്താണീ സൗന്ദര്യം? ചിത്രരചനയിലെ പ്രശ്നങ്ങളെക്കുറിച്ചല്ലേ നാം സസാരിക്കേണ്ടത്?


  • ഈ തലച്ചോറെടുത്തു പുറത്തു കളഞ്ഞിട്ട് കണ്ണുകൾ മാത്രമായി ജീവിക്കാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ?


  • യാഥാർത്ഥ്യം ഒന്നേ ഉള്ളുവെങ്കിൽ ഒരേ പ്രമേയത്തെക്കുറിച്ച് ഒരു നൂറു ചിത്രങ്ങൾ വരയ്ക്കാനാവുന്നതെങ്ങനെ?


  • വിലോഭിപ്പിക്കുന്നതായൊ ഒന്നേയുള്ളു: നിങ്ങൾ ജീവിതത്തിൽ ഇഷ്ടപ്പെട്ടു ചെയ്യുന്ന പ്രവൃത്തി.


  • ചെറുപ്പമാവാൻ പ്രായമേറെയാവണം.


  • റാഫേലിനെപ്പോലെ വരയ്ക്കാൻ നാലു വർഷമേ ഞാനെടുത്തുള്ളു; പക്ഷേ ഒരു കുട്ടിയെപ്പോലെ വരയ്ക്കാൻ ഒരായുസ്സു വേണ്ടിവന്നു.


  • അമ്മ എന്നോടു പറഞ്ഞു, ‘ പട്ടാളക്കാരനായാൽ നീ പടത്തലവനാവും, അച്ചനായാൽ മാർപ്പാപ്പയാവും.’ പകരം ഞാൻ ചിത്രകാരനായി, പിക്കാസ്സോയുമായി.


  • മരിക്കുമ്പോൾ പൂർത്തിയായില്ലെങ്കിലും വിരോധമില്ലെന്നു തോന്നുന്നതേ, നിങ്ങൾ നാളത്തേക്കു മാറ്റിവയ്ക്കാവൂ.


  • ചിത്രരചന ഒരന്ധന്റെ തൊഴിലാണ്‌. താൻ കാണുന്നതല്ല, അയാൾ വരയ്ക്കുന്നത്; മറിച്ച്, തനിയ്ക്കനുഭൂതമാകുന്നതിനെയാണ്‌, കണ്ടതെന്തെന്ന് തന്നോടുതന്നെ അയാൾ പറയുന്നതിനെയാണ്‌.


  • ചില ചിത്രകാരന്മാർ സൂര്യനെ മഞ്ഞപ്പുള്ളിയാക്കും, മഞ്ഞപ്പുള്ളിയെ സൂര്യനാക്കുന്ന വേറേ ചിലരുമുണ്ട്.


  • വിജയം അപകടം പിടിച്ചതാണ്‌: നിങ്ങൾ നിങ്ങളെത്തന്നെ അനുകരിക്കാൻ തുടങ്ങും; അന്യരെ അനുകരിക്കുന്നതിനെക്കാൾ അപകടം പിടിച്ചതാണത്. അതുപിന്നെ നിങ്ങളെ വന്ധ്യതയിലേക്കും നയിക്കും.


  • അവിടെയുമിവിടെയും നിന്നു വന്നുചേരുന്ന അനുഭൂതികളെ സ്വീകരിക്കാനുള്ള ഭാജനമാണു കലാകാരൻ: ഭൂമിയിൽ നിന്ന്, ആകാശത്തു നിന്ന്, ഒരു കടലാസുതുണ്ടിൽ നിന്ന്, കടന്നുപോയൊരു രൂപത്തിൽ നിന്ന്, ഒരു ചിലന്തിവലയിൽ നിന്ന്.


  • പ്രായം കൂടുന്തോറും കാറ്റിന്റെ ഊക്കു കൂടുകയുമാണ്‌; നേരേ മുഖത്തേക്കാണതു വീശുന്നതും.


  • കല കൊണ്ടു ലക്ഷ്യമാക്കുന്നത് നിത്യജീവിതത്തിന്റെ അഴുക്കും പൊടിയും നമ്മുടെ ആത്മാക്കളിൽ നിന്നു കഴുകിക്കളയുക എന്നതാണ്‌.


  • ഇന്നത്തെ ലോകത്ത് ഒരു യുക്തിയും കാണാനില്ല; എങ്കില്പിന്നെ, ഞാൻ വരയ്ക്കുന്ന ചിത്രങ്ങളിൽ എന്തിനതു കാണണം?


  • സ്ത്രീകൾ രണ്ടു തരമേയുള്ളു: ദേവതകളും ചവിട്ടുമെത്തകളും.


  • പ്രചോദനം എന്നൊന്നുണ്ട്; പക്ഷേ നിങ്ങൾ പണിയെടുക്കുന്നതായി അതിന്റെ കണ്ണിൽപ്പെടണം.


  • ഞാനൊരു കാട്ടുകുതിരയെ വരയ്ക്കുമ്പോൾ നിങ്ങൾ കുതിരയെ കണ്ടില്ലെന്നു വരാം, പക്ഷേ അതിന്റെ വന്യസ്വഭാവം നിങ്ങൾ കണ്ടിരിക്കും.


  • നശിപ്പിക്കാൻ കഴിയാത്തവരാണ്‌, ഞങ്ങൾ കലാകാരന്മാർ; ഒരു ജയിലിലോ, കോൺസെൻട്രേഷൻ ക്യാമ്പിലോ ആണു ഞാനെന്നിരിക്കട്ടെ, അവിടെയും എന്റേതായ ഒരു കലാലോകത്തിന്റെ പ്രജാപതിയായിരിക്കും ഞാൻ; അതിനി എന്റെ തടവറയുടെ പൊടി പിടിച്ച നിലത്ത് സ്വന്തം നാവിന്റെ നനവു കൊണ്ടുവേണം എനിക്കു ചിത്രം വരയ്ക്കേണ്ടി വരുന്നതെങ്കിൽക്കൂടി.


  • എന്തിലും ആരിലും ഒരർത്ഥം കണ്ടുപിടിക്കാൻ നടക്കുകയാണാളുകൾ. നമ്മുടെ കാലത്തെ ഒരു രോഗമാണിത്.


  • എന്നെക്കാൾ ശക്തനാണ്‌ എന്റെ കല; തനിയ്ക്കു വേണ്ടത് അതെന്നെക്കൊണ്ടു ചെയ്യിക്കുന്നു.


  • കലാകാരനെന്നു പറഞ്ഞാൽ ആരാണെന്നാണു നിങ്ങൾ ധരിച്ചുവച്ചിരിക്കുന്നത്? ചിത്രകാരനാണെങ്കിൽ കണ്ണുകൾ മാത്രമുള്ളവനും, പാട്ടുകാരനാണെങ്കിൽ കാതു മാത്രമുള്ളവനും, കവിയാണെങ്കിൽ ഹൃദയത്തിന്റെ ഓരോ അറയിലും ഒരു കിന്നരവും കൊണ്ടു നടക്കുന്നവനും, ഇനിയൊരു ഗുസ്തിക്കാരനാണെങ്കിൽ വെറും മാംസപേശികൾ മാത്രമുള്ളവനുമായ ഒരു വികലാംഗനാണെന്നോ? അങ്ങനെയൊന്നുമല്ല: ഒരു രാഷ്ട്രീയജീവി കൂടിയാണയാൾ; ലോകത്തു നടക്കുന്ന ഹൃദയഭേദകവും വികാരഭരിതവും ആഹ്ളാദകരവുമായ സംഗതികളെക്കുറിച്ചു നിരന്തരം ബോധവാനായ ഒരാൾ; അതിനൊപ്പിച്ചു സ്വന്തം പ്രതിച്ഛായ മാറ്റിവരയ്ക്കുകയുമാണയാൾ. എങ്ങനെയാണ്‌ അന്യരിൽ ഒരു താല്പര്യവുമെടുക്കാതെ ജീവിക്കാനാവുക? അത്രയും സമൃദ്ധമായി അവർ നിങ്ങൾക്കു കൊണ്ടുവന്നുതരുന്ന ആ ജീവിതത്തിൽ നിന്ന് മരവിച്ചൊരു നിസ്സംഗതയോടെ മാറിനില്ക്കാനാവുക? അല്ല, വീടുകൾ മോടി പിടിപ്പിക്കാനുള്ളതല്ല, കല; അതൊരു യുദ്ധസാമഗ്രിയാണ്‌.

( ഗൂർണിക്കയെക്കുറിച്ചു പറഞ്ഞത്)


  • നിങ്ങൾ ചെയ്തുകഴിഞ്ഞതേ നിങ്ങളുടെ കണക്കിൽ വരുന്നുള്ളു. നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്നതല്ല.


  • കലാവിമർശകർ ഒത്തുകൂടുമ്പോൾ അവർ രൂപം, ഘടന, അർത്ഥം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കും. കലാകാരന്മാർ ഒത്തുകൂടുമ്പോൾ അവർ സംസാരിക്കുന്നത് കുറഞ്ഞ വിലയ്ക്ക് ചായങ്ങൾ എവിടെക്കിട്ടുമെന്നായിരിക്കും.


  • കാണാൻ ഒരു വഴിയേയുള്ളു, മറ്റൊരു വിധവും കാണാമെന്ന് ആരെങ്കിലും കാണിച്ചുതരുന്നതു വരെ.


  • ഒരേ അളവിലുള്ള ഊർജ്ജം തന്നെ എല്ലാവർക്കുമുള്ളത്. ശരാശരിക്കാരൻ ഒരു പന്ത്രണ്ടുതരം കൊച്ചുകൊച്ചു വഴികളിലായി അതു തുലച്ചുകളയും. ഞാൻ എന്റെ ഊർജ്ജം ഒന്നിനു മാത്രമായി മാറ്റിവയ്ക്കുന്നു: എന്റെ ചിത്രംവരയ്ക്ക്...ശേഷിച്ചതൊക്കെ ഞാനതിൽ ഹോമിക്കുന്നു, എന്നെക്കൂടി.

കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=പാബ്ലോ_പിക്കാസോ&oldid=21555" എന്ന താളിൽനിന്ന് ശേഖരിച്ചത്