എതിർ ടീമിന് ‘ഇംപാക്ട്’ ഉണ്ടാക്കിക്കൊടുക്കുന്ന ചെന്നൈ താരം; പവർപ്ലേയിൽ 31 റൺസ് മാത്രം, അടിച്ചത് ഒരു സിക്സ്!

Mail This Article
മറ്റു ടീമുകൾ ഇംപാക്ട് പ്ലെയേഴ്സിനെ ഇറക്കി കളിതിരിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംപാക്ട് പ്ലെയർ ഇംപാക്ട് ഉണ്ടാക്കുന്നത് എതിർ ടീമിനാണ് ! കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ നിർണായക ഘട്ടത്തിൽ ഇംപാക്ട് പ്ലെയറായ എത്തിയ ദീപക് ഹൂഡയ്ക്ക് ഒരു എൻഡിൽ വിക്കറ്റ് നഷ്ടപ്പെടാതെ നോക്കി, മറുവശത്ത് ശിവം ദുബെയ്ക്ക് അടിക്കാൻ അവസരമൊരുക്കുകയായിരുന്നു ടീം മാനേജ്മെന്റ് നൽകിയ ചുമതല.
എന്നാൽ 4 പന്ത് നേരിട്ട ഹൂഡ, സ്കോറർമാരെ ‘പ്രയാസപ്പെടുത്താതെ’ സംപൂജ്യനായി മടങ്ങി. മതീഷ പതിരാന, ഷെയ്ഖ് റഷീദ്, കമലേഷ് നാഗർകോട്ടി, ജാമി ഓവർട്ടൻ എന്നിവരാണ് ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് ലിസ്റ്റിൽ ഹൂഡയ്ക്കു പുറമെയുള്ളത്. ദുർബലമായ ഈ ബെഞ്ച് സ്ട്രെങ്ത്തും ചെന്നൈയ്ക്ക് തിരിച്ചടിയായി.
സീസണിൽ ആദ്യമായി എം.എസ്.ധോണിയുടെ കീഴിലിറങ്ങിയ ചെന്നൈ ടീം സ്വന്തം മണ്ണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 8 വിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി. ചെന്നൈ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 10.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ചെന്നൈ 20 ഓവറിൽ 9ന് 103. കൊൽക്കത്ത 10.1 ഓവറിൽ 2ന് 107. മൂന്ന് വിക്കറ്റും 44 റൺസുമായി തിളങ്ങിയ കൊൽക്കത്ത ഓൾറൗണ്ടർ സുനിൽ നരെയ്നാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഐപിഎലിൽ ചെന്നൈ തുടർച്ചയായി 5 തോൽവി വഴങ്ങുന്നത് ഇതാദ്യമാണ്.
കിടിലൻ കൊൽക്കത്ത
104 റൺസ് പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഒന്നാം വിക്കറ്റിൽ 26 പന്തിൽ 46 റൺസ് കൂട്ടിച്ചേർത്ത ക്വിന്റൻ ഡികോക്ക് (16 പന്തിൽ 23)– സുനിൽ നരെയ്ൻ (18 പന്തിൽ 44) സഖ്യം മിന്നും തുടക്കം നൽകി. ഡികോക്കിനെ അൻഷുൽ കാംബോജ് വീഴ്ത്തിയെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റൻ അജിൻക്യ രഹാനെ (17 പന്തിൽ 20 നോട്ടൗട്ട്) താളം കണ്ടെത്തിയതോടെ പവർപ്ലേയിൽ കൊൽക്കത്ത സ്കോർ 71ൽ എത്തി. നരെയ്നെ നൂർ അഹമ്മദ് പുറത്താക്കിയെങ്കിലും മൂന്നാം വിക്കറ്റിൽ റിങ്കു സിങ്ങിനെ (12 പന്തിൽ 15 നോട്ടൗട്ട്) കൂട്ടുപിടിച്ച രഹാനെ 11–ാം ഓവറിൽ കൊൽക്കത്തയെ വിജയത്തിൽ എത്തിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഡെവൻ കോൺവേയെ (11 പന്തിൽ 12) നഷ്ടമായി. തൊട്ടടുത്ത ഓവറിൽ രചിൻ രവീന്ദ്രയെ (9 പന്തിൽ 4) ഹർഷിത് റാണ വീഴ്ത്തിയതോടെ ചെന്നൈ സ്കോർ 2ന് 16 എന്ന നിലയിലായി. ആറാം ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ 2 ബൗണ്ടറി നേടിയ വിജയ് ശങ്കർ (21 പന്തിൽ 29), പവർപ്ലേ അവസാനിക്കുമ്പോൾ ടീം സ്കോർ 31ൽ എത്തിച്ചു.
മൂന്നാം വിക്കറ്റിൽ 33 പന്തിൽ 43 റൺസ് കൂട്ടിച്ചേർത്ത രാഹുൽ ത്രിപാഠിയും (22 പന്തിൽ 16) വിജയ് ശങ്കറും ചേർന്ന് തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്ന് ചെന്നൈയെ കരകയറ്റി. എന്നാൽ തന്റെ രണ്ടാം ഓവർ എറിയാനെത്തിയ വരുൺ ചക്രവർത്തിക്കു മുന്നിൽ വിജയ് വീണതോടെ ചെന്നൈ വീണ്ടും പ്രതിരോധത്തിലായി. തൊട്ടടുത്ത ഓവറിൽ ത്രിപാഠി നരെയ്ന്റെ പന്തിൽ ക്ലീൻ ബോൾഡ്. പിന്നാലെ ആർ.അശ്വിൻ (7 പന്തിൽ 1), രവീന്ദ്ര ജഡേജ (0) , ദീപക് ഹൂഡ (0) എന്നിവരും പുറത്ത്. ഒൻപതാമനായി വന്ന എം.എസ്.ധോണി (4 പന്തിൽ 1) നരെയ്ന്റെ പന്തിൽ എൽബിഡബ്ല്യു ആയതോടെ ചെന്നൈയുടെ പ്രതീക്ഷ പൂർണമായി അസ്തമിച്ചു. അവസാന വിക്കറ്റ് വരെ പൊരുതിയ ശിവം ദുബെയാണ് (29 പന്തിൽ 31 നോട്ടൗട്ട്) ചെന്നൈ ടോട്ടൽ 100 കടത്തിയത്.