ടി-കോശം
T cell | |
---|---|
Details | |
System | Immune system |
Identifiers | |
Latin | lymphocytus T |
MeSH | D013601 |
TH | H2.00.04.1.02007 |
FMA | 62870 |
Anatomical terminology |
ലസികാണു എന്ന ഉപവിഭാഗത്തിൽ പെടുന്ന ശ്വേതരക്താണു ആണ് ടി-ലസികാണുക്കൾ അഥവാ ടി-കോശങ്ങൾ. ജന്തുക്കളിലെ രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു മുഖ്യ വിഭാഗമായ അനുവർത്തന പ്രതിരോധത്തിന്റെ “സംഘാടകരായി” വർത്തിക്കുന്ന കോശമാണ് ടി-ലസികാണുക്കൾ. ഇതേ ധർമ്മം മൂലം, പ്രതിരോധ സങ്കേതത്തിന്റെ രണ്ട് കൈവഴികളായ കോശമാധ്യസ്ഥപ്രതിരോധത്തെയും ദ്രവീയപ്രതിരോധത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൂടിയാവുന്നുണ്ട് ഇവ.[1]
ടി-കോശസ്വീകരിണികൾ എന്നറിയപ്പെടുന്ന ഒരുകൂട്ടം മാംസ്യങ്ങൾ ഇവയുടെ കോശസ്തരത്തിന്റെ ഉപരിതലത്തിൽ കാണപ്പെടുന്നു; ഇവയിലൂടെയാണ് ബിലസികാണുക്കളിൽ നിന്നും പ്രാകൃതിക കൊലയാളികോശങ്ങളിൽ നിന്നും ടി-കോശങ്ങളെ വേർതിരിച്ചറിയാനാകുന്നത്. ജനിക്കുന്നത് ബി-ലസികാണുക്കളെപ്പോലെ മജ്ജയിലെ രക്തജനകകലയിലാണെങ്കിലും ടി-കോശങ്ങൾ പൂർണവികാസം പ്രാപിക്കുന്നതും രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജമാകുന്നതും തൈമസ് ഗ്രന്ഥിയിലാണ്. ടി-ലസികാണുക്കളിലെ “ടി” തൈമസ് ഗ്രന്ഥിയെ സൂചിപ്പിക്കുന്നു.[2]
വളർച്ചയുടെ പ്രാരംഭാവസ്ഥയിൽ തന്നെ തൈമസ് ഗ്രന്ഥിയിലേക്ക് കുടിയേറുന്ന ടി-കോശങ്ങൾ അവിടെ നിന്നും രോഗാണുക്കളെ നേരിടാനുള്ള ആവശ്യാനുസരണം പെരുകുകന്നു. കൈകാലുകളിലെ രക്തചംക്രമണ വ്യവസ്ഥയിൽ റോന്തുചുറ്റുന്ന ടി-കോശങ്ങളിൽ ചിലത് പ്രതിജനകങ്ങളുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ ഉത്തേജിതരാകുകയും പ്രതിരോധസ്മൃതികോശങ്ങളായി രൂപാന്തരപ്പെട്ട് ലസികാഗ്രന്ഥികളിലെ കോശശേഖരത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു. പിന്നീട് ഇതേ അണുബാധ വീണ്ടുമുണ്ടാകുമ്പോൾ ആ അണുവിന്റെ പ്രതിജനകത്തെ കൃത്യമായി തിരിച്ചറിയുന്ന ശരീരം ഈ പ്രതിരോധസ്മൃതികോശങ്ങളെ ഉണർത്തി തിരിച്ചടിക്കുകയും ചെയ്യുന്നു. കൈകാലുകളിലൂടെയൊഴുകുന്ന രക്തത്തിലെ ലസികാകോശങ്ങളിൽ ഏകദേശം 70-80% പൂർണവളർച്ചപ്രാപിച്ച ടി-കോശങ്ങളാണ്.[3]
ടി-കോശങ്ങൾ രൂപപരമായും ധർമ്മപരമായും അനവധി വകഭേദങ്ങളിൽ കാണാം. മുഖ്യമായും ഇവ നാലുവിധമുണ്ട്. ഇവ കൂടാതെ പ്രാകൃതികകൊലയാളി കോശങ്ങളെയും ടി-ലസികാണുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താറുണ്ട്. ടി-സഹായി കോശങ്ങൾ ടി-, ബി- ലസികാണുക്കളെ ഉത്തേജിപ്പിക്കുകയും പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യുന്നു. കോശവിഷകാരി ടി-ലസികാണു വൈറസ് ബാധിച്ച കോശങ്ങളെയും അർബുദ കോശങ്ങളെയും നേരിട്ടാക്രമിച്ച് നശിപ്പിക്കുന്നതിൽ മികവുള്ളവരാണ്. ദാമക ടി-ലസികാണു അണുബാധയ്ക്ക് എതിരെയുള്ള പ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനത്തിനു ശേഷം അതിനെ തിരിച്ച് സാധാരണ ആവസ്ഥയിലേക്ക് നിയന്ത്രിച്ചു കൊണ്ടുവരുകയും അമിത പ്രതിരോധ പ്രവർത്തനങ്ങളെ ദമനം (suppress) ചെയ്ത് സ്വയംപ്രതിരോധാവസ്ഥ ഉണ്ടാകാതെ നോക്കുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ Alberts B, Johnson A, Lewis J, Raff M, Roberts k, Walter P (2002) Molecular Biology of the Cell. Garland Science: New York, NY pg 1367. "T cells and B cells derive their names from the organs in which they develop. T cells develop in the thymus, and B cells, in mammals, develop in the bone marrow in adults or the liver in fetuses."
- ↑ McClory, Susan; Hughes, Tiffany; Freud, Aharon G.; Briercheck, Edward L.; Martin, Chelsea; Trimboli, Anthony J.; Yu, Jianhua; Zhang, Xiaoli; Leone, Gustavo (Apr 2012). "Evidence for a stepwise program of extrathymic T cell development within the human tonsil". The Journal of Clinical Investigation. 122 (4): 1403–1415. doi:10.1172/JCI46125. ISSN 1558-8238. PMC 3314444 Freely accessible. PMID 22378041
- ↑ Vantourout, Pierre; Hayday, Adrian (Feb 2013). "Six-of-the-best: unique contributions of
γ δ T cells to immunology". Nature Reviews. Immunology. 13 (2): 88–100. doi:10.1038/nri3384. ISSN 1474-1741. PMC 3951794 Freely accessible. PMID 23348415. - ↑ Holtmeier W, Kabelitz D, (2005). gammadelta T cells link innate and adaptive immune responses.Chem Immunol Allergy. 2005;86:151-83.doi:10.1159/000086659.PMID: 15976493